തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയിലും പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായ അക്രമത്തിനെതിരെയായാണ് കടുത്ത പ്രതിഷേധമുയരുന്നത്. മത പരിവര്‍ത്തനം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും മധ്യപ്രദേശിലെ ജബല്‍പൂരില്‍ സംഘര്‍ഷമുണ്ടാക്കിയത്.

ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. ഒഡിഷയില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ വില്‍ക്കാനെത്തിയവര്‍ക്ക് നേരെയും ഭീഷണിയുണ്ടായി. മധ്യപ്രദേശില്‍ പ്രാര്‍ഥനാ സംഘത്തെ അക്രമിച്ചെന്നും പരാതി. പാലക്കാട്ട് കരോള്‍ സംഘത്തെ അക്രമിക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ ഇത്തരം ശക്തികള്‍ തല പൊക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് വാളയാറില്‍ നടന്ന ആള്‍ക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ട് വന്നെന്നും പിണറായി വിജയന്‍ പറഞ്ഞു. അപര വിദ്വേഷത്തിന്റെ ആശയത്തില്‍ ആകൃഷ്ടരായവര്‍ ആണ് പിന്നില്‍. യുപി മോഡല്‍ അക്രമം പറിച്ചു നടാന്‍ ആണ് ശ്രമം നടന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ എന്ന് ചാപ്പ കുത്തി. ഇത്തരം ചാപ്പ കുത്തല്‍ കേരളം അനുവദിക്കില്ല. കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വാര്‍ത്താസമ്മേളനത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കിഫ്ബിയുടെ ഗ്യാരണ്ടിയേ കേരളത്തിന്റെ വായ്പയായി കാണുന്നു. ഒരു വശത്ത് വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം തകര്‍ക്കുന്നു. അര്‍ഹമായ വിഹിതം നിഷേധിക്കുകയാണ് കേന്ദ്രം. കേരളത്തെ കേന്ദ്രം വരിഞ്ഞു മുറുക്കുന്നു. കേരളം കൈവരിച്ച നേട്ടങ്ങളെ ലഭിക്കേണ്ട സഹായം നിഷേധിക്കാന്‍ കേന്ദ്രം ഉപയോഗിക്കുകയാണ്. കേന്ദ്ര നയം മൂലം കേരളം നേരിടുന്നത് വലിയ സാമ്പത്തിക ഉപരോധമാണ്. കേരള ലോട്ടറിയ്ക്ക് വരെ അധികം നികുതി ചുമത്തി. കേന്ദ്രത്തിനെതിരെ ഒരുമിച്ച് ശബ്ദം ഉയരേണ്ടതുണ്ട്. എന്നാല്‍, പ്രതിപക്ഷം സഹകരിക്കുന്നില്ല. കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ പോലും തയാര്‍ ആകുന്നില്ല. പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ പ്രശ്‌നം ഉന്നയിക്കുന്നില്ല. കേന്ദ്രത്തെ സഹായിക്കുന്ന രീതിയിലാണ് യുഡിഎഫ് എംപിമാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.