തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്ന മുറയ്ക്ക് മാത്രം തുടര്‍നടപടി മതിയെന്ന് തൃശൂരില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമപരമായി തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെ എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എഡിഎമ്മിന്റെ മരണം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സിപിഎം ഗൗരവമായി ചര്‍ച്ച ചെയ്തതുമില്ല.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആയതിനു ശേഷം മാത്രം തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് തീരുമാനം. മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഉള്‍പ്പെടെ കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടു പോകട്ടെ എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം കൂറുമാറ്റത്തിനു കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതു സംഘടനാ നടപടിയുടെ ഭാഗമാണ്. ഇനിയുള്ള കാര്യങ്ങള്‍ നിയമപരമായ നടപടികള്‍ക്കു ശേഷം പരിഗണിക്കാമെന്ന തരത്തിലാണ് ചര്‍ച്ച നടന്നത്. ചൊവ്വാഴ്ചയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. കോടതി തീരുമാനത്തിന് അനുസരിച്ച് തുടര്‍നടപടികള്‍ ആലോചിക്കും.

ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റിയിട്ടുണ്ട്. അതൊരു നടപടിയാണ്. ബാക്കിയുള്ള കാര്യങ്ങള്‍ നിയമപരമായി അതിന്റെ വഴിക്ക് നടക്കട്ടെയെന്നാണ് സിപിഎം നിലപാട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. അക്കാര്യം കൂടി അറിഞ്ഞ ശേഷം, കോടതിയെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് എങ്ങനെയാണോ നടപടി വേണ്ടത് അങ്ങനെ മതിയെന്നും അതിനപ്പുറത്തേക്ക് ഒരു തീരുമാനമോ തിരക്കിട്ട നടപടിയോ വേണ്ടെന്നാണ് സിപിഎം നിലപാട്.

ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ഗൗരവമായി ചര്‍ച്ച ചെയ്തത് ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ മൂന്നു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ത്വരിതപ്പെടുത്തും. വയനാട്ടില്‍ ഉള്‍പ്പെടെ അതിശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു.

അതേ സമയം, എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ പിപി ദിവ്യ കീഴടങ്ങില്ലെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്ന് വിവരം പുറത്തുവന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് കാത്തിരിക്കുന്നുവെന്നും കീഴടങ്ങുമെന്നത് അഭ്യൂഹം മാത്രമെന്നുമാണ് വിശദീകരണം. ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്ത് പരിയാരം മെഡിക്കല്‍ കോളേജില്‍ അവധി നീട്ടാന്‍ അപേക്ഷ നല്‍കി.

അതിനിടെ അന്വേഷണസംഘം ഇന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെത്തി. യാത്രയയപ്പ് ദിവസത്തെ വിവരങ്ങളറിയാന്‍ പ്രസിഡന്റിന്റെ ഓഫീസ് ജീവനക്കാരുടെ മൊഴിയെടുത്തു. ആരോഗ്യവകുപ്പ് നടപടിക്കൊരുങ്ങവെ കൈക്കൂലി ആരോപണമുന്നയിച്ച ടി. വി. പ്രശാന്ത് പത്ത് ദിവസത്തേക്ക് കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കി. സര്‍വീസ് ചട്ടങ്ങള്‍ പ്രശാന്ത് ലംഘിച്ചെന്ന് വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.