തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ രംഗത്ത്. ഉപതിരഞ്ഞെടുപ്പു വേളയില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍ തനിക്ക് മാത്രം ചുമതല തന്നില്ലെന്നാണ് ചാണ്ടി പരാതിപ്പെട്ടത്. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പലാക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി നേതൃത്വം മുന്നോട്ടുപോണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. കെ സുധാകരനെ മാറ്റേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. പുനഃസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും ചില ആളുകളെ മാറ്റിനിര്‍ത്തുന്ന രീതി പാര്‍ട്ടിയില്‍ ഉണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തെ ചാണ്ടി ഉമ്മന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ചാണ്ടി ഉമ്മന്‍ സജീവമാകാത്തത് ചര്‍ച്ചയായതോടെ കെ സി വേണുഗോപാല്‍ ഇടപെട്ടാണ് ചാണ്ടി ഉമ്മനെ പാലക്കാട് എത്തിച്ചത്. ഒരു ദിവസം പ്രചരണം നടത്തി ചാണ്ടി മടങ്ങുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തിയപ്പോള്‍ ചാണ്ടി ഉമ്മന്‍െ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം എ ഗ്രൂപ്പിനുള്ളിലെ തര്‍ക്കങ്ങളാണ് ചാണ്ടി ഉമ്മന്റെ അതൃപ്തിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഷാഫി പറമ്പിലാണ് ഗ്രൂപ്പിന്റെ ലീഡറായി ഇപ്പോള്‍ മാറുന്നത്. ഇതില്‍ ചാണ്ടിക്ക് അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് ചാണ്ടി ഉമ്മന്‍ പരസ്യമാക്കുന്നത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് ചാണ്ടി ഉമ്മനെ ഒഴിവാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ചാണ്ടി ഉമ്മനെ ഒതുക്കിയത്.

ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം അനുസ്മരണദിനത്തിലാണ് ചാണ്ടി ഉമ്മനെ ഔട്ട്റീച്ച് സെല്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ് ഇതിന് ഇടയാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരാനുള്ള ശ്രമമാണ് ചാണ്ടി ഉമ്മന്‍ നടത്തയത്. എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളെപ്പോലും അംഗീകരിക്കാതെയാണ് ചാണ്ടി ഉമ്മന്‍ മുന്നോട്ട് പോകുന്നതെന്ന അഭിപ്രായവും നേരത്തെ ഉയര്‌ന്്‌നിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കാനും ചാണ്ടി തയ്യാറായിരുന്നില്ല.

അതേസമയം കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരനും നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിലേക്ക് യുവാക്കള്‍ വരട്ടെയെന്നും പക്ഷെ അതിന് പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമില്ലെന്നുമായിരുന്നു കെ മുരളീധരന്‍ അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചിരുന്നു. പാര്‍ട്ടിയെ നയിക്കാനുള്ള ആരോ?ഗ്യം കെ സുധാകരനുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ശശി തരൂര്‍ എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കെപിസിസി അധ്യക്ഷനെ മാത്രം മാറ്റേണ്ട സാഹചര്യമില്ല. കെ സുധാകരന്‍ മോശം നേതാവാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നുമാണ് തരൂരിന്റെ പ്രതികരണം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്ന് നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതികരിച്ചിരുന്നു. അക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രത്യേകം ബോഡിയുണ്ട്. എന്നിട്ടേ തീരുമാനിക്കൂ. അത് നിങ്ങള്‍ അറിയും എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടെന്ന വിവരം നേരത്തെ റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരുന്നു. കെ സുധാകരനെ അധ്യക്ഷ പദവിയില്‍ നിലനിര്‍ത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂര്‍ണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. തര്‍ക്കങ്ങളില്ലാത്ത പുനഃസംഘടനയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.