തൃശ്ശൂര്‍: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സിപിഎമ്മും കെഎസ്യുവും നിയമനടപടികളിലേക്ക്. ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു. ഇതിന് പുറമെ, തെരഞ്ഞെടുപ്പ് അയോഗ്യത ഉള്‍പ്പെടെ ആവശ്യപ്പെട്ട് കെഎസ്യു തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു.

ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യയുണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടതു-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കൊടുങ്ങല്ലൂരമ്മയുടെ നടയില്‍ നിന്ന് ഭഗവാന്‍ ഗുരുവായൂരപ്പന്റെ വിളി കേട്ടാണ് താന്‍ ഗുരുവായൂരിലേക്ക് എത്തിയതെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ അമ്പത് വര്‍ഷമായി ഗുരുവായൂരപ്പന്റെ മണ്ണ് 'അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്ര വാദികളുടെയും' തടവറയിലാണെന്നും, ഇത്തരം ശക്തികളെ ആട്ടിയോടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് ഭഗവാന്‍ തന്നെ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

ഗോപാലകൃഷ്ണന്റെ പ്രസ്താവന വര്‍ഗീയത ലക്ഷ്യം വെച്ചുള്ളതാണെന്നും ഗുരുവായൂരിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ പ്രസ്താവനയില്‍ പറഞ്ഞു. മറുപടിയില്ലാത്തതുകൊണ്ടാണ് ബിജെപി നേതാവ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും അബ്ദുല്‍ ഖാദര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി തൃശ്ശൂരിന്റെ എംപി നാടിനായി എന്തുചെയ്തു എന്നും പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന് വേണ്ടി ചെയ്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കെഎസ്യു തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ബി. ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യപ്പെടുന്നു. ഈ നിയമപരമായ നീക്കങ്ങള്‍ ഗുരുവായൂരിലെ തെരഞ്ഞെടുപ്പ് രംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.