സുല്‍ത്താന്‍ ബത്തേരി: മിഷന്‍ 2026മായി വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ദ്വിദിന ക്യാമ്പ് ലക്ഷ്യ തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ആസൂത്രണങ്ങളുമായി മുന്നോട്ടുപോകുന്ന ക്യാമ്പ് കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ്വാകുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. നിയമസഭയില്‍ യുഡിഎഫിന് നൂറിന് മുകളില്‍ സീറ്റില്‍ വിജയപ്രതീക്ഷ വെക്കുമ്പോള്‍ തന്നെ 85 സീറ്റില്‍ വിജയ സാധ്യതയുണ്ടെന്നാണ് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന യോഗത്തിലാണ് വിലയിരുത്തല്‍.

മലപ്പുറത്തും പത്തനംതിട്ടയിലും വയനാട്ടിലും മുഴുവന്‍ സീറ്റുകളിലും വിജയ പ്രതീക്ഷ വെക്കുന്നു. എറണാകുളം ജില്ല കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗ്ഗമായി മാറുമെന്നുമാണ് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന യോഗത്തിലാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ക്യാമ്പിലെ നിലവിലെ കണക്കുകളനുസരിച്ച് കാസര്‍കോട്ട് ആകെയുള്ള അഞ്ച് സീറ്റില്‍ മൂന്നിടത്ത് വിജയിക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് പങ്കുവെകകുന്നത്. കണ്ണൂര്‍ 11 ല്‍ 4 കോഴിക്കോട് 13/8, വയനാട് 3/3, മലപ്പുറം 16/16, പാലക്കാട് 12/5, തൃശ്ശൂര്‍ 13/6, എറണാകുളം 14/12, ഇടുക്കി 5/4, ആലപ്പുഴ 9/4, കോട്ടയം 9/5, പത്തനംതിട്ട 5/5, കൊല്ലം 11/6, തിരുവനന്തപുരം 14/4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വിജയപ്രതീക്ഷകള്‍.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമാണ് ക്യാമ്പിലെ പ്രധാന ചര്‍ച്ച. ലീഡേഴ്‌സ് സമ്മിറ്റില്‍ നേതാക്കള്‍ നിലപാട് വ്യക്തമാക്കി. മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. സാമുദായിക സംഘടനകളെ പൂര്‍ണമായി വിശ്വാസത്തില്‍ എടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് ശശി തരൂര്‍ എംപിയും പറഞ്ഞു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ അമിതമായ ആത്മവിശ്വാസം വേണ്ടെന്ന് ദീപാ ദാസ് മുന്‍ഷിയും പറഞ്ഞു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവും സംഘവും വയനാട് നേതൃക്യാമ്പില്‍ എത്തിയിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃയോഗത്തിലടക്കം സുനില്‍ കനഗോലുവും പങ്കെടുക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാന്‍ കെ പി സി സി യോഗത്തിലടക്കം പങ്കെടുത്ത കനഗോലു, 100 സീറ്റ് നേടി അധികാരത്തില്‍ തിരിച്ചെത്താമെന്ന കോണ്‍ഗ്രസ് മോഹത്തില്‍ ബത്തേരി ക്യാമ്പിലും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനമടക്കം കനഗോലുവാണ് നടത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ 80 സീറ്റുകളില്‍ യു ഡി എഫിന് മേല്‍ക്കൈയുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആലസ്യത്തിലേക്ക് വീഴാതെ അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങളിലേക്കാണ് കോണ്‍ഗ്രസ് കടന്നത്. നൂറ് സീറ്റിലെ വിജയം എന്ന ഒറ്റ വഴി ആഹ്വാനവുമായിട്ടാണ് ബത്തേരിയില്‍ കോണ്‍ഗ്രസ് നേതൃ ക്യാമ്പ് ലക്ഷ്യ പുരോഗമിക്കുന്നത്. രണ്ടു ദിവസത്തെ ക്യാമ്പില്‍ കെ പി സി സി ഭാരവാഹികളും മുന്‍ ഭാരവാഹികളും എം പിമാരും അടക്കം 158 പേരാണ് പങ്കെടുക്കുന്നത്. ക്യാമ്പില്‍ ഏറ്റവും ശ്രദ്ധേയം പ്രതിപക്ഷ നേതാവിന്റെ 'മിഷന്‍ 2026' ആണ്.

രണ്ട് ഘട്ടമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി കര്‍മ്മപദ്ധതിയും വി ഡി സതീശന്‍ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ പ്രതിപക്ഷ നേതാവിന്റെ കേരളയാത്രയില്‍ സ്ഥാനാര്‍ഥികളെയടക്കം വേദിയിലെത്തിക്കുന്ന നിലയിലാണ് 'ലക്ഷ്യ ക്യാമ്പി'ല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. തെക്കന്‍ മേഖല പി സി വിഷ്ണുനാഥിന്റെയും മധ്യമേഖല എ പി അനില്‍കുമാറിന്റെയും വടക്കന്‍ മേഖല ഷാഫി പറമ്പിലിന്റെയും അധ്യക്ഷതയിലുമാണ് ചര്‍ച്ച നടക്കുന്നത്.