- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിക്കെന്തിനാ പിണറായിയുടെ നിഴലായ ഒരു സെക്രട്ടറി? സംസ്ഥാന സെക്രട്ടറിയുടെ പിണറായിയോടുള്ള സമീപനം സംശയാസ്പദം; കൃഷി മന്ത്രി വള്ളിച്ചെരുപ്പിട്ട് നടന്നിട്ട് കാര്യമില്ല; പ്രാദേശിക നേതൃത്വം മർകസ് നോളജ് സിറ്റിയുടെ നിയമലംഘനങ്ങൾക്കെതിരേ പൊരുതുമ്പോൾ കാനം അവിടം സന്ദർശിച്ചത് ഗുരുതരമായ തെറ്റ്; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം
കോഴിക്കോട്: തെക്കൻ ജില്ലകളിലെ സമ്മേളനങ്ങളിലെല്ലാം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമർശനങ്ങളുടെ പൊങ്കാലയായിരുന്നു. വടക്കോട്ട് എത്തുമ്പോഴേക്കും അതിന് യാതൊരു മയവുമില്ലാത്ത രീതിയിലേക്കു മാറിയിരിക്കയാണ്. കോഴിക്കോട്ട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ കെ ഇ ഇസ് മയിൽ പക്ഷത്തിനാണ് മുൻതൂക്കം.
സി പി എമ്മിലെ വി എസ് പിണറായി കാലത്തെപോലെ കടുത്ത വിഭാഗീയതയും പല കാര്യങ്ങളിലും പരസ്യ പ്രസ്താവനകളിലുമൊന്നും എന്ന പോലെ സിപിഐയിലെ ഉൾപാർട്ടി പോര് ദൃശ്യമല്ലെങ്കിലും അത് ആരും കരുതുംപോലെ അത്ര നിസ്സാരമല്ല, വിള്ളലിലേക്കുവരെ എത്തിച്ചേക്കാവുന്നത്രയും സങ്കീർണമാണെന്നാണ് ഈ കളികളിലൊന്നും താൽപര്യമില്ലാത്ത നേതാക്കളിൽ ഒരു വിഭാഗം തന്നെ സാക്ഷ്യപ്പെടുത്തുന്നത്. പാർട്ടിക്കെന്തിനാണ് പിണറായിയുടെ നിഴലിൽ മാത്രം സ്വന്തമായ അസ്തിത്വമില്ലാത്ത ഒരു സെക്രട്ടറിയെന്ന അതീവ ഗുരുതരമായ ചോദ്യവും ഇന്നലെ നടന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുചർച്ചയിൽ ഉയർന്നുവന്നുവെന്നത് ചില്ലറകാര്യമല്ല.
തെക്കൻ ജില്ലകളിൽ ഉൾപ്പെടെ മിക്ക ജില്ലാ സമ്മേളനങ്ങളിലും പാർട്ടി സംസ്ഥാന സെക്രട്ടറി സജീവ സാന്നിധ്യമായിരുന്നു. പല ജില്ലകളിലും സമ്മേനത്തിന്റെ ഭാഗമാവാതിരുന്നിട്ടും എല്ലാ കാര്യങ്ങളിലും അന്വേഷണങ്ങളും നിർദേശങ്ങൾ നൽകലുമെല്ലാം സെക്രട്ടറിറിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാൽ കോഴിക്കോട്ട് സമ്മേളനത്തിലോ, അതിന് മുൻപോ കാനം രാജേന്ദ്രൻ എന്ന സെക്രട്ടറിയുടെ പൊടിപോലുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.
സമ്മേളന നടപടികൾ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ കാനം വിട്ടുനിൽക്കുന്നതിനെക്കുറിച്ച് പത്ര ദൃശ്യമാധ്യമങ്ങളിലെല്ലാം സജീവമായ വാർത്തകൾ ഉണ്ടായിട്ടും പേരിനുപോലും ഒന്നു സമ്മേളന നഗരിയിൽ വന്നുപോകാൻ കാനം തയാറാവാതിരുന്നത് അണികളെ കുറച്ചൊന്നുമല്ല രോഷകുലരാക്കിയിരിക്കുന്നത്.
സ്വന്തം പാർട്ടിയുടെ മുഖമെന്നാൽ സംസ്ഥാന തലത്തിൽ അത് സംസ്ഥാന സെക്രട്ടറിതന്നെയാണ്. അതിൽ ആർക്കും ഒരു തർക്കവുമില്ല. സി പി എമ്മുമായി കൊമ്പുകോർക്കേണ്ടുന്ന ഏത് വിഷയം വന്നാലും അതിലൊന്നും സെക്രട്ടറി ഒരക്ഷരം മിണ്ടുന്നത് കണ്ടിട്ടില്ല. ലോകായുക്ത വിഷയത്തിലെങ്കിലും ശക്തമായ ഒരു നിലപാട് തങ്ങളുടെ നേതാവിൽനിന്ന് ഉണ്ടാവുമെന്നായിരുന്നു ഭൂരിഭാഗം പ്രവർത്തകരും കോഴിക്കോട്ടു കൂടിയ നേതാക്കളുമെല്ലാം പ്രതീക്ഷിച്ചത്.
തുടക്കത്തിൽ ഇപ്പോ ശരിയാക്കിത്തരാം പിണറായിയെയും ലോകായുക്ത ബില്ലിനെയുമെന്ന് പറഞ്ഞ് കച്ച മുറുക്കി ഇറങ്ങിയ കാനം സാക്ഷാൽ പിണറായി പ്രതിഷേധം മാറ്റിവെച്ച് അനങ്ങാതെ ഞങ്ങൾക്കൊപ്പം നിന്നോയെന്ന് കണ്ണുരുട്ടിയപ്പോഴേക്കും അതുവരെ പറഞ്ഞതെല്ലാം വിഴുങ്ങിയെന്നും ചർച്ചയിൽ പങ്കെടുത്തവർ വിമർശിച്ചു.
വെളിയം ഭാർഗവനെപ്പോലെ പാർട്ടിക്കും സമൂഹത്തിനുമായി നിസ്വാർഥ സേവനം ചെയ്യുകയും പ്രതിഷേധിക്കേണ്ടിടത്ത് പ്രതിഷേധിക്കുകയും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയുമെല്ലാം ചെയ്ത മഹാന്മാർ ഇരുന്ന കസേരയിൽ ഇരുന്നാണ് കാനം മലർന്നു കിടന്നു തുപ്പുന്നതെന്ന തരത്തിൽവരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. പാർട്ടി മന്ത്രിമാർക്ക് തങ്ങളുടെ വകുപ്പിലും സി പി എം മന്ത്രിമാരെപ്പോലെ കാഴ്ചക്കാരായി കളി കാണാനെ യോഗമുള്ളുവെന്ന വിമർശനവും സമ്മേളന വേദിയിൽ കേട്ടു.
കൃഷി വകുപ്പെന്നത് സിപിഐയുടെ വകുപ്പാണോയെന്നുപോലും പ്രവർത്തകർ സംശയിക്കേണ്ടുന്ന അവസ്ഥയാണുള്ളത്. എല്ലാം തീരുമാനിക്കുന്നത് സി പി എം ആണ്. വകുപ്പിനെ നിയന്ത്രിക്കാനാവാതെ മന്ത്രി വള്ളിച്ചെരിപ്പിട്ട് നടന്നിട്ടോ, മരം നട്ടുപിടിപ്പിച്ചിട്ടോ കാര്യമില്ലെന്നും വിമർശകർ തുറന്നടിക്കുന്നു.
പിണറായിക്കും സി പി എമ്മിനും മുമ്പിൽ സംസ്ഥാന സെക്രട്ടറി വിനീത വിധേയനായി നിലയുറപ്പിച്ചിരിക്കുന്നതിന്റെ പിന്നിലെ താൽപര്യമെന്താണെന്നാണ് അണികൾക്ക് പിടികിട്ടാത്തത്. ആർക്കുമെതിരേ ഇ ഡിയുമായി എത്തുന്ന നരേന്ദ്ര മോദിയെയും അമിത് ഷായെയുംപോലെ കാനം ഭയപ്പെടുന്ന എന്തു വജ്രായുധമാണ് പിണറായിയുടെ പക്കലുള്ളതെന്നും നേതാക്കളും പ്രവർത്തകരുമെല്ലാം ഔദ്യോഗിക തിരക്കുകൾക്കിടയിലെ കുശലപ്രശ്നങ്ങളുടെ വേളകളിൽ പരസ്പരം ചോദിക്കുന്ന സ്ഥിതിയാണ്.
ആനി രാജക്കെതിരായ കാനത്തിന്റെ പരാമർശവും നോളജ് സിറ്റിക്കെതിരേ പ്രാദേശിക നേതൃത്വത്തിന്റെ വികാരം അറിയാമായിരുന്നിട്ടും ഒരു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന നേതാവുമൊന്നും ചെയ്യാൻ മുതിരാത്ത കാര്യം കാനം രാജേന്ദ്രൻ ചെയ്തതുമെല്ലാം സി പി എമ്മിന് മുന്നിൽ കരുത്തുണ്ടെന്നു സ്വയം വിശ്വസിക്കാനെങ്കിലും പെടാപാടുപെടുമ്പോൾ വേലിതന്നെ വിളവ് തിന്നുന്നതുപോലുള്ള ഒരു നിലപാടിലേക്കു പാർട്ടി സെക്രട്ടറി എന്തിനാണ് തരംതാഴുന്നതെന്നും പ്രവർത്തകർ ചോദിക്കുന്നു.
സമ്മേളനങ്ങളെല്ലാം അധികം വൈകാതെ അവസാനിക്കുമെങ്കിലും സിപിഐ നേരിടുന്ന അസ്തിത്വ പ്രതിസന്ധിക്കൊപ്പം പാർട്ടി താൽപര്യങ്ങൾ ബലി കഴിച്ചുള്ള സംസ്ഥാന സെക്രട്ടറിയുടെ നിലപാട് പാർട്ടിയെ എങ്ങോട്ടെത്തിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. സേവനക്കെതിരേ ഇത്രവർഷമായിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടാവുന്നില്ലെന്നു ബോധ്യപ്പെട്ടതിനാൽ ഇത്തരത്തിൽ അനേകം പുതിയ സംരംഭങ്ങളും യുവാക്കളെ ചൂഷണം ചെയ്യാൻ കമ്പോളത്തിൽ സജീവമായുണ്ട്. ഇവക്കെല്ലാം ആരു വിലങ്ങിടുമെന്നാണ് ഇനി അറിയേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ