- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമോദ് കോട്ടൂളിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സിപിഎം; കടുത്ത നടപടി വേണ്ടെന്ന വാദം തള്ളി നടപടി; പണം വാങ്ങിയതിന് തെളിവെന്ന് കണ്ടെത്തല്‍
കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന വിവാദത്തില്‍ ആരോപണവിധേയനായ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. ഒരു വിഭാഗം പ്രമോദിനെ പിന്തുണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇത് വിജയം കണ്ടില്ല. പ്രമോദ് കോട്ടൂളിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനുശേഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ തെറ്റാണെന്നും ജില്ലാ കമ്മിറ്റി യോഗം വ്യക്തമാക്കി.
പ്രമോദിനെതിരെ കടുത്ത നടപടി ആവശ്യമില്ലെന്നും തരംതാഴ്ത്തലോ സസ്പെന്‍ഷനോ മതിയാകുമെന്നും ഔദ്യോഗികവിഭാഗം പറഞ്ഞപ്പോള്‍ മറ്റൊരു വിഭാഗം എതിര്‍ക്കുകയായിരുന്നു. പ്രമോദിനെതിരെയുള്ള ആരോപണത്തില്‍ വ്യക്തമായ തെളിവുണ്ടെന്നും 22 ലക്ഷം രൂപയുടെ ഇടപാടുണ്ടെന്നും അത് പാര്‍ട്ടിക്ക് ബോധ്യം വന്നിട്ടുണ്ടെന്നുമാണ് ഒരു വിഭാഗം നിലപാടെടുത്തത്. ഈ സാഹചര്യത്തില്‍ പ്രമോദിനെതിരെ കടുത്ത നടപടിയുണ്ടായില്ലെങ്കില്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഇവര്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് ജില്ലാക്കമ്മിറ്റി എത്തിയത്.
ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണന് എംഎല്‍എയും മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു. കോഴ വിവാദത്തില്‍ നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റിന് പ്രമോദ് നല്കിയ വിശദീകരണം. അതേസമയം, മന്ത്രി റിയാസ് അടക്കമുള്ളവര്‍ കര്‍ശന നടപടി ആവശ്യപ്പെട്ടതോടെ ഈ വാദങ്ങളെല്ലാം പൊളിഞ്ഞു.
പാര്‍ട്ടി തള്ളിയ കോഴക്കേസിലല്ലാതെ ടൗണ്‍ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ പ്രമോദ് കോട്ടുളി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ടി അച്ചടക്കത്തിനെതിരാണെന്നും പ്രമോദിന് റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി ബന്ധമുണ്ടെന്നുമുള്ള കണ്ടെത്തലും ഉണ്ടായിരുന്നു. പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്ന വിഭാഗം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജില്ലാ കമ്മിറ്റിയിലെ മറ്റുചില അംഗങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും അക്കാര്യത്തിലും കമ്മിറ്റി അഭിപ്രായം പറയണമെന്നും മറുവിഭാഗവും ആവശ്യം ഉന്നയിച്ചിരുന്നു.
സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ് പി.എസ്.സി. അംഗത്വം നല്‍കാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടര്‍മാരായ ദമ്പതിമാര്‍ നല്കിയ പരാതി പുറത്തുവന്നതോടെയാണ് വിഷയം പുറത്തറിയുന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
റിയാസിന്റെ അയല്‍വാസികൂടിയാണ് പ്രമോദ് കോട്ടൂളി. മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എം.എല്‍.എമാരായ കെ.എം. സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന് എന്നിവരുടെ പേരുകളും ഇയാള്‍ ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്‍പ് ഉയര്‍ന്ന പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിനിടെയാണ് വിവരങ്ങള്‍ പുറത്തായത്