തിരുവനന്തപുരം: ധര്‍മടത്ത് മത്സരിക്കണോ എന്ന് താന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പി വി അന്‍വര്‍ അല്ലല്ലോ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

'ധര്‍മടത്ത് മത്സരിക്കണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്‍വര്‍ അല്ലല്ലോ. ഇതിലൊന്നും എന്റെ വ്യക്തിപരമായ കാര്യം ഞാന്‍ പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് നിയതമായൊരു നിലപാടുണ്ട്. ഉചിതമായ സമയത്ത് പാര്‍ട്ടിതന്നെ ഇക്കാര്യം വ്യക്തമാക്കിക്കൊള്ളും.'

അന്‍വര്‍ ചില കാര്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അതിന് തന്റെ ഓഫീസിനെ ഉപയോഗിക്കേണ്ടെന്നും പറഞ്ഞു. 'അന്‍വര്‍ ഇന്ന് പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാവാം. അതിന് ഇക്കാര്യങ്ങള്‍ സഹായകരമാവുമെങ്കില്‍ അതുനടക്കട്ടെ. അതിനുവേണ്ടി എന്നെയും ഓഫീസിനെയും ഉപയോഗിക്കേണ്ട എന്നേയുള്ളൂ' - പിണറായി വിജയന്‍ പറഞ്ഞു.