- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായെന്ന കാര്‍ബോറണ്ടം കമ്പനിയുടെ വാദം കള്ളക്കഥയോ? വ്യവസായം കൊണ്ടുവരാനും നിലനിര്‍ത്താനും കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടി നല്‍കണോ? മണിയാര്‍ പദ്ധതി കരാര്‍ 25 വര്‍ഷം കൂടി നീട്ടി നല്‍കുന്നത് മന്ത്രിസഭ പോലും അറിയാതെ; ചെന്നിത്തല ആരോപണം കടുപ്പിക്കുമ്പോള്‍
മണിയാര്‍ കരാര്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന് നീട്ടി നല്‍കുന്നത് മന്ത്രിസഭ പോലും അറിയാതെ
കോഴിക്കോട്: വൈദ്യുതിബോര്‍ഡിന്റെയും ഊര്‍ജവകുപ്പിന്റെയും എതിര്‍പ്പുമറികടന്ന് പത്തനംതിട്ട ജില്ലയിലെ മണിയാര്‍ ചെറുകിട വൈദ്യുതിപദ്ധതി 25 വര്‍ഷത്തേക്കുകൂടി സ്വകാര്യകമ്പനിക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ച്ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും സമ്മര്‍ദത്തിനുവഴങ്ങിയാണ് തിരുമാനമെന്നാണ് സൂചന. തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും രംഗത്തെത്തി.
ഊര്‍ജവകുപ്പ് സെക്രട്ടറിയും വൈദ്യുതിബോര്‍ഡ് ചെയര്‍മാനും ബോര്‍ഡിന് ലാഭകരമായ പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. ബി.ഒ.ടി. (ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍) കരാര്‍പ്രകാരമുള്ള പദ്ധതിയുടെ കാലാവധി നീട്ടിനല്‍കുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന അഭിപ്രായവുമുയര്‍ന്നു. വ്യവസായം കൊണ്ടുവരാന്‍ ഇത്തരം വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
മുരുഗപ്പ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിനാണ് 12 കിലോവാട്ട് പദ്ധതിയുടെ നടത്തിപ്പുചുമതല സര്‍ക്കാര്‍ നീട്ടിനല്‍കിയത്. 1991-ല്‍ വൈദ്യുതിബോര്‍ഡും കമ്പനിയും തമ്മിലുള്ള കരാര്‍പ്രകാരം ഉത്പാദനമാരംഭിച്ച് 30 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പദ്ധതി പൂര്‍ണമായും വൈദ്യുതിബോര്‍ഡിന് കൈമാറണം. 1994 ഡിസംബര്‍ 29-നാണ് പൂര്‍ണശേഷിയില്‍ ഉത്പാദനം തുടങ്ങിയത്. ഇതനുസരിച്ച് 2024 ഡിസംബര്‍മുതല്‍ പദ്ധതി വൈദ്യുതിബോര്‍ഡിന് അവകാശപ്പെട്ടതാണ്.
അധികച്ചെലവില്ലാതെ വര്‍ഷം 25 കോടിരൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് ഇതിലൂടെ വൈദ്യുതിബോര്‍ഡിന് നഷ്ടമായത്. വര്‍ഷംമുഴുവന്‍ ജലലഭ്യതയുള്ള പദ്ധതിയില്‍നിന്ന് 3000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ആദ്യം 10 വര്‍ഷത്തേക്കും പിന്നീട് 15 വര്‍ഷത്തേക്കും കരാര്‍ നീട്ടിനല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. 2018-19 -ലെ പ്രളയസമയത്ത് കമ്പനി നടത്തിയതായിപ്പറയുന്ന അധികനിക്ഷേപം കണക്കിലെടുത്താണ് കരാര്‍ നീട്ടിനല്‍കാനാവശ്യപ്പെട്ടത്.
കരാറില്‍ ഇതിന് വ്യവസ്ഥയില്ലാത്തതിനാല്‍ ഇതംഗീകരിക്കേണ്ടെന്ന് വൈദ്യുതി ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. കരാര്‍ നീട്ടിനല്‍കാന്‍ നീക്കമാരംഭിച്ചപ്പോള്‍ത്തന്നെ വൈദ്യുതിബോര്‍ഡിലെ പെന്‍ഷനേഴ്സ് കൂട്ടായ്മ സമരപരിപാടികള്‍ ആരംഭിച്ചിരുന്നു.
ചെന്നിത്തല പറയുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാതെയെന്ന് മന്ത്രി
മണിയാര്‍ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മണിയാറിലുള്ളത് ക്യാപ്റ്റീവ് പവര്‍ പ്ലാന്റാണ്. വ്യവസായ സ്ഥാപനത്തിന് ആവശ്യമായ വൈദ്യുതി അവര്‍ക്കുതന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ഈ പ്ലാന്റ്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 50 ശതമാനം ഉപയോഗിച്ചശേഷം ബാക്കി വില്‍ക്കാം. കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡിന് 17 ശതമാനം വൈദ്യുതി മാത്രമാണ് മണിയാറില്‍ നിന്ന് ലഭിക്കുന്നത്. അത് പൂര്‍ണമായും അവരാണ് ഉപയോഗിക്കുന്നത്.
വെള്ളത്തിനുള്ള റോയല്‍റ്റിയായി കെഎസ്ഇബിക്ക് യൂണിറ്റിന് 62 പൈസ വീതം ലഭിക്കുന്നുണ്ട്. വൈദ്യുതിലൈന്‍ ഉപയോഗിക്കുന്നതിന് 74 പൈസവീതവും നികുതിയായി 15 പൈസയും നല്‍കുന്നുണ്ട്. വ്യവസായം നടത്തുന്നതിനുള്ള മുന്നുപാധിയായാണ് ക്യാപ്റ്റീവ് പവര്‍ പ്ലാന്റിനെ കാണുന്നത്. വ്യവസായം നിലനിര്‍ത്താന്‍ ഇത്തരം പദ്ധതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വൈദ്യുതി ഉപയോഗത്തിന്റെ 0.09 ശതമാനംമാത്രമാണ് കാര്‍ബോറാണ്ടം കമ്പനി ഉല്‍പ്പാദിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് 1991ല്‍ കാര്‍ബോറാണ്ടം കമ്പനിയുമായി കരാര്‍ ഒപ്പുവച്ച് 1994ല്‍ പ്ലാന്റില്‍ ഉല്‍പ്പാദനം തുടങ്ങി. 1994ല്‍ യുഡിഎഫ് സര്‍ക്കാര്‍ രാജാക്കാട് സ്വകാര്യ കമ്പനിക്ക് ക്യാപ്റ്റീവ് പവര്‍ പ്ലാന്റ് അനുവദിച്ചിട്ടുണ്ട്. അന്നത്തെ കരാറുകളില്‍നിന്ന് വ്യത്യസ്തമായി പ്ലാന്റിന്റെ കാര്യങ്ങളില്‍ ദേശീയതലത്തില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
കമ്പനിക്ക് കരാര്‍ നീട്ടുന്നത് മന്ത്രിസഭ പോലും അറിയാതെയെന്ന് ചെന്നിത്തല
മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് നീട്ടിനല്‍കിയത് മന്ത്രിസഭ പോലും അറിയാതെയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കരാര്‍ പുതുക്കണമെന്നത് ഒപ്പിടുന്ന സമയത്ത് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. മണിയാര്‍ പദ്ധതിയില്‍ ബിഒടി അടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. അത് നീട്ടിനല്‍കാനുള്ള തീരുമാനം അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
ധാരണാപത്രത്തിലുള്ള കാര്യങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. പദ്ധതി 30 വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറേണ്ടതാണ്. ആ കാലാവധി ഈ ഡിസംബര്‍ 30ന് പൂര്‍ത്തിയാവും. അങ്ങനെ പൂര്‍ത്തിയാവുമ്പോള്‍ ഈ പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡിന് കൈമാറണമെങ്കില്‍ 21 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ആ നോട്ടീസ് സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടില്ല. അത് കൊടുക്കാത്ത സന്ദര്‍ഭത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 30 വര്‍ഷം കഴിഞ്ഞിട്ടും ഈ കമ്പനിക്ക് 25 വര്‍ഷം കൂടി കൊടുക്കുന്നത് അഴിമതിയാണ്. ഈ കമ്പനിയെ വഴിവിട്ട് സഹായിക്കുകയാണ് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നത്- ചെന്നിത്തല വ്യക്തമാക്കി.
കെഎസ്ഇബി ചെയര്‍മാന്റെയും ചീഫ് എഞ്ചിനീയര്‍ അടക്കമുള്ളവരുടെയും മുന്‍ ചെയര്‍മാന്റേയും കത്തുകളിലൊക്കെ ആവശ്യപ്പെട്ടിരിക്കുന്നത് കാലാവധി കഴിഞ്ഞതുകൊണ്ട് ഡിസംബര്‍ 30 മുതല്‍ ഈ ജലവൈദ്യുതി പദ്ധതി തിരിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന് കൊടുക്കണം എന്നാണ്. കാരണം കേരളം ഇന്ന് കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. അതു മൂലം ജനങ്ങളുടെ മേല്‍ കൂടുതല്‍ ചാര്‍ജ് അടിച്ചേല്‍പ്പിക്കേണ്ടിവരുന്നു. അതിനാല്‍ പ്രതിമാസം 12 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഈ പദ്ധതി തിരികെ നല്‍കണമെന്ന് കെഎസ്ഇബിയും മന്ത്രിയുമൊക്കെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി 25 വര്‍ഷം കൂടി കരാര്‍ നീട്ടിനല്‍കാന്‍ തീരുമാനമെടുത്തു. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ട്. ഈ കമ്പനിക്ക് 30 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
'ഇന്ന് നിയമവും വ്യവസ്ഥകളും മാറിയെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. എന്ത് വ്യവസ്ഥയാണ് മാറിയത്? 1991ലെ കരാറില്‍ പുതുക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുടെ ലെറ്റര്‍ തന്റെ കൈയിലുണ്ട്. 2019ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായെന്നും അതിനാല്‍ കരാര്‍ നീട്ടിക്കൊടുക്കണം എന്നുമാണ് കമ്പനിയുടെ കത്തില്‍ പറയുന്നത്. അന്നത്തെ വെള്ളപ്പൊക്കത്തില്‍ ഈ കമ്പനിക്കൊരു നാശനഷ്ടവും ഉണ്ടായില്ല. ഇനി അങ്ങനെ ഉണ്ടായെങ്കില്‍ എന്തുകൊണ്ട് ബോര്‍ഡിനെയോ സര്‍ക്കാരിനെയോ അക്കാര്യം അറിയിച്ചില്ല. നാശനഷ്ടം തിട്ടപ്പെടുത്തിയില്ല. അപ്പോള്‍ നാശഷ്ടമുണ്ടായില്ലെന്നാണ് സത്യം. ഇനിയുണ്ടായെങ്കില്‍തന്നെ ഈ കമ്പനിക്ക് ഇന്‍ഷുറന്‍സ് ഉള്ളതല്ലേ. എന്നിട്ടുമെന്തുകൊണ്ട് അത് ഈടാക്കിയില്ല. അപ്പോള്‍ പ്രളയത്തെ മുന്‍നിര്‍ത്തി ഒരുകള്ളക്കഥ മെനയുകയാണ്. അങ്ങനെ കരാര്‍ 25 വര്‍ഷത്തേക്കു കൂടി നീട്ടണമെന്ന് പറയുന്നത് അഴിമതിയാണ്. മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ട് ഈ സ്വകാര്യ വ്യക്തിക്ക് പ്രതിമാസം കേരളത്തിന് കിട്ടേണ്ട 12 മെഗാവാട്ട് കൊടുക്കുകയാണ്. ഇതൊരിക്കലും ന്യായമല്ല'- ചെന്നിത്തല വിശദമാക്കി.
വ്യവസായങ്ങള്‍ വരട്ടെയെന്നാണ് മന്ത്രി പറയുന്നത്. വരണം. വ്യവസായങ്ങള്‍ വരാത്തത് പി. രാജീവിന്റെ പാര്‍ട്ടി ഇക്കാലമത്രയും സ്വീകരിച്ചത് തെറ്റായ നയങ്ങള്‍ മൂലമായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ മാത്രമാണ് വ്യവസായത്തെ കുറിച്ച് പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരെങ്കിലും നിക്ഷേപം നടത്താന്‍ വന്നാല്‍ അവരെ ഓടിച്ചുവിടുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് വ്യവസായങ്ങള്‍ക്ക് എതിരല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.