തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ. നേതാവ് കെ.ഇ. ഇസ്മയിലിനെ സിപിഐ പുറത്താക്കാന്‍ സാധ്യത. ഇസ്മയിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന സൂചനയാണ് എംഎന്‍ സ്മാരകത്തില്‍ നിന്നും ലഭിക്കുന്നത്. ഒരു കാലത്ത് സിപിഐയിലെ ശക്തി കേന്ദ്രമായിരുന്നു ഇസ്മയില്‍. മുന്‍ മന്ത്രിയായ ഇസ്മയിലിന് കാനം രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷം കരുത്ത് ചോര്‍ന്നു. സിപിഐ സെക്രട്ടറിയായി ബിനോയ് വിശ്വം എത്തിയിട്ടും ഇസ്മയിലിന് പാര്‍ട്ടിയില്‍ സ്വാധീനം കുറയുകയാണ് ചെയ്തത്. ഇത് കാരണം പലതര വെല്ലുവളി സ്വാഭാവമുള്ള പ്രസ്താവനകള്‍ ഇസ്മായില്ഡ നടത്തി. ഇതിന്റെ പ്രതിഫലനം അച്ചടക്ക നടപടിയായി മാറുകയാണ്.

മുന്‍ എം.എല്‍.എ.യും എറണാകുളം ജില്ലാ മുന്‍സെക്രട്ടറിയുമായിരുന്ന പി. രാജുവിന്റെ മരണത്തെത്തുടര്‍ന്ന് ഇസ്മയിലിട്ട സാമൂഹികമാധ്യമ കുറിപ്പ് എല്ലാ അര്‍ത്ഥത്തിലും അച്ചടക്ക ലംഘനമായി പാര്‍ട്ടി കാണുന്നുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ഇസ്മയിലിനോട് വിശദീകരണം ചോദിച്ചിരുന്നു. യോഗത്തില്‍ ഇസ്മയിലിനെതിരായ വികാരം ശക്തമായിരുന്നു. ഒരാള്‍മാത്രമേ അദ്ദേഹത്തെ പിന്തുണച്ചുള്ളൂവെന്നാണ് വിവരം. മാര്‍ച്ച് 20-ഓടെ ചേരുന്ന എക്‌സിക്യുട്ടീവും സംസ്ഥാന കൗണ്‍സിലും ഇസ്മയിലിന്റെ വിശദീകരണം ചര്‍ച്ചചെയ്യുകയും നടപടി സ്വീകരിക്കുകയും ചെയ്യും.

പാലക്കാട്ടെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ഇസ്മയിലും പാര്‍ട്ടിനേതൃത്വവും ദീര്‍ഘകാലമായി അകല്‍ച്ചയിലാണ്. ജനറല്‍ സെക്രട്ടറി ഡി. രാജ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും ഇസ്മയിലിനോട് ജില്ലാകമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മുന്‍ എം.എല്‍.എയും എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി.രാജുവിന്റെ മരണത്തിന് പിന്നാലെ ഇസ്മയില്‍ ചില ഇഠപെടല്‍ നടത്തി. ഇതിനെതിരെ സി.പി.ഐ എറണാകുളം ജില്ലാകമ്മിറ്റി നല്‍കിയ പരാതിയെ സിപിഐ സംസ്ഥാന നേതൃത്വം ഗൗരവത്തില്‍ എടുത്തു.

ഇസ്മയിലിന്റെ വിശദീകരണം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. രാജുവിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ ഇസ്മായിലും പാര്‍ട്ടിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ രാജുവിനെ വ്യക്തിഹത്യ നടത്തിയെന്നായിരുന്നു ഇസ്മയിലിന്റെ ആരോപണം. രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കണ്‍ട്രോള്‍ കമ്മിഷന്‍ തീരുമാനം എടുത്തിരുന്നുവെന്നും പറഞ്ഞിരുന്നു.

എന്നാല്‍, കണ്‍ട്രോള്‍ കമ്മിഷന്‍ അത്തരത്തിലൊരു തീരുമാനവും എടുക്കാത്ത സാഹചര്യത്തില്‍ തെറ്റിദ്ധാരണാജനകമായ പ്രതികരണം ഇസ്മയിലില്‍ നിന്ന് ഉണ്ടായെന്ന് വിലയിരുത്തിയാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. ദേശീയ എക്‌സിക്യൂട്ടീവ് മുന്‍ അംഗമായ ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്. മുമ്പ് പാലക്കാട്ടെ സേവ് സി.പി.ഐ ഫോറത്തെ അനുകൂലിക്കുന്ന രീതിയില്‍ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഭാഗമല്ലാത്തതു കൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന് ഇസ്മായിലിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയും.

ഇസ്മയിലിനെതിരെ നടപടി വേണമെന്ന് നേരത്തെ പാലക്കാട് ജില്ലാ കമ്മിറ്റിയിലും ആവശ്യമുയര്‍ന്നിരുന്നു. ആറ് മാസം മുന്‍പ് പാലക്കാട് ജില്ലാ കമ്മിറ്റി സംസ്ഥാന കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ കെ ഇ ഇസ്മയില്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടാവരുതെന്ന് സംസ്ഥാന കൗണ്‍സില്‍ കെ ഇ ഇസമയിലിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ താക്കീത് നിലനില്‍ക്കെയാണ് കെ ഇ ഇസ്മയില്‍ പി രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയ പരസ്യപ്രസതാവനയുമായി രംഗത്തെത്തിയത്.

എന്നാല്‍ തനിക്ക് ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ ഇ ഇസ്മയില്‍ പ്രതികരിച്ചു.'വരട്ടേ നോക്കാം, നോട്ടീസ് കൈപ്പറ്റിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാം, ഒരു നടപടിയും ഭയക്കുന്നില്ല, സത്യം മാത്രമേ എന്നും പറഞ്ഞിട്ടുള്ളൂ,' അദ്ദേഹം കൂട്ടിചേര്‍ത്തു.