തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല എന്ന നിലപാട് അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസുമായി സഹകരണമില്ല

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തോടുള്ള എം.വി. ഗോവിന്ദന്റെ പ്രതികരണം തീര്‍ത്തുപറയുന്നതായിരുന്നു: 'കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെയോ ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെയോ എതിര്‍ക്കാന്‍ നിലപാട് സ്വീകരിക്കില്ല.'

എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. വര്‍ഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചതെന്നും, മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളോടു യോജിച്ചാണ് യുഡിഎഫ് മത്സരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും, തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ യഥാര്‍ഥത്തില്‍ ബിജെപിയെയും സഹായിച്ചിട്ടുണ്ട്.

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശമായ പന്തളം മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. ബിജെപിയില്‍ നിന്ന് കുളനട, ചെറുകോല്‍ തുടങ്ങിയ പഞ്ചായത്തുകള്‍ തിരിച്ചുപിടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജയിക്കാനായി എന്നത് ഒഴിച്ചാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ചിട്ടും എന്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്ന് വിശദമായി പരിശോധിക്കും. ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്ന് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസ്സിലാക്കി കൂടുതല്‍ ശക്തമായി ഇടപെട്ട് മുന്നോട്ട് പോകാനാണ് പാര്‍ട്ടി ശ്രമിക്കുക.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തിരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രതീക്ഷിതമായ തിരിച്ചടി സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തിരിച്ചടിയേറ്റില്ലെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍:

2010-ല്‍ 6 ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങളില്‍ വിജയിച്ച സ്ഥാനത്ത് ഇപ്പോള്‍ അത് 7 ആയി വര്‍ദ്ധിച്ചു. 2010-ല്‍ 59 ബ്ലോക്ക് പഞ്ചായത്തുകളില്‍ വിജയിച്ച സ്ഥാനത്ത് ഇപ്പോള്‍ അത് 77 ആയി വര്‍ദ്ധിച്ചു. ഗ്രാമപഞ്ചായത്തില്‍ 2010-ലെ 360 വിജയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ 343 എണ്ണത്തില്‍ വിജയിച്ചു. 70 എണ്ണത്തിന്റെ തുല്യത കൂടി കണക്കിലെടുത്താല്‍ വലിയ തിരിച്ചടിയില്ല. സംഘടനാ തലത്തില്‍ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധനക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തും.

45 ദിവസത്തിനകം മോദി തലസ്ഥാനത്ത് എത്തുമെന്ന് ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി നേടിയ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി വി.വി. രാജേഷ് രംഗത്തെത്തി. താന്‍ മാത്രമല്ല, തിരുവനന്തപുരം നഗരം വിജയിച്ചിരിക്കുകയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

വി.വി. രാജേഷിന്റെ വാക്കുകള്‍:

'ബിജെപി മാത്രമല്ല, തിരുവനന്തപുരം നഗരം വിജയിച്ചിരിക്കുകയാണ്. ജനങ്ങള്‍ വളരെ മോശപ്പെട്ട സാഹചര്യത്തിലായിരുന്നു. അവരൊക്കെ തന്നെ ഇന്ത്യയിലെ മികച്ച നഗരത്തിലേക്ക് നടന്നടുക്കുകയാണ്. ജനങ്ങള്‍ നല്‍കിയ അംഗീകാരമാണിത്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയം ആഘോഷിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള പ്രഖ്യാപനവും വി.വി. രാജേഷ് നടത്തി. '45 ദിവസത്തിനകം നരേന്ദ്ര മോദി തിരുവനന്തപുരത്ത് വരും.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ വി.വി. രാജേഷ് വിജയിച്ചത്.