- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് കത്തിച്ചു; പോസ്റ്ററുകളും ഫര്‍ണിച്ചറുകളും കൊടിതോരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു; പിന്നില്‍ മുസ്ലിം ലീഗെന്ന് ആരോപണം; പഞ്ചായത്ത് ഭരണമാറ്റത്തിന് പിന്നാലെ പാറാട് സംഘര്‍ഷം രൂക്ഷം; വന്‍ പോലീസ് സന്നാഹം
പാനൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് കത്തിച്ചു
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംഘര്‍ഷം വിട്ടൊഴിയാതെ കണ്ണൂരിലെ പാനൂര്‍ മേഖല. പാറാട് പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയാണ് അക്രമമുണ്ടായത്. ഓഫീസ് അടിച്ചുതകര്‍ക്കുകയും പെട്രോളൊഴിച്ച് തീയിടുകയും ചെയ്തു. കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെ മേഖലയില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥ ഇതോടെ അതിരൂക്ഷമായിരിക്കുകയാണ്.
സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി കൂടി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് നേരെയാണ് അക്രമം നടന്നത്. വൈകുന്നേരം പാര്‍ട്ടി വിശദീകരണ യോഗത്തിന് മുന്നോടിയായി കൊടിതോരണങ്ങള്‍ എടുക്കാന്‍ ഓഫീസ് തുറന്നപ്പോഴാണ് തീയിട്ട വിവരം പുറത്തറിയുന്നത്. ഓഫീസിനുള്ളിലുണ്ടായിരുന്ന പോസ്റ്ററുകളും ഫര്‍ണിച്ചറുകളും കൊടിതോരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു.
ഓഫീസിന്റെ എയര്‍ഹോളിലൂടെ പെട്രോള്‍ അകത്തേക്ക് ഒഴിച്ച് തീ കൊളുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത വിശദീകരണ യോഗം നടക്കുന്നതിനിടെയാണ് അക്രമം വെളിച്ചത്തായത്. പാനൂരിലും പാറാടും കഴിഞ്ഞ ദിവസങ്ങളില്‍ വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് വലിയ വിവാദമായിരുന്നു. അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട പലരെയും പോലീസ് ഇനിയും പിടികൂടാനുണ്ട്. ഇതിനിടെ ഓഫീസ് കത്തിച്ച സംഭവം കൂടിയായതോടെ മേഖലയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു.




