കൊച്ചി: മുനമ്പം ഭൂമി പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍, സമരസമിതി അസന്തുഷ്ടരാണ്. പ്രതിഷേധം ശക്തമാക്കുമെന്നാണ് സമിതിയുടെ നിലപാട്. അതിനിടെ, സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും. നാളെ വൈകിട്ട് 4 മണിക്ക് ഓണ്‍ലൈനായിട്ടാണ് ചര്‍ച്ച.

സമരം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ആരെയും ഇറക്കി വിടില്ലെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമപരിരക്ഷയ്ക്ക് എന്ന് സമരക്കാരെ അറിയിക്കുമെന്നാണ് വിവരം. എറണാകുളം കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം.



അതേസമയം, പരിശോധന പരമാവധി വേഗത്തിലാക്കുമെന്ന് മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. സകല നിയമവശങ്ങളും പരിശോധിച്ച് വിശദമായ ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നുമാസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നത് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും എല്ലാ വശങ്ങളും വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ സര്‍ക്കാരിനോട് സമയം നീട്ടി ചോദിക്കും. നിയമവശങ്ങള്‍ പഠിച്ച് മുനമ്പത്തുകാരുടെ ആശങ്കകള്‍ കൂടി പരിഹരിക്കുന്ന റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമം. ഇക്കാര്യത്തില്‍ വിദഗ്ധമായ നിയമപദേശം ആവും സര്‍ക്കാരിന് കമ്മീഷന്‍ നല്‍കുക. മുനമ്പം നിവാസികളുടെ ആശങ്കകള്‍ക്ക് കൂടി കൃത്യമായ പരിഗണന നല്‍കുമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

കമ്മീഷന്റെ അന്വേഷണ മേഖല എന്താണെന്നത് മനസ്സിലാക്കി വരുന്നതേയുള്ളു. ഇത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. റിപ്പോര്‍ട്ട് പെട്ടെന്ന് കൊടുക്കണമെന്നാണ് ലക്ഷ്യമിടുന്നത്. അതിന് തല്‍പര കക്ഷികളുടെ പൂര്‍ണമായ സഹകരണം വേണം. പ്രശ്നബാധിതര്‍ അവരുടെ പ്രശ്നങ്ങള്‍ കൃത്യമായി കമ്മീഷനെ അറിയിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുകയും വേണം. കമ്മീഷനോട് സഹകരിച്ചാല്‍ മാത്രമേ കമ്മീഷന് സമയത്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. സര്‍ക്കാര്‍ ഈ വിഷയത്തിന് വലിയ പ്രാധാന്യമാണ് കൊടുക്കുന്നതെന്നാണ് മനസ്സിലാകുന്നത്. ജനങ്ങളുടെ അവകാശം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെയും കമ്മീഷന്റെയും ഉത്തരവാദിത്വമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജസ്റ്റിസ് സി. എന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായിട്ടുള്ള ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തിരുന്നു. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും മന്ത്രിമാരായ കെ .രാജന്‍, പി .രാജീവ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുനമ്പം വിഷയത്തിലെ ഉന്നതതല യോഗത്തിനുശേഷമാണ് നിര്‍ണായക തീരുമാനം മന്ത്രിമാര്‍ അറിയിച്ചത്. പെട്ടെന്ന് ഒരു തീരുമാനം എടുത്താല്‍ താമസക്കാര്‍ക്ക് തിരിച്ചടി ഉണ്ടാകും.അതുകൊണ്ട് ആണ് ജുഡീഷ്യല്‍ കമ്മീഷനെ വെച്ചത്. മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കും.ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.