- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവനുള്ള കാലത്തോളം ബഫർസോൺ അനുവദിക്കില്ലെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ; ചോര ഒഴുക്കിയും ബഫർസോൺ തടയും; മറ്റ് സംസ്ഥാനങ്ങൾ സ്റ്റേ വാങ്ങിയിട്ടും, കേരളം എന്തുകൊണ്ട് സ്റ്റേ വാങ്ങിയില്ല; ഉപഗ്രഹ സർവ്വേക്ക് പിന്നിൽ നിഗൂഢതയുണ്ടെന്നും ബിഷപ്പ്; സമരം വീണ്ടും തുടങ്ങിയതോടെ ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ വീണ്ടും സമരം തുടങ്ങിയതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വനം, റവന്യൂ, തദ്ദേശവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചൊവ്വാഴ്ച നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കും. നിലവിലുള്ള ഉപഗ്രഹ സർവേ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി കർഷകരടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ബഫർ സോണിനെതിരായി പ്രതിപക്ഷപാർട്ടികളും മറ്റു സംഘടനകളും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.
യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ചചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. ഉപഗ്രഹ സർവെ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതിയിൽ സാവകാശം തേടും. സർക്കാരിനെതിരായ സമരങ്ങൾ കർഷകരെ സഹായിക്കാൻ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വയനാട് കൽപ്പറ്റയിൽ മന്ത്രി എ.കെ ശശീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം, ജീവനുള്ള കാലത്തോളം ബഫർസോൺ അനുവദിക്കില്ലെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പ്രഖ്യാപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി പരിഹാരം കാണണം. മറ്റ് സംസ്ഥാനങ്ങൾ സ്റ്റേ വാങ്ങി. കേരളം എന്തുകൊണ്ട് സ്റ്റേ വാങ്ങിയില്ല. ഉപഗ്രഹ സർവ്വേക്ക് പിന്നിൽ നിഗൂഢതയുണ്ടെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. സർക്കാർ നടപടിയിൽ അടിമുടി സംശയമുണ്ട്. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല. ഈ സർക്കാരിന് മുന്നിലും തോൽക്കില്ല. ചോര ഒഴുക്കിയും ബഫർസോൺ തടയുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
അതിനിടെ, ഇടുക്കിയിൽ കരുതൽമേഖല ഉപഗ്രഹസർവേയിലെ അപാകതകൾ പരിശോധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടർ, വില്ലേജ് ഓഫീസർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സംഘത്തോടാണ് അപാകതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്. കരുതൽമേഖലയുൾപ്പെടുന്ന നാല് പ്രദേശങ്ങളിലെ വൈൽഡ് ലൈഫ് വാർഡന്മാരും സമിതിയിൽ ഉണ്ടാവും.
സമിതി എത്രയും പെട്ടെന്ന് നേരിട്ട് സ്ഥലപരിശോധന നടത്തണമെന്നാണ് നിർദ്ദേശം. ഉപഗ്രഹസർവേയിൽ അധികമായി ഉൾപ്പെട്ടിരിക്കുന്ന ജനവാസമേഖലകൾ ഏതെന്നും വിട്ടുപോയ പ്രദേശങ്ങൾ ഏതെന്നും അടക്കം സമഗ്രമായ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ജനപ്രതിനിധികളും കർഷകരും ഉപഗ്രഹസർവേയിൽ വ്യാപകപരാതികളാണ് യോഗത്തിൽ ഉന്നയിച്ചത്. വനമേഖലയല്ലാത്ത സ്ഥലങ്ങൾ പോലും കരുതൽമേഖലയിൽ ഉൾപ്പെടുത്തിയെന്ന് യോഗത്തിൽ ജനപ്രതിനിധികൾ പരാതി ഉന്നയിച്ചു.
ജനങ്ങൾ ഭയക്കുന്നത് കർശന നിയന്ത്രണങ്ങൾ
സുപ്രീം കോടതി നിർദ്ദേശപ്രകാരം എല്ലാ വാണിജ്യ ഖനനങ്ങൾക്കും പുതിയതും പഴയതുമായ എല്ലാ ക്വാറികൾക്കും നിരോധനം വരും. പുതിയ വ്യവസായ സ്ഥാപനങ്ങൾക്കോ മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ വ്യാപിപ്പിക്കലിനോ അനുമതി കിട്ടില്ല. ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണത്തിനും ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനും അനുമതിയില്ല. വാണിജ്യ അടിസ്ഥാനത്തിലുള്ള കോഴിഫാം, മരമില്ലുകൾ, മര-വ്യവസായ ശാലകൾ എന്നിവ പ്രവർത്തിപ്പിക്കാനും അനുമതിയില്ല. ഇതിന് പുറമെ വെടിമരുന്നുകളുടെ ഉപയോഗവും അവ സൂക്ഷിക്കുന്നതിനും സമ്പൂർണ വിലക്കുണ്ട്. പുഴയോരങ്ങൾ കൈയേറ്റം ചെയ്യുന്നതും പ്ലാസ്റ്റിക് വസ്തുക്കൾ പുഴയിലേക്ക് ഒഴുക്കുന്നതും മണൽ വാരുന്നതിനും നിരോധനമാണ്.
ഒരു കിലോമീറ്റർ ചുറ്റളവിൽ ഹോട്ടൽ, റിസോർട്ട് എന്നിവയുടെ നിർമ്മാണവും പ്രവർത്തനവും പാടില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മലിനീകരണം ഇല്ലാത്തവ എന്ന് സാക്ഷ്യപ്പെടുത്തിയ ചെറുകിട വ്യവസായങ്ങൾക്ക് പ്രവർത്തിക്കാം. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദപ്പെട്ടവരുടെ അനുവാദമില്ലാതെ സ്വകാര്യ, സർക്കാർ, റവന്യൂ ഭൂമിയിൽ നിന്ന് മരം വെട്ടാൻ പാടില്ല. വൈദ്യുതി, വാർത്താ വിനിമയ ടവറുകൾ സ്ഥാപിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട കേബിളുകളും വയറുകളും വലിക്കുന്നതിനും നിയന്ത്രണമുണ്ട്. ഇതിന് പുറമെ നിയന്ത്രിത മേഖലകളിൽ കൂടെയുള്ള റോഡ് വികസനം, പുതിയ റോഡുകൾ ഉണ്ടാക്കുക, വാഹനങ്ങളുടെ രാത്രിയാത്ര എന്നിവയ്ക്കും കർശന നിയന്ത്രണമുണ്ടാവും. നിയമാനുസൃതമായി ഇവിടേയുള്ള പ്രാദേശവാസികൾക്ക് കൃഷി, പശു വളർത്തൽ, മത്സ്യകൃഷി എന്നിവയ്ക്കെല്ലാം അനുവാദമുണ്ടാകും. മഴക്കാല വിളവെടുപ്പ്, ജൈവകൃഷി, പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗം, പരിസ്ഥിതി സൗഹാർദയാത്ര, നഷ്ടപ്പെട്ടുപോയ വനത്തിന്റെ വീണ്ടെടുക്കൽ, പൂന്തോട്ട കൃഷി, ഔഷധ സസ്യ പരിപാലനം. പരിസ്ഥിതി ബോധവൽക്കരണം എന്നിവയെ മാത്രമാണ് ഇവിടങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നത്.
തങ്ങൾ തലമുറകളായി കൈവശം വച്ചുവരുന്ന സ്ഥലവും കൃഷിയിടവും, പൊടുന്നനെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുമ്പോൾ ജീവിതം തന്നെ ഇല്ലാതാവുമെന്നാണ് കർഷകരുടെയും താമസക്കാരുടെയും ഭയം. കൃഷി ഒന്നും ചെയ്യാനാവാതെ ഇവർക്ക് ഇവിടം വിടേണ്ടി വരുമോ എന്നോർക്കുമ്പോൾ പലർക്കും ഉറക്കം തന്നെ നഷ്ടപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ