പത്തനംതിട്ട: സംസ്ഥാനത്ത് സിപിഐയുടെ ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഏറ്റവും ഒടുവില്‍ നടന്ന ജില്ലാ സമ്മേളനമായിരുന്നു പത്തനംതിട്ടയിലേത്. പ്രതീക്ഷിച്ചതു പോലെ സമ്മേളനം വിഭാഗീയതയുടെ വേദിയായി. മുന്‍ ജില്ലാ സെക്രട്ടറി എ.പി. ജയനെ അനധികൃത സ്വത്തു സമ്പാദനമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തരംതാഴ്ത്തിയ നടപടിയിലാണ് വിവാദം അലയടിച്ചുയര്‍ന്നത്. ഭൂരിഭാഗം സമ്മേളന പ്രതിനിധികളും ജയന് വേണ്ടി നില കൊണ്ടപ്പോള്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായിട്ടാണ് ജില്ലാ സെക്രട്ടറിയായി ഡെപ്യൂട്ടി ചിറ്റയം ഗോപകുമാറിനെ തീരുമാനിക്കേണ്ടി വന്നത്. സെക്രട്ടറിയാകുന്ന ചിറ്റയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജി വയ്ക്കേണ്ടി വരുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഡെപ്യൂട്ടി സ്പീക്കര്‍ പദവി വഹിക്കുന്നതിന് തനിക്ക് ജില്ലാ സെക്രട്ടറി സ്ഥാനം തടസമല്ലെന്നാണ് ചിറ്റയം പറയുന്നത്. സ്പീക്കര്‍ പദവി വഹിക്കുന്നവര്‍ക്ക് മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയന്ത്രണമുള്ളത് എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അങ്ങനെ അല്ലെന്ന വാദവും സജീവമാണ്. സാധാരണ നിലയില്‍ കേരളത്തില്‍ ഒരു ഡെപ്യൂട്ടി സ്പീക്കറു രാഷ്ട്രീയ പദവി വഹിച്ചിട്ടില്ല. ഒരാള്‍ക്ക് ഒരു പദവി നയം പിന്തുടരുന്ന പാര്‍്ട്ടിയാണ് സിപിഐ. ഈ സാഹചര്യത്തില്‍ ചിറ്റയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നഷ്ടമാകുമെന്ന് കരുതുന്നവരുമുണ്ട്.

ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. നിലവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതിന് ചിറ്റയത്തിന് നിയമതടസമൊന്നുമില്ല. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യഉത്തരവാദിത്തം വഹിച്ചു കൊണ്ട് സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ ആയി കൂടി പ്രവര്‍ത്തിക്കുന്ന കീഴ്വഴക്കം കേരളത്തിലുണ്ടായിട്ടില്ല. സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്നിവ ഭരണഘടനാ പരമായ പദവികളാണ്. മുന്‍പ് സ്പീക്കര്‍ പദവിയില്‍ ഇരിക്കുന്നവര്‍ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് പോലും വിട്ടു നിന്നിരുന്നു. ഇവര്‍ക്ക് രാഷ്ട്രീയ പക്ഷപാതിത്വം പാടില്ല എന്നുള്ളതാണ്.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചിറ്റയം ഗോപകുമാറിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കോന്നി വകയാറിലാണ് ജില്ലാ സമ്മേളനം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും സംഘവും കോന്നിയിലെ സിപിഐ മണ്ഡലം ഓഫീസില്‍ ചര്‍ച്ചയിലായിരുന്നു. സമ്മേളന പ്രതിനിധികള്‍ ഈ സമയം വകയാറിലെ സമ്മേളന ഹാളില്‍ കാത്തിരിക്കുകയായിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് വൈകിട്ട് ആറരയോടെ ചിറ്റയം ഗോപകുമാറിനെ സെക്രട്ടറിയാക്കാന്‍ ധാരണയായത്.

എ.പി ജയനെ തരംതാഴ്ത്തിയതിന് പിന്നാലെ കോട്ടയത്ത് നിന്നുള്ള സി.കെ. ശശിധരനാണ് ഒന്നര വര്‍ഷമായി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. ഇക്കുറി ജില്ലയില്‍ നിന്നൊരാള്‍ ജില്ലാ സെക്രട്ടറിയാകുമെന്നായിരുന്നു കരുതിയിരുന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.ആര്‍. ഗോപിനാഥന്‍, ഡി. സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ജി. രതീഷ്‌കുമാര്‍ എന്നിവരുടെ പേരുകളും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നു. എ.പി. ജയനെ വീണ്ടും സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. കൃഷി മന്ത്രി പി. പ്രസാദും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.