തിരുവനന്തപുരം: കെപിസിസി പുന: സംഘടനയിലെ ജംബോ പട്ടികയിലെ കലഹങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. പട്ടിക നീട്ടിയും പുതിയ സ്ഥാനമാനങ്ങള്‍ നല്‍കിയും അസംതൃപ്തരെ സമാധാനിപ്പിക്കാനുള്ള ശ്രമം ഒരുഭാഗത്ത് നടക്കുന്നു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുന: സംഘടനയില്‍ തൃപ്തനല്ലെന്ന സൂചന നേരത്തെ നല്‍കിയിരുന്നു. പാര്‍ട്ടിക്ക് വേണ്ടി തെരുവില്‍ ചൊരയൊഴുക്കുകയും, തൃാഗം ചെയ്യുകയും ചെയ്ത ചില യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പരിഭവിക്കുകയും ചെയ്തു. അതിനിടെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഒരു പ്രസ്താവനയോട് വി ഡി സതീശന്‍ പ്രതികരിച്ച രീതിയെ ചൊല്ലി കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. സതീശന്റെ പ്രസ്താവനയില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി ഉള്ളതായും സൂചനയുണ്ട്.

കെ സിയുടെ പ്രസ്താവനയും വിഡിയുടെ പ്രതികരണവും

'ഞാന്‍ കേരളത്തില്‍ സജീവമായി തന്നെ ഉണ്ടാകും. ഏതെങ്കിലും കസേര നോക്കിയല്ല അത്, മറിച്ച് യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് ' കെ സി കഴിഞ്ഞ ദിവസം കോഴിക്കോട്ട് പറഞ്ഞു.. പാര്‍ട്ടിയിലെ ഭിന്നതകള്‍ക്കിടെ, കെ.സി. വേണുഗോപാലിന്റെ നിലപാടിനെ പിന്തുണച്ച് കെ. മുരളീധരനും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തി. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അതിന്റെ ക്രെഡിറ്റ് കെ.സി. വേണുഗോപാലിനും അവകാശപ്പെട്ടതാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കെ.സി. വേണുഗോപാല്‍ കേരളത്തില്‍ സജീവമാകുന്നതില്‍ തെറ്റില്ലെന്ന് സണ്ണി ജോസഫും വ്യക്തമാക്കി.

എന്നാല്‍, കെ.സി. വേണുഗോപാലിന്റെ ഈ നീക്കങ്ങളോടുള്ള അമര്‍ഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരസ്യമാക്കി. കെ.സി. വേണുഗോപാലിന്റെ കേരളത്തിലെ സജീവമായ ഇടപെടലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, 'കെ.സി.യുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് റെഡ് അലേര്‍ട്ട് ആണ് ഇന്ന്,' എന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.

പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് മുതിര്‍ന്ന നേതാക്കള്‍

വി.ഡി. സതീശന്‍ കെ.സി. വേണുഗോപാലിനെ ലക്ഷ്യമിട്ട് നടത്തിയ 'റെഡ് അലര്‍ട്ട്' പ്രസ്താവന അനാവശ്യമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചെന്നും പ്രസ്തുത പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നാണ് നേതാക്കളുടെ അഭിപ്രായം. അടുത്ത നേതൃയോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് അവര്‍ സൂചിപ്പിച്ചു. മുന്‍ കെപിസിസി അധ്യക്ഷന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കെ.സി. വേണുഗോപാലിന്റെ കേരളത്തിലെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തോടുള്ള അതൃപ്തിയാണ് ഈ പ്രതികരണങ്ങള്‍ക്ക് പിന്നിലെന്ന് കരുതപ്പെടുന്നു.

കെ മുരളീധരനെ അനുനയിപ്പിച്ച് കെസി

അതേസമയം, കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികളില്‍ പരിഹാരനടപടികള്‍ പുരോഗമിക്കുകയാണ്. കെ.സി. വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയില്‍ കെ. മുരളീധരന് അനുകൂലമായ ഉറപ്പുകള്‍ ലഭിച്ചതോടെ അദ്ദേഹം നിലപാടില്‍ അയവു വരുത്തിയതായി സൂചനയുണ്ട്. മര്യാപുരം ശ്രീകുമാറിന് കെപിസിസി ഭാരവാഹിത്വം തിരികെ നല്‍കാമെന്ന് കെ.സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയതായാണ് വിവരം. കൂടാതെ, ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാന്‍ കെ.എം. ഹാരീസിനെ കെപിസിസി സെക്രട്ടറിയാക്കാനും ധാരണയായി.. കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനത്തില്‍ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട്, കെ.മുരളീധരന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കെ.സി.വേണുഗോപാലിന്റെ ഈ നീക്കം. നോമിനികളെ പരിഗണിച്ചില്ലെങ്കില്‍ വിശ്വാസ സംരക്ഷണ യാത്രയടക്കം ബഹിഷ്‌കരിക്കുമെന്ന് കെ.മുരളീധരന്‍ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് 58 ജനറല്‍ സെക്രട്ടറിമാരെയും 13 വൈസ് പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കെപിസിസി പുനഃസംഘടന പട്ടിക പുറത്തിറക്കിയത്. പട്ടികയില്‍ സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറിയായും പാലോട് രവി വൈസ് പ്രസിഡന്റായും ഇടം നേടിയിരുന്നു. നിലവിലുള്ള ഭൂരിഭാഗം ജനറല്‍ സെക്രട്ടറിമാരെയും നിലനിര്‍ത്തിക്കൊണ്ടുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ 9 വനിതാ അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.