- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂര്‍ പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എഡിജിപി എം ആര്‍ അജിത് കുമാര്‍ തുടരും; പൂരം കലക്കല്‍ പ്രശ്നം ഉണ്ടായത് അവസാനഘട്ടത്തില്‍; സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി
തൃശൂര്‍ പൂരം കലക്കലില്‍ ത്രിതല അന്വേഷണം
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ അടക്കം വിവിധ വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും എ ഡി ജി പി എം.ആര്‍. അജിത് കുമാര്‍ ക്രമസമാധാന ചുമതലയില്‍ തുടരും. അതേസമയം, തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമം, അതുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റങ്ങള്‍ എന്നിവയില്‍ വിശദ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയും, പൂരവുമായി ബന്ധപ്പെട്ട ചുമതലകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴവു സംഭവിച്ചോ എന്ന് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാമിനെ ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാറിനു പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായോ എന്നതിനെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ ഡിജിപിയെയും ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. റിപ്പോര്‍ട്ടില്‍ സി.പി.ഐയും സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. വലിയ വിവാദങ്ങളുയര്‍ന്നിട്ടും അജിത് കുമാറിനെ മാറ്റാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ത്രിതല അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നത് വരെ അജിത് കുമാറിനെ മാറ്റേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോഴും മുഖ്യമന്ത്രി സ്വീകരിച്ചത്.
തൃശൂര്‍ പൂരത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇത്തവണ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റമറ്റ രീതിയില്‍ പൂരം നടത്താനാണ് ശ്രമിച്ചത്. ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു പൂരം. പൂരത്തിന്റ അവസാന ഘട്ടത്തില്‍ ചില വിഷയങ്ങള്‍ ഉണ്ടായി. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം ഉണ്ടായി. ഇത് ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സെപ്തംബര്‍ 23 നു റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയെന്നും കുറേകാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും പിണറായി പറഞ്ഞു. എന്നാല്‍ സമഗ്രമായ റിപ്പോര്‍ട്ടായി ഇതിനെ കാണാനാവില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെ ആയിരുന്നു നീക്കം. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്‍ നിര്‍ത്തി ആസൂത്രിത നീക്കം ഉണ്ടായി. നിയമപരമായി അനുവദിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടു. ബോധപൂര്‍വം പ്രശ്ങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം ഉണ്ടായെന്നു എഡിജിപി റിപ്പോര്‍ട്ട് പറയുന്നു. ഒരു കുല്‍സിത ശ്രമവും അനുവദിക്കാന്‍ കഴിയില്ല. ഇതൊരു ആഘോഷമായി ചുരുക്കി കാണണ്ട. ഇത് ഒരാഘോഷം തകര്‍ക്കാന്‍ മാത്രം ഉള്ള ശ്രമം ആയിരുന്നില്ല. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പരിശോധിക്കും. പൂരം കലക്കലില്‍ പുനരന്വേഷണം നടത്തും. മൂന്നു തീരുമാനം എടുത്തതായും പിണറായി പറഞ്ഞു