- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം പിടിക്കാന്‍ കച്ചമുറുക്കി കോണ്‍ഗ്രസ്; യുവാക്കളെ ആകര്‍ഷിക്കാന്‍ കെ എസ് ശബരിനാഥനെ മേയര്‍ സ്ഥാനാര്‍ഥിയാക്കി കോര്‍പറേഷനില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ശബരി മത്സരിക്കുക കവടിയാര്‍ വാര്‍ഡില്‍; പട്ടികയില്‍ 48 പേര്; 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം പിടിക്കാന്‍ കച്ചമുറുക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: കെപിസിസി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കമെല്ലാം മാറ്റി വച്ച് കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പിനായി നേരത്തെ ഇറങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാണ് ഇതിന് തുടക്കമിട്ടത്. 48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു. 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
കെ.എസ് ശബരീനാഥ് മേയര്‍ സ്ഥാനാര്‍ഥിയാകും. കവടിയാര്‍ വാര്‍ഡിലാണ് ശബരി മത്സരിക്കുക. ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വനിതാ വാര്‍ഡ് ആയതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ നിന്ന് മത്സരിക്കുന്നത്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള കോര്‍പ്പറേഷനില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെ, ജനകീയരും മുതിര്‍ന്ന നേതാക്കളും മത്സരിക്കണമെന്ന എ.ഐ.സി.സി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. നിലവില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം.
യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള ശബരിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം നഗരത്തിലെ വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവജനങ്ങളെയും വിദ്യാസമ്പന്നരെയും സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. പൊതു സ്വീകാര്യതയുള്ള മുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ യു.ഡി.എഫിന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 10 സീറ്റുകള്‍ മാത്രമാണുള്ളത്; ഇതില്‍ 8 എണ്ണം കോണ്‍ഗ്രസിനും 2 എണ്ണം ഘടകകക്ഷികള്‍ക്കുമാണ്. കോണ്‍ഗ്രസ് ആകെ 48 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ദീര്‍ഘകാലത്തിനുശേഷം യുഡിഎഫ് തിരുവനന്തപുരത്ത് അധികാരത്തില്‍ വരുമെന്ന് ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തന്‍ വ്യക്തമാക്കി. നാളെ മുതല്‍ നവംബര്‍ 12വരെയായിരിക്കും വാഹന പ്രചാരണ ജാഥയെന്നും എന്‍ ശക്തന്‍ പറഞ്ഞു. 30വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍), കെഎസ്‌യു വൈസ് പ്രസിഡന്റ് സുരേഷ് മുട്ടട, മുന്‍ കൗണ്‍സിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനില്‍കുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരടക്കമുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്. വാര്‍ഡ് തലത്തില്‍ തീരുമാനിച്ച സഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്.
കെ. മുരളീധരനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതല. മുരളീധരന്‍ നയിക്കുന്ന വാഹചനപ്രചാരണ ജാഥ നാളെ ആരംഭിക്കും.




