കോട്ടയം: സര്‍ക്കാര്‍ പരിപാടികളിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ചടങ്ങിലേക്ക് വിളിക്കാതെ എത്തി സദസ്സിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. കഴിഞ്ഞദിവസം മണര്‍കാട് ഉപജില്ല കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിലുള്ള പ്രതിഷേധമാണ് സ്ഥലത്തെത്തി സദസ്സിലിരുന്ന് ചാണ്ടി ഉമ്മന്‍ പ്രകടിപ്പിച്ചത്. മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ എത്തിയ ചാണ്ടി ഉമ്മന്‍ ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്.

പ്രോട്ടോകോള്‍ പ്രകാരം അധ്യക്ഷനാക്കേണ്ട പരിപാടികളില്‍ പോലും മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളത്. ഇത് അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുമ്പ് ചാണ്ടി ഉമ്മന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് കലോത്സവത്തില്‍ ക്ഷണിച്ചില്ലെങ്കിലും അദ്ദേഹം എത്തിയത്.

വേദിയിലെത്താന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചെങ്കിലും കൂട്ടാക്കിയില്ല. തന്നെ ക്ഷണിക്കാത്തത് മനഃപൂര്‍വമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എം.എല്‍.എ സ്ഥലത്തില്ലെന്ന് അറിഞ്ഞതിനാലാണ് ക്ഷണിക്കാത്തതെന്ന് സംഘാടകര്‍ അറിയിച്ചു. അത് ശരിയല്ലെന്നും തന്നെ ഫോണില്‍പോലും ആരും വിളിച്ചില്ലെന്നും എം.എല്‍.എ പറഞ്ഞു.

താന്‍ എം.എല്‍.എ ആയതുമുതല്‍ സര്‍ക്കാര്‍ പരിപാടികളില്‍ അവഗണന തുടരുകയാണെന്നാണ് ചാണ്ടി ഉമ്മന്റെ വാദം. താന്‍ അധ്യക്ഷനാകേണ്ട പരിപാടികളില്‍ രണ്ട് മന്ത്രിമാരെ വിളിച്ച് ആ അവസരം ഒഴിവാക്കുകയാണ്. ഇനിയും അവഗണന തുടരുകയാണെങ്കില്‍ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.