മധുര: സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടിയറി. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി. പൊളിറ്റ്ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം അല്‍പസമയത്തിനകം ഉദ്ഘാടനം ചെയ്യും. സിപിഐ, സിപിഎംഎംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ സമ്മേളനത്തെ അധിസംബോധന ചെയ്യും.

കേരളത്തില്‍ നിന്നും 175 പ്രതിനിധികള്‍ അടക്കം 800 ഓളം പ്രതിനിധികളാണ് സമ്മേളത്തില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. മുതിര്‍ന്ന പിബി അംഗം ബി വി രാഘവലു സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉച്ചതിരിഞ്ഞാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക. മൂന്നിന് വൈകീട്ട് അഞ്ചിന് 'ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്' സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും.

കേരള സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്യും. പ്രമേയത്തിലെ വിവരങ്ങളും പുറത്തുവന്നു.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഉള്ള നീക്കത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നുവെന്നും അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രമേയത്തില്‍ പറയുന്നു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. നവ കേരള രേഖയെക്കുറിച്ച് പ്രത്യേകം പരാമര്‍ശമില്ല. ഹിന്ദുത്വ ശക്തികളെ സര്‍ക്കാര്‍ ശക്തമായി ചെറുക്കുന്നുവെന്നും ഗവര്‍ണര്‍മാരെയും സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ഭരണപരമായ ഉപജാപങ്ങളിലൂടെയും ബില്ലുകള്‍ തടഞ്ഞുവച്ചും ഗവര്‍ണര്‍ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.

കേരളത്തിനെതിരെ കേന്ദ്രം അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും കേരളത്തിലുള്ള സഹായങ്ങള്‍ തടഞ്ഞുവെച്ച് അത് മറച്ചുവെക്കാന്‍ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുകയാണെന്നും പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ 19 പ്രമേയങ്ങളായിരിക്കും അവതരിപ്പിക്കുക. ജാതി സെന്‍സസ് അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ടും പ്രമേയം അവതരിപ്പിക്കും.

2022ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും കേരള സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെയും നാമധേയത്തിലാണ് സമ്മേളന, പ്രതിനിധി സമ്മേളന നഗരികള്‍. കേരളത്തില്‍ നിന്നുള്ള 175 പേരടക്കം 731 പ്രതിനിധികളും 80 നിരീക്ഷകരും പങ്കെടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറിന് റിങ് റോഡ് ജങ്ഷനുസമീപം എന്‍. ശങ്കരയ്യ സ്മാരക ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.

പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കും പാര്‍ലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു എന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരുന്നില്ലെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് ദിവസം നീളുന്ന സമ്മേളനം 6ന് സമാപിക്കും.