- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂരിനും ഹൈക്കമാണ്ടിനും ഇടയിലെ നയതന്ത്ര പാലമായി രാഘവന്‍; യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം ഇനിയും തുടരാം; സുധാകരനേയും തല്കാലം മാറ്റില്ല; നേതാക്കള്‍ക്കിയിലെ ഐക്യമില്ലായ്മയില്‍ ആശങ്ക മാത്രം; പരസ്യ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ വിലക്ക് വരും
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തു നടക്കുന്ന പ്രത്യേക യോഗം നടക്കാനിരിക്കെ ശശി തരൂരിനെ പിന്തുണയ്ക്കുന്ന എം.കെ. രാഘവന്‍ എംപി ഡല്‍ഹിയിലെത്തി നടത്തിയത് നിര്‍ണ്ണായക ചര്‍ച്ചകള്‍. ആദ്യം തരൂരുമായും പിന്നീട് ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷിയുമായും ചര്‍ച്ച നടത്തി. തരൂരിന്റെ നിലപാട് മനസ്സിലാക്കി അത് മുന്‍ഷിയെ രാഘവന്‍ അറിയിച്ചു. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യം. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിഷയത്തില്‍ മേലില്‍ പരസ്യചര്‍ച്ച പാടില്ലെന്ന് വെള്ളിയാഴ്ചത്തെ യോഗത്തില്‍ നേതാക്കളെ അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരെ കെപിസിസി പ്രസിഡന്റായി കെ. സുധാകരനാണ് സാധ്യത. സുധാകരനെ മാറ്റുന്നത് മറ്റ് പൊട്ടിത്തെറികളുണ്ടാക്കുമെന്ന വിലയിരുത്തല്‍ ഹൈക്കമാണ്ടിനുണ്ട്.
സംസ്ഥാനങ്ങളിലെ സംഘടനാ കാര്യങ്ങളും പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കേരള നേതാക്കളെയും എംപിമാരെയും വെള്ളിയാഴ്ച ഡല്‍ഹിക്കു വിളിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെയും എംപിമാരുടെയും സമാന യോഗങ്ങള്‍ നടന്നുവരികയാണ്. വെള്ളിയാഴ്ച രാവിലെയും ഇത്തരത്തിലുള്ള മറ്റൊരു യോഗമുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതലാണ് കേരളത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി യോഗം ചേരുന്നത്. മൂന്ന് മണിക്കൂറില്‍ അധികം ചര്‍ച്ച നീളും. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, ശശി തരൂര്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി ഡല്‍ഹി യോഗത്തിനായി വരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എഐസിസി, കെപിസിസി ഭാരവാഹികള്‍, കേരളത്തില്‍നിന്നുള്ള മറ്റു കോണ്‍ഗ്രസ് എംപിമാര്‍ എന്നിവരും എത്തും.
ശശി തരൂര്‍ ഉയര്‍ത്തിയ വിവാദങ്ങളും സ്വാഭാവികമായും ചര്‍ച്ചയാകും. അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചും പിസിസിയിലെ നേതൃമാറ്റവും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വിജയസാധ്യതയെ ബാധിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നേതൃത്വ തര്‍ക്കങ്ങള്‍ പൂര്‍ണമായി മാറ്റിവച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാകും എഐസിസി നേതൃത്വം സംസ്ഥാന നേതാക്കളെ ബോധ്യപ്പെടുത്തുക. തദ്ദേശ തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയില്‍ കൂടുതല്‍ കലാപം സൃഷ്ടിക്കേണ്ടതില്ലെന്ന് തരൂരും നിലപാട് എടുത്തിട്ടുണ്ട്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ ഹൈക്കമാണ്ടിന് കിട്ടിയിട്ടുണ്ട് നേതൃനിരയിലെ അനൈക്യവും നേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങളും ദീപ ദാസ്മുന്‍ഷി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
ഭരണവിരുദ്ധവികാരം ശക്തമായ കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ നേതൃനിരയില്‍ ഐക്യം ഉണ്ടാകണമെന്നാണ് ശുപാര്‍ശ. ഇതാണ് വെള്ളിയാഴ്ച യോഗത്തില്‍ നേതാക്കള്‍ക്ക് മുമ്പില്‍ ഹൈക്കമാണ്ട് വയ്ക്കുക. തിരഞ്ഞെടുപ്പ് നയരൂപവത്കരണ വിദഗ്ധന്‍ സുനില്‍ കൊനഗേലു നല്‍കിയ റിപ്പോര്‍ട്ടുകളിലും നേതൃനിരയിലുള്ളവരുടെ ശക്തി, ദൗര്‍ബല്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇത് പക്ഷേ തരൂരിന് കൂടി അനുകൂലമായ ചില പരാമര്‍ശം ഉണ്ടെന്നും സൂചനകളുണ്ട്. അതിനിടെയാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ വീണ്ടും പ്രകോപിപ്പിച്ച് ശശി തരൂര്‍ ഫോട്ടോ പങ്കുവച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടന്റെ വ്യാപാരവാണിജ്യ സെക്രട്ടറി ജൊനാഥന്‍ റെയ്നോള്‍ഡ്സ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രം തരൂര്‍ ചൊവ്വാഴ്ച സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
ഏറെ നാളായി മുടങ്ങികിടക്കുകയായിരുന്ന ഇന്ത്യാ- യുകെ സ്വതന്ത്രവ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചെന്നും ഇത് ഏറെ സ്വാഗതാര്‍ഹമാണെന്നും തരൂര്‍ ചിത്രത്തോടൊപ്പം കുറിച്ചു. പീയുഷ് ഗോയലുമായും ജൊനാഥന്‍ റെയ്നോള്‍ഡ്സുമായും ആശയവിനിമയം നടത്താനായതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് തന്നെ ആവശ്യമില്ലെങ്കില്‍ മറ്റ് വഴികള്‍ തേടുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിയുമായി സൗഹൃദം പങ്കിടുന്ന ചിത്രം തരൂര്‍ പങ്കുവച്ചത്. സ്വതന്ത്രവ്യാപാര കരാര്‍ നീക്കങ്ങളെ പ്രശംസിക്കുകയും ചെയ്തു.