തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ദേശീയ തലത്തില്‍ ഉള്ള വനിതാ നേതാക്കള്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘം ഇരകളായ കുട്ടികളെ കണ്ടെത്തി അവരുടെ വിഷയം മനസ്സിലാക്കണമെന്ന് സജന ആവശ്യപ്പെട്ടു.

സ്ത്രീകളുടെ മാനത്തിന് വില നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ പ്രസ്താവന. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍, പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും വിമര്‍ശനമുണ്ട്. നേരത്തെ സജന രാഹുലിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്നും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സജന ബി സാജന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നം. 'ഞരമ്പന്‍'എന്ന നാടന്‍ ഭാഷ സിപിഐഎം സൈബര്‍ സഖാക്കള്‍ പ്രയോഗിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോകേണ്ട സമയമല്ല ഇതെന്നും സജന പറയുന്നു. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ ഇനി പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ല. പാര്‍ട്ടി നടപടി എടുത്താല്‍ എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആര്‍ക്കാണ് ഇദ്ദേഹത്തെ ഇപ്പോള്‍ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളത്.

'പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ട്'എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകള്‍ക്കുള്ളതാണ്. ഗര്‍ഭച്ഛിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേര്‍ക്കും മനസ്സിലായിട്ടും ആ കുട്ടികള്‍ പരാതി നല്‍കിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവര്‍ പരാതി നല്‍കിയാല്‍ പാര്‍ട്ടിയ്ക്ക് എന്ത് ചെയ്യാനാകും?, എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

'സ്ത്രീപക്ഷം എന്നൊരു പക്ഷം ഉണ്ട്. തന്‍വിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളില്‍ ഗസ്റ്റ് ആയി പോകുന്നത് പോലെയല്ല പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതില്‍ നില്‍ക്കുന്നത്. പൊലീസ് ലാത്തിചാര്‍ജ്ജും ജയില്‍ വാസവും സമരങ്ങളും ഒക്കെയായി മുന്നോട്ട് പോകുമ്പോള്‍ റീല്‍സ് ആക്കി അത് പോസ്റ്റ് ചെയ്യാന്‍ പി ആര്‍ സംവിധാനങ്ങളും ഇല്ലാത്ത പട്ടിണിപ്പാവങ്ങള്‍ ആയവരുമൊക്കെ ഈ പാര്‍ട്ടിയില്‍ ഉണ്ട്. അതില്‍ ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവര്‍ക്ക് വേണ്ടി പാര്‍ട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ'; എന്നാണ് സജനയുടെ പോസ്റ്റ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. രാഹുലിനെ പിന്തുണച്ച് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ കെ സുധാകരനെ തള്ളി കെ മുരളീധരനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുല്‍ സസ്പെന്‍ഷനിലാണെന്നും, പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.