മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ പോക്ക് എങ്ങോട്ടാണെന്ന് ഇതുവരെ വ്യക്തയയില്ല. യുഡിഎഫില്‍ കണ്ണുവെച്ചാണ് നീക്കങ്ങള്‍ എങ്കിലും സര്‍വത്ര സ്വതന്ത്രനാണ് താനെന്ന വിധത്തിലാണ് അന്‍വര്‍ മുന്നോട്ടു പോകുന്നത്. ഇന്നലെ ചന്തമുക്കില്‍ നടത്തിയ പ്രസംഗത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ ഉന്നയിച്ചത്. എന്നാല്‍, ബിജെപിക്കാര്‍ക്ക് ആവേശം പകരുന്ന കാര്യങ്ങളും ഈ പ്രസംഗത്തില്‍ അവര്‍ക്ക് ലഭിച്ചു.

കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞതാണ് ബിജെപി പ്രൊഫൈലുകള്‍ ഏറ്റെടുത്ത് സൈബറിടത്തില്‍ ആഘോഷമാക്കുന്നത്. ബിജെപിക്ക് തിരക്കില്ല, സാവധാനമാണ് കേരളത്തില്‍ അവര്‍ വളരുന്നതെങ്കിലും ബിജെപിയുടേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. ബിജെപിയുടെ പദ്ധതി എന്താണെന്ന് അന്‍വര്‍ വ്യക്തമാക്കിയെങ്കിലും അതില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് സംഘപരിവാറുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

സംഘപരിവാര്‍ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ ഇവിടെ നടപ്പിലാകാന്‍ പോകുന്നേയുള്ളൂ എന്നാണ് അന്‍വര്‍ പറഞ്ഞത്. 2026-ലെ തെരഞ്ഞെടുപ്പില്‍ അവര്‍ ഉന്നമിടുന്നത് 25 സീറ്റാണ്. അത് അവര്‍ നേടുക തന്നെ ചെയ്യും. സംശയം കൂടാതെ അന്‍വര്‍ വ്യക്തമാക്കി. 2031ല്‍ അവര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരും. അവര്‍ക്ക് തിരക്കില്ല. സ്ലോ ആയും സ്റ്റഡി ആയും അവര്‍ പൊക്കോണ്ടിരിക്കുകയാണ്. ഇത് മനസിലാക്കേണ്ടതുണ്ട് എന്നും അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ പറഞ്ഞ കാര്യം തള്ളിപ്പറയേണ്ടതില്ലെന്ന് പറഞ്ഞാണ് സംഘപരിവാറുകള്‍ പ്രസംഗം ഷെയര്‍ചെയ്തിരിക്കുന്നത്. ബിജെപി കേന്ദ്രനേതൃത്വം വിശാലമായ പ്ലാനോടെയാണ് കേരളത്തില്‍ മുന്നോട്ടു പോകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതാണ് അന്‍വറിന്റെ പ്രസംഗം. എന്തായാലും സംഘപരിവാറുകാരെ എതിര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ പി വി അന്‍വറിന്റെ പ്രസംഗം സൈബറിടത്തില്‍ ബിജെപിക്കാര്‍ക്കും ആവേശം പകരുന്നതായി.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റത് കനത്ത തിരിച്ചടിയാണെന്നും പ്രസംഗത്തിനിടെ അന്‍വര്‍ സൂചിപ്പിച്ചു. എന്തുകൊണ്ട് വോട്ട് കുറഞ്ഞുവെന്ന കാര്യം പാര്‍ട്ടി പരിശോധിച്ചില്ല. ജനസമ്മതിയുണ്ടായിരുന്ന ശൈലജ ടീച്ചര്‍ക്ക് പോലും എന്തുകൊണ്ട് വോട്ട് കിട്ടിയില്ലെന്നും അന്‍വര്‍ ചോദിച്ചു. പിണറായിയെ പേടിച്ച് ആരും ഒന്നും മിണ്ടുന്നില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

താന്‍ പാര്‍ട്ടി ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളൊരു പാര്‍ട്ടിയായി മാറിയാല്‍ ഒപ്പമുണ്ടാകുമെന്നും അന്‍വര്‍ ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞു. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. നാളെ ഏതെങ്കിലുമൊരു തെരുവില്‍ താന്‍ മരിച്ചുവീണേക്കാം. ഒരു അന്‍വര്‍ പോയാല്‍ മറ്റൊരു അന്‍വര്‍ വരണം. യുവാക്കള്‍ പിന്മാറരുതെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ ഒരു പാര്‍ട്ടിയും ഉണ്ടാക്കുന്നില്ല. എന്നെ പല പാര്‍ട്ടികളിലേക്കും ക്ഷണിക്കുന്നുണ്ട്. കേരളത്തിലെ ജനം ഒരു പാര്‍ട്ടിയായി മാറിയാല്‍ അവരോടൊപ്പം ഞാനുണ്ടാകും. എന്തിനാണ് ഞാനിത്ര റിസ്‌ക് എടുക്കുന്നുത്. എനിക്ക് എന്താണ് ലാഭം. സകല നേതാക്കന്മാരെയും മന്ത്രിസഭയ്ക്കകത്തും പുറത്തും അരച്ചുകലക്കി. ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല. കള്ളക്കേസുകള്‍ കൊടുത്തു എന്റെ സ്വത്ത് ഇല്ലാതാക്കി.

കക്കാടംപൊയില്‍ പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശ്‌നമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി റിപ്പോര്‍ട്ട് കൊടുത്തതാണ്. ചില സ്ഥലങ്ങള്‍ സ്റ്റെബിലൈസ് ചെയ്യണം എന്ന് മാത്രമാണ് പറഞ്ഞത്. ഇത് സംബന്ധിച്ച പ്ലാന്‍ വരച്ച് മുഖ്യമന്ത്രിക്ക് കൈമാറിയിട്ട് ഒരാഴ്ചയായി. ഈ സമയത്താണ് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത്.


ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ കാലില്‍ കിടന്ന് ചുറ്റുകയാണ്. ഞാന്‍ നിങ്ങളുടെ കീഴില്‍ 25 കൊല്ലം സേവനം നിന്നോളാമെന്ന്. എല്ലാ കാര്യങ്ങളിലും എന്നോട് ചേദിക്കുന്നു. ഞാനാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നതെന്ന് നിങ്ങള്‍ക്കൊക്കെ തോന്നില്ലേ. ജനങ്ങള്‍ക്ക് കുറച്ചുകൂടി വില ഉണ്ടാവില്ലേ. ഇതിന് തെളിവുണ്ടാക്കാന്‍ നടന്നതിന് ഇനി ഞാന്‍ ജയിലിലേക്കാണ് പോവുന്നത്. നാളെ ഈ നാട്ടിലെ ഏതെങ്കിലുമൊരു തെരുവില്‍ ഞാന്‍ വെടികൊണ്ട് വീണേക്കാം. ഒരു അന്‍വര്‍ പോയാല്‍ മറ്റൊരു അന്‍വര്‍ വരണം. ചെറുപ്പക്കാര്‍ ദയവായി പിന്തിരിയരുത്. ഈ പോരാട്ടം നമുക്ക് വേണ്ടിയല്ലെന്നും അന്‍വര്‍ പറഞ്ഞു.