- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ അഞ്ചുനേരം നിസ്കരിക്കുന്ന വിശ്വാസി; തെറ്റ് ചെയ്തിട്ടില്ല, എനിക്കൊരിക്കലും ഇങ്ങനെയുള്ള ഒരു കാര്യം ചെയ്യേണ്ടതില്ല; മാന്യമായി ബിസിനസ് ചെയ്യുന്നുണ്ട്'; പാന്മസാല കേസിൽ വിവാദത്തിലായപ്പോൾ മതവിശ്വാസം ഉയർത്തി സഖാവ് ഷാനവാസിന്റെ പ്രതിരോധം തീർക്കൽ
ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിരോധിത പുകയിലക്കടത്ത് പിടികൂടിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായപ്പോൾ മതവിശ്വാസത്തെയും കൂട്ടുപിടിച്ചു വിശദീകരണവുമായി സസ്പെൻഷനിലായ സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ എ ഷാനവാസ്. താൻ അഞ്ചുനേരം നിസ്ക്കരിക്കുന്ന വിശ്വാസിയാണ് എന്നു പറഞ്ഞു കൊണ്ടാണ് ഷാനവാസ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സിപിഎം നേതാവ് കൂടിയായ ഷാനവാസ് പരസ്യമായി തന്നെ മതവിശ്വാസത്തെ കൂട്ട്ുപിടിക്കുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്. ഒരു കോടിയിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസിൽ ആരോപണവിധേയനായ ഷാനവാസിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ സത്യസന്ധമായി ജീവിക്കുന്ന ആളാണ്. കഴിഞ്ഞ രണ്ടു കൊല്ലമായി അഞ്ചു നേരം നിസ്കരിച്ചുകൊണ്ട് കൃത്യതയോടെ വിശ്വാസിയായി ജീവിക്കുന്ന ആളാണ് ഞാൻ. എനിക്കൊരിക്കലും ഇങ്ങനെയുള്ള ഒരു കാര്യം ചെയ്യേണ്ടതില്ല. മാന്യമായി ബിസിനസ് ചെയ്യുന്നുണ്ട്. വാഹനം വാങ്ങിയപ്പോൾ പാർട്ടിയെ അറിയിച്ചില്ല എന്നാണ് പാർട്ടി കണ്ടെത്തിയത്. അത് എന്റെ ഭാഗത്തുള്ള തെറ്റാണ്. എന്ത് എന്റെ ജീവിതത്തിൽ സമ്പാദിച്ചാലും പാർട്ടിയെ അറിയിക്കേണ്ടതാണ്. അത് അറിയിക്കാതിരുന്നത് ഗൗരവമുള്ള തെറ്റാണ്.- ഷാനവാസ് വ്യക്തമാക്കി.
ഏത് അന്വേഷണവും കൈയുംനീട്ടി സ്വീകരിക്കും. പലവിധത്തിലുള്ള ആളുകൾ കൂടിചേരുന്നതാണ് പാർട്ടി. പാർട്ടിയെ സ്നേഹിക്കുന്നതുകൊണ്ട് അതിലുള്ളവർക്കെതിരെ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് ഷാനവാസ് മാധ്യമങ്ങളോട് പറഞ്ഞു. ''ലോക്കൽ കമ്മിറ്റി അംഗം മുതൽ മുകളിലോട്ടുള്ളവർ എന്ത് സമ്പാദിച്ചാലും അത് പാർട്ടിയെ അറിയിക്കണമെന്നുണ്ട്. ഞാൻ പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗമാണ്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. ഞാൻ സ്വത്ത് വാങ്ങുമ്പോൾ പാർട്ടിയെ അറിയിക്കേണ്ടതായിരുന്നു. അത് അറിയിച്ചില്ല എന്നതാണ് ഒന്നാമതായി പാർട്ടി പറഞ്ഞ കുറ്റം. രണ്ടാമത്തേത് വാങ്ങിയ വാഹനം വാടകയ്ക്ക് കൊടുത്തപ്പോൾ ഗൗരവം കാണിച്ചില്ല എന്നതാണ്. അല്ലാതെ പുകയില കടത്തുമായി ബന്ധമുണ്ടെന്ന് പാർട്ടി പറഞ്ഞിട്ടില്ല. പാർട്ടി അതിനേക്കുറിച്ച് അന്വേഷിക്കും. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടോ മൂന്നോ മാസംകൊണ്ട് അന്വേഷണം നടത്തുന്നതാണ് പാർട്ടിയുടെ രീതി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എനിക്കെതിരെയുള്ള ഏത് നടപടിയേയും രണ്ട് കൈയും നീട്ടി സ്വീകരിക്കും. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുനിസിപ്പൽ കൗൺസിലർ സ്ഥാനം രാജിവെക്കും. അക്കാര്യമെല്ലാം പാർട്ടിയെ ബോധിപ്പിച്ചതാണ്''- ഷാനവാസ് പറഞ്ഞു.
''പാർട്ടിയിലെ വിഭാഗീയതയാണ് തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്ന് പറയുന്നില്ല. കാരണം, തന്റെ പാർട്ടി എവിടേയും മോശമാകാൻ ആഗ്രഹിക്കുന്നില്ല. ഈ പാർട്ടിക്ക് വേണ്ടി രക്തം കൊടുത്തിട്ടുള്ള ആളാണ് താൻ. ഒരു സുപ്രഭാതത്തിൽ ഈ പാർട്ടിയിലേക്ക് വന്ന് കൗൺസിലർ ആകുകയോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാകുകയോ ചെയ്തതല്ല. 16 വയസു മുതൽ പാർട്ടിക്കൊപ്പം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 17ാം വയസ്സിൽ ജയിലിൽ കിടന്നിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോൾ സൈക്ലിങ്ങിൽ ദേശീയ താരമായിരുന്നു. ആ രീതിയിൽ പോയിരുന്നെങ്കിൽ മറ്റൊരു ഉദ്യോഗത്തിൽ എത്തിയേനെ. വെട്ടേറ്റിട്ടുണ്ട്. അന്നും ഇന്നും പാർട്ടിയോട് ദേഷ്യം തോന്നിയിട്ടില്ല. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് വിഭാഗീയതയായി കാണേണ്ടതില്ല. അതവരുടെ വ്യക്തി താത്പര്യണ്.
സാക്ഷികൾ ഒപ്പിട്ടില്ലെന്ന് കരുതി ഒരു വാടക കരാറും ഇല്ലാതാകുന്നില്ല. കേസ് വരുന്നതിന് തൊട്ടുമുമ്പുണ്ടാക്കിയ കരാറിൽ അസ്വാഭാവികത ആരോപിക്കുന്നവരുണ്ട്. എന്നാൽ, വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡിസംബർ 28നാണ്. സ്വാഭാവികമായും പെർമിറ്റ് കിട്ടി കരാറുണ്ടാക്കുമ്പോൾ ആറോ ഏഴോ ദിവസം എടുക്കും. അതിൽ എന്താണ് അസ്വാഭാവികതയെന്ന് മനസ്സിലാകുന്നില്ല.
വാടകയ്ക്ക് കൊടുത്ത വീട്ടിൽ അനാശാസ്യം നടന്നാൽ അതിന്റെ ഉടമ പ്രതിയാകുമോ. അങ്ങനെ പ്രതിയായ ചരിത്രമുണ്ടോ കേരളത്തിൽ. എന്നാൽ ഇതുപോലുള്ള ആളുകൾക്ക് വാടകയ്ക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. അതാണ് പാർട്ടിയും ചൂണ്ടിക്കാട്ടിയത്. കള്ള വിശ്വാസിയായി ജീവിക്കാൻ പോലും ആഗ്രഹിക്കുന്നില്ല. എന്നെ മനഃപൂർവ്വം കുടുക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്ന് സംശയമുണ്ട്. അതെല്ലാം പൊലീസ് കൃത്യമായി അന്വേഷിക്കട്ടെ. പാർട്ടിയിലും വിശ്വാസമുണ്ട്. വാഹനം കൊണ്ടുപോയി ദുരുപയോഗം ചെയ്തതിന് ഞാൻ കേസ് ഫയൽ ചെയ്യുന്നുണ്ട്. ജീവിതത്തിൽ ആദ്യമായി ജനുവരി മൂന്നിന് ജന്മദിനം ആഘോഷിച്ചു. ഞാനുമായി അടുപ്പമുള്ള ചിലർ കേക്ക് മുറിച്ചിരുന്നു എന്നത് സത്യമാണ്. സ്പോർട്സ് സിറ്റി ആയതുകൊണ്ട് ധാരാളം ആളുകൾ എത്തിയിരുന്നു. ഇജാസിനെ അറിയില്ലെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല''- ഷാനവാസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചേ കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷന് സമീപത്തുനിന്നാണ് രണ്ടു ലോറികളിലായി കടത്തിയ 1,27,410 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. സംഭവത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇജാസ് ഉൾപ്പെടെ നാലുപേർ അറസ്റ്റിലായിരുന്നു. ഇതു കൊണ്ടുവന്ന ഒരു ലോറി ഷാനവാസിന്റേതായിരുന്നു. ഇതേത്തുടർന്നാണ് പാർട്ടി നടപടിയെടുത്തത്. ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ