- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്സഭാ തെരഞ്ഞെടുപ്പു കഴിയും വരെ ഗവർണറുമായി അനുരഞ്ജനമില്ല; ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടക്കാരാകാൻ സിപിഎമ്മിന്റെ ശ്രമം; ഗവർണർക്കെതിരേ കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ സിപിഎം; എസ്എഫ്ഐയെ കൂടാതെ പട്ടികജാതി ക്ഷേമസമിതിയും സമരവുമായി കളത്തിലിറങ്ങും
തിരുവനന്തപുരം: ബിജെപി വിരുദ്ധ ചിന്താഗതിയുള്ള കേരളത്തിൽ എങ്ങനെ രാഷ്ട്രീയം കളിക്കണം എന്ന കാര്യത്തിൽ സിപിഎമ്മിനെ ആർക്കും പഠിപ്പിക്കേണ്ട കാര്യമില്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ പ്രതിപക്ഷത്തെ ക്ഷണിക്കുന്നതും കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്നു എന്നു കാണിച്ചു സുപ്രീംകോടതിയെ സമീപിക്കുമെന്നതുമെല്ലാം ഈ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണ്. പ്രതിപക്ഷം കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതികരിക്കുന്നില്ലെന്ന് ഇടയ്ക്കിടെ മുഖ്യമന്ത്രി പറയുന്നതുമെല്ലാം സംസ്ഥാനത്തെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ്.
വരാനിരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പാണ്. അവിടെ മോദിയും ബിജെപിയുമാണ് ദേശീയ തലത്തിലെ മുഖ്യ എതിരാളികൾ അതുകൊണ്ട് തന്നെ സ്വാഭാവികമായി ബിജെപിക്ക എതിരായി കോൺഗ്രസിന് വോട്ടു ചെയ്യുന്നതാണ് കേരളത്തിന്റെ പൊതുശൈലി. ഈ ശൈലി പൊളിക്കാൻ വേണ്ടി ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടക്കാരനാകുക എന്നതാണ് സിപിഎം നയം. അതുകൊണ്ട് കൂടിയാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സമരങ്ങളുമായി ഇവർ രംഗത്തുള്ളതും. അതേസമയം എല്ലാം ഒത്തുകളിയാണെന്ന പക്ഷത്താണ് പ്രതിപക്ഷവും.
ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തിരിക്കവേ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നേരിട്ടുള്ള കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. വർഗ ബഹുജന സംഘടനയായ പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്.)യെയാണ്, എസ്.എഫ്.ഐ.ക്കു പിന്നാലെ സമരരംഗത്തിറക്കുന്നത്. 'രാജ്ഭവൻ ദളിത് പീഡന കേന്ദ്ര'മാണെന്ന ഗുരുതര ആരോപണമുന്നയിച്ച് സമരരംഗത്തിറങ്ങാൻ, കഴിഞ്ഞദിവസം സിപിഎം. സംസ്ഥാന കമ്മിറ്റി പി.കെ.എസ്.നേതൃത്വത്തിന് നിർദ്ദേശം നൽകി.
രാജ്ഭവനിൽ നടന്ന സംഭവങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സിപിഎം നീക്കം. ഗവർണറുടെ ഓഫീസിൽെവച്ച് മർദനമേറ്റശേഷം ആദിവാസി യുവാവ് വിജീഷ് മരിച്ച സംഭവം ഏറ്റെടുത്ത് സമരം ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. ഇതേത്തുടർന്ന് 17-ന് ആയിരങ്ങളെ അണിനിരത്തി രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്താൻ പി.കെ.എസ്. തീരുമാനിച്ചു. അടുത്തദിവസംതന്നെ സമരം നടത്തുന്നതിനാൽ, തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ ശ്രമം നടന്നുവരികയാണ്.
രാജ്ഭവൻ മാർച്ച് മുതിർന്ന സിപിഎം.നേതാവ് എ.കെ.ബാലനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതും രാഷ്ട്രീയ തീരുമാനമാണെന്നാണ് വിവരം. ഒന്നരമാസംമുൻപ് നടന്ന സംഭവത്തിന്റെ പേരിൽ പി.കെ.എസ്. പെട്ടെന്ന് സമരം പ്രഖ്യാപിച്ചതിലൂടെ ഗവർണർക്കെതിരേ പരമാവധി സമരങ്ങൾ നടക്കണമെന്ന രാഷ്ട്രീയ നിലപാടാണ് പുറത്തുവരുന്നത്. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഗവർണറെ പ്രതിരോധിക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന സിപിഎം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതോടെയാണ് കിട്ടിയ അവസരം വീണ്ടും ഉപയോഗിക്കുന്നത്.
സർവകലാശാലാ സെനറ്റ് അംഗങ്ങളുടെ നാമനിർദ്ദേശത്തിനെതിരേ ആഴ്ചകളായി എസ്.എഫ്.ഐ.യുടെ കരിങ്കൊടി പ്രതിഷേധങ്ങൾ നടക്കുകയാണ്. കഴിഞ്ഞയാഴ്ച ഗവർണർ ഇടുക്കി സന്ദർശിക്കാനെത്തിയ ദിവസം ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചാണ് നേരിട്ടത്. ആദിവാസി യുവാവിന്റെ മരണത്തിൽ, അസ്വഭാവിക മരണത്തിന് കേസെടുക്കുകയും ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. രണ്ടുപേർക്കെതിരേ പട്ടികജാതി, വർഗ പീഡനനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം സംസ്ഥാന സർക്കാറുമായുള്ള ശീതസമരം മൂർച്ഛിക്കുന്നതിനിടെ ജനുവരി അവസാനം ചേരുന്ന നിയമസഭ സമ്മേളനത്തിൽ താൻ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കും. ജനാധിപത്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഗവർണർ സഞ്ചരിക്കുന്ന റൂട്ട് പൊലീസ് മാറ്റുന്നത് അവരുടെ തീരുമാനമാണ്. പൊലീസ് എൽ.ഡി.എഫ് സർക്കാറിനു കീഴിലാണ്. തനിക്കെതിരെ പ്രതിഷേധിക്കുന്നതും സർക്കാറിന്റെ ആളുകളാണ്. പിന്നെ എന്തിനാണ് ഈ നാടകമെന്നും ഗവർണർ ചോദിച്ചു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു പുതുവർഷത്തിൽ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 25നു സമ്മേളനം വിളിക്കാനാണു സർക്കാർ ആലോചന. ചില ഭാഗങ്ങളിൽ വിയോജിപ്പു രേഖപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാൻ മുമ്പ് നയപ്രഖ്യാപന പ്രസംഗം വായിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ