- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലഹരിസംഘവുമായി ബന്ധമെങ്കിലും ഷാനവാസിനെ സംരക്ഷിക്കാൻ നേതാക്കൾ; മന്ത്രി സജി ചെറിയാന്റെ പി എസും എച്ച് സലാം എംഎൽഎയും അടക്കമുള്ളവർ ഷാനവാസിനെ അനുകൂലിച്ചു രംഗത്ത്; പുറത്താക്കൽ നിർദ്ദേശം അംഗീകരിച്ചില്ല; സസ്പെൻഷൻ നടപടിയിൽ ഒതുക്കിയത് കണ്ണിൽ പൊടിയിടൽ; നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റില്ല
ആലപ്പുഴ: ലഹരിക്കടത്ത് വിവാദത്തിൽ കുടുങ്ങിയെങ്കിലും സിപിഎം ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിനെ സംരക്ഷിക്കാൻ സിപിഎം നേതാക്കൾ. ഷാനവാസിനെ പിന്തുണക്കുന്ന പ്രബല വിഭാഗം തന്നെ പാർട്ടിയിലുണ്ട്. മന്ത്രിയുടെ വിശ്വസ്തർ അടക്കം ഷാനവാസിനെ പിന്തുണച്ചു കൊണ്ടു രംഗത്തുവന്നിട്ടുണ്ട്. ഇന്നലെ ഷാനവാസിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നപ്പോഴും അതിനെ എതിർക്കാനായിരുന്നു ആളുകൾ ഉണ്ടായിരുന്നത്. പുകയില കടത്തിയ കേസിൽ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിർദേശത്തെ ഒരു വിഭാഗം തള്ളുകയായിരുന്നു.
മന്ത്രി സജി ചെറിയാന്റെ പി എസ് മനു സി പുളിക്കൽ, എച്ച് സലാം എംഎൽഎ, ജി.രാജമ്മ, കെഎച്ച്. ബാബുജാൻ, ജി. വേണുഗോപാൽ, എ. മഹീന്ദ്രൻ എന്നിവർ ഷാനവാസിനെ അനുകൂലിച്ചു. പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രം മതിയെന്ന് ഇവർ നിർദ്ദേശം വയ്ക്കുകയായിരുന്നു. നഗര സഭ ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല. ഒരു വിഭാഗം എതിർത്തതിനാൽ ഷാനവാസിനെതിരായ നടപടി സസ്പെൻഷനിലൊതുങ്ങുകയായിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി മതിയെന്ന് നിലപാടെടുത്തു.
സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ ഉൾപ്പെടെ എല്ലാ മാഫിയകൾക്ക് പിന്നിലും സിപിഎം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയിൽ സിപിഎം നേതാവിന്റെ നേതൃത്വത്തിൽ പാർട്ടി സംഘം നടത്തിയ നിരോധിത പാൻ മസാലക്കടത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.സിപിഎം കൗൺസിലറുടെ വാഹനത്തിൽ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാൻ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത്?
ഒരു വശത്ത് കോടികൾ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകൾ സർക്കാർ നടത്തുമ്പോൾ മറുവശത്ത് പാർട്ടി നേതാക്കളും കേഡർമാരും ലഹരി മാഫിയകളായി പ്രവർത്തിക്കുകയാണ്. സിപിഎം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉൾപ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്. ലഹരി വിരുദ്ധ കാമ്പയിൽ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങൾ കേരളത്തിന് മുന്നിലുണ്ട്.
ലഹരി -ഗുണ്ടാ മാഫിയകൾക്ക് പിന്നിൽ സിപിഎം നേതാക്കളാണെന്ന് തെളിവ് സഹിതം ഡിസംബർ 9-ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ ഒരു മാധ്യമങ്ങളെയും ഉദ്ധരിച്ച് നിയമസഭയിൽ ഒന്നും പറയാൻ പാടില്ലെന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചതെന്നും വിഡി സതീശൻ പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ