ന്യൂഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കൈയിലിരിക്കവേയാണ് സിപിഎം എം മുകേഷിന് രണ്ട് തവണ മത്സരിക്കാന്‍ അവസരം നല്‍കിയത്. നിയമസഭയിലേക്കും, പിന്നീട് അടുത്തിടെ ലോക്‌സഭയിലേക്കും. ഇതില്‍ നിന്നും തന്നെ മുകേഷ് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവനാണെന്ന് വ്യക്തമാകും. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കോലാഹലങ്ങള്‍ കഴിയും വരെ മുകേഷിന് പാര്‍ട്ടി സംരക്ഷണം ഒരുക്കുമെന്ന് തന്നെയാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളില്‍, സിപിഎം ഏറ്റവുമധികം പണം നല്‍കിയതു മുകേഷിനാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നത്. 7 തവണകളായി 79 ലക്ഷം രൂപ മുകേഷിനു നല്‍കിയതായി തിരഞ്ഞെടുപ്പു കമ്മിഷനു പാര്‍ട്ടി നല്‍കിയ കണക്കുകളില്‍ പറയുന്നു. 49 ലക്ഷം രൂപ ലഭിച്ച ആറ്റിങ്ങല്‍ സ്ഥാനാര്‍ഥി വി. ജോയ് ആണ് രണ്ടാമത്. ഏറ്റവും കുറവു ലഭിച്ചതു ചാലക്കുടിയില്‍ മത്സരിച്ച സി.രവീന്ദ്രനാഥിനാണ് 5 ലക്ഷം രൂപ.

വയനാട്ടിലും യുപിയിലെ റായ്ബറേലിയിലും തിരഞ്ഞെടുപ്പു ചെലവിലേക്കായി രാഹുല്‍ ഗാന്ധിക്ക് 70 ലക്ഷം രൂപ വീതം നല്‍കിയതായി കോണ്‍ഗ്രസും കമ്മിഷനെ അറിയിച്ചു. കെ.സി.വേണുഗോപാലിനും (ആലപ്പുഴ) 70 ലക്ഷം രൂപ നല്‍കി. കോട്ടയം സ്ഥാനാര്‍ഥി തോമസ് ചാഴികാടനു കേരള കോണ്‍ഗ്രസ് (എം) നല്‍കിയത് 76.74 ലക്ഷം രൂപയാണ്.

ഈ കണക്കില്‍ നിന്നും മുകേഷ് എത്രകണ്ട് പ്രിയപ്പെട്ടവനാണെന്ന് വ്യക്തമാകും. അതുകൊണ്ട് തന്നെ സിപിഐയുടെ സമ്മര്‍ദ്ദത്തെ മുഖ്യമന്ത്രി പിണറായി അടക്കമുള്ളവര്‍ കണ്ടില്ലെന്ന് നടിക്കും. പ്രതിപക്ഷം പോലും മുകേഷിന്റെ രാജി ആവശ്യപ്പെട്ടിരുന്നില്ല. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം നേരിട്ടറിയിച്ചു.

സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിര്‍വാഹക സമിതിയില്‍ ഭിന്നത ഉണ്ടായിരുന്നെങ്കിലും എംഎല്‍എ സ്ഥാനമൊഴിയണമെന്ന നിലപാടാണ് പൊതുതീരുമാനമായി വന്നത്.

സി.പി.ഐ. സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി, കമലാ സദാനന്ദന്‍, പി. വസന്തം എന്നിവര്‍ മുകേഷിന്റെ രാജിവേണമെന്ന കര്‍ശന നിലപാടെടുത്തിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ.മാരായ എം. വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരേയുള്ള ആരോപണം, മുകേഷിന്റെ രാജി ഒഴിവാക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ല.

സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന വലിയ ചൂഷണത്തിന്റെ വിവരങ്ങളാണ് ഹേമ കമ്മിറ്റിയിലൂടെ പുറത്തുവന്നത്. അതിനുപിന്നാലെയാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുമുണ്ടായത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ഒരാളെ സംരക്ഷിച്ചുനിര്‍ത്തുന്നത് ഇടതുപക്ഷത്തിന് ചേര്‍ന്നതല്ല. അതിനാല്‍, രാജി ആവശ്യം മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്. കണ്‍വീനറെയും സി.പി.എം. സംസ്ഥാന സെക്രട്ടറിയെയും അറിയക്കണമെന്നായിരുന്നു യോഗത്തിലുണ്ടായ അഭിപ്രായം.

അതേസമയം മുകേഷിന്റെ രാജി ആവശ്യം നിരാകരിക്കാന്‍ സി.പി.എമ്മിന് ആയുധമാകുന്നത് രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരായ കേസുകള്‍. കോവളം എം.എല്‍.എ എം. വിന്‍സെന്റ്, പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ക്കെതിരെയാണ് സ്ത്രീപീഡന കേസുകള്‍ നിലവിലുള്ളത്.

ഇരുവരും രാജിവെച്ചിട്ടില്ലാത്തതിനാല്‍ എന്തിന് മുകേഷിന്റെ രാജി എന്ന ചോദ്യത്തിന് പ്രതിപക്ഷത്തിന് ഉത്തരമില്ല. എറണാകുളം സ്വദേശി അധ്യാപികയുടേതാണ് എല്‍ദോസിനെതിരായ പരാതി. 2022ല്‍ വന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ എല്‍ദോസിന് ജയിലില്‍ കിടക്കേണ്ടി വന്നില്ല. വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കി വഞ്ചിച്ചു, മര്‍ദിച്ചുഎന്നിങ്ങനെയാണ് പരാതി. എല്‍ദോസിന്റെ രാജി ഇടതുപക്ഷം ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല.

കുറച്ചുനാള്‍ പൊതുരംഗത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നേടിയതിന് ശേഷം ഇപ്പോള്‍ നിയമസഭയിലടക്കം അദ്ദേഹം സജീവമാണ്. കോവളത്തെ വീട്ടമ്മയുടെ പരാതിയില്‍ എം. വിന്‍സെന്റ് എം.എല്‍.എ അറസ്റ്റിലായിരുന്നു. 2017ലെ കേസില്‍ ഒരു മാസത്തോളം ജയിലില്‍ കഴിയേണ്ടിയും വന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭരണപക്ഷ എം.എല്‍.എ തന്നെ കുടുങ്ങിയത് സര്‍ക്കാറിനെ തളയ്ക്കാന്‍ പ്രതിപക്ഷത്തിനുള്ള സുവര്‍ണാവസരമാണ്. എന്നാല്‍, സ്വന്തം എം.എല്‍.എമാരുടെ കേസുകള്‍ പ്രതിപക്ഷത്തിന് വിനയായി.