കരുനാഗപ്പള്ളി: ആരോപണ വിധേയരെ സംരക്ഷിക്കുന്ന സിപിഎം നയത്തില്‍ മനസ്സുമടുത്തിരിക്കയാണ് പാര്‍ട്ടി അണികള്‍. എന്നാല്‍, എത്ര ആരോപണ വിധേയരായാലും സംരക്ഷിക്കുക എന്ന ലൈനിലേക്കാണ് പാര്‍ട്ടി മാറിയിരിക്കുന്നത്. ഈ ശൈലിക്കെതിരായ പൊട്ടിത്തെറിയാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.പി.എം കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ കണ്ടത്. വിഭാഗീയത ശക്തമായ ഇവിടെ അണികള്‍ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് രംഗത്തുവരികയായിരുന്നു. ഈ പൊട്ടിത്തെറി കണ്ട് പാര്‍ട്ടി നിരീക്ഷകരായി അയച്ച് സംസ്ഥാന നേതാക്കളും ഞെട്ടിപ്പോയി.

ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സമ്മേളന പ്രതിനിധികള്‍ രംഗത്തുവന്നത്. പീഡനക്കേസ് പ്രതിയെ സി.പി.എം ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്നും ഇയാള്‍ പെണ്ണിനെ പീഡിപ്പിക്കുന്ന വിഡിയോ തങ്ങളുടെ കൈകളില്‍ ഉണ്ടെന്നും വേണമെങ്കില്‍ ചാനലുകള്‍ക്ക് നല്‍കാമെന്നും പാര്‍ട്ടി അംഗങ്ങള്‍ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞു. 'പെണ്ണുപിടിയനാ അയാള്‍. അയാള്‍ പെണ്ണിനെ പീഡിപ്പിക്കുന്ന വിഡിയോ ഞങ്ങളുടെ കൈയിലുണ്ട്. ചാനലുകള്‍ക്ക് വേണമെങ്കില്‍ തരാം. അയാളെ ഇപ്പോള്‍ ലോക്കല്‍ സെക്രട്ടറിയാക്കി. അയാള്‍ ആള് ശരിയല്ല' -പ്രവര്‍ത്തകര്‍ പറഞ്ഞു.

അതിനിടെ, സമ്മേളനത്തില്‍ നിരീക്ഷകരായി എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന പ്രതിനിധികള്‍ പൂട്ടിയിട്ട സംഭവത്തിലേക്ക് നയിച്ചതും കടുത്ത വിഭാഗീയതാണ്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു .പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുന്‍ രാജ്യസഭാംഗം ബി. സോമപ്രസാദ്, കെ രാജഗോപാല്‍ തുടങ്ങിയവര്‍ സമ്മേളനത്തിയത്. ഇവരെയാണ് പൂട്ടിയിട്ടത്. ഏറെ നേരത്തിന് ശേഷം ഇവരെ തുറന്നുവിട്ടെങ്കിലും വാഹനം സി.പി.എം പ്രവര്‍ത്തകര്‍ നടുറോഡില്‍ തടഞ്ഞു. മുന്നില്‍ കിടന്നാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. ജില്ല സെക്രട്ടറിയേറ്റ് അംഗം ആയ രാധാമണിയെ പിന്‍വാതിലൂടെ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

വിഭാഗീയതയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച സി.പി.എം കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കല്‍ ലോക്കല്‍ സമ്മേളനമാണ് ഇന്ന് നടന്നത്. ആരോപണ വിധേയരായ രണ്ടുപേരെ ലോക്കല്‍ സെക്രട്ടറിമാര്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന ഏരിയാസമ്മേളനത്തിനു മുന്നോടിയായാണ് ലോക്കല്‍ സമ്മേളനം ഇപ്പോള്‍ സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്താനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇതുപ്രകാരം സമ്മേളനത്തിനെത്തിയ നേതാക്കളെയാണ് പൂട്ടിയിട്ടത്.

പി.ആര്‍ വസന്തനെ അനുകൂലിക്കുന്ന എച്ച്.എ. സലാം, ഉണ്ണികൃഷ്ണ പിള്ള എന്നിവരെയാണ് കുലശേഖരപുരം സൗത്ത്, കുലശേഖരപുരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായി തെരഞ്ഞെടുത്തതായി അറിയിച്ചത്. സ്ത്രീ പീഡന കേസില്‍ ഉള്‍പ്പെടെ പ്രതികളായ ആളുകളെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചത്. പുറത്തിറങ്ങിയ സംസ്ഥാന നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും ഇവരുടെ വാഹനത്തിനു മുന്നില്‍ മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ ഇരുപ്പു ഉറപ്പിക്കുകയും ചെയ്തു. ഇത്രയേറെ പ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടും പൊലീസ് സ്ഥലത്ത് എത്തിയില്ല. സംഭവം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാനും ശ്രമമുണ്ടായി.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ നേതാക്കള്‍ അടക്കം രംഗത്തെത്തി. പെണ്ണുപിടിയനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയെന്നാരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ രോക്ഷപ്രകടനം. സംസ്ഥാന നേതൃത്വം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കൊപ്പമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. 'കുലശേഖരപുരത്തും കരുനാഗപ്പള്ളിയിലും കള്ളു കുടിയന്മാര്‍ക്കും പെണ്ണുപിടിയന്മാര്‍ക്കുമായുള്ള പ്രസ്ഥാനമായി ഈ പ്രസ്ഥാനം നശിച്ച് നാമാവശേഷമായി. വനിതാ സഖാക്കാന്മാര്‍ക്ക് മാന്യം മര്യാദയോടെ അന്തസ്സായി പ്രസ്ഥാനത്തിന് ഒപ്പം നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കൈ പിടിച്ച് ഒടിക്കാന്‍ ശ്രമിച്ചു' സിഐടിയു ജില്ലാ കമ്മിറ്റിയംഗമായ വനിതാ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ അവര്‍ക്കൊപ്പമാണെന്നും തങ്ങള്‍ക്ക് പ്രസ്ഥാനം വേണമെന്നും വനിതാ നേതാവ് പറയുന്നു. പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനായാണ് പ്രതികരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

'സ്ത്രീ പീഡനത്തില്‍പ്പെട്ടയാളെ സെക്രട്ടറിയാക്കിയപ്പോള്‍ ശക്തമായി എതിര്‍ത്തു. എതിര്‍ത്തിട്ടും ഒരു വിലയും ഇല്ല. സംസ്ഥന കമ്മിറ്റിയംഗം ഞങ്ങള്‍ക്കെതിരെ സംസാരിച്ചു. മാന്യമായിട്ടുള്ള പ്രസ്ഥാനമാണ് വേണ്ടത്. സിപിഎം തത്വശാസ്ത്രത്തിനടിസ്ഥാനമായി പ്രവര്‍ത്തിക്കേണ്ടത്' മറ്റൊരു വനിതാ നേതാവ് പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് സഖാവെന്ന പരിഗണന നല്‍കിയിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി നന്നാകണമെന്ന് വിചാരിച്ച് മിണ്ടാതിരിക്കുമായിരുന്നുവെന്നും 21 വര്‍ഷമായി പാര്‍ട്ടിയ്ക്കായി കഷ്ടപ്പെടുന്നുവെന്നും വികാരധീനനായാണ് പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്.