കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലുമായി ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ സീറ്റ് ഉറപ്പു നല്‍കിയിരുന്നുവെന്നും തന്നോട് നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.

കൊച്ചി മേയര്‍ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്ന ഉറപ്പ് കെപിസിസി പ്രസിഡന്റ് തന്നെ നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പട്ടികയാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഏതെങ്കിലും സീറ്റ് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ദീപ്തി മേരി വര്‍ഗീസ് ചൂണ്ടിക്കാട്ടി.

തന്റെ മണ്ഡലം തൃക്കാക്കരയാണ്. തൃക്കാക്കരയില്‍ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് നിലവില്‍ എം എല്‍ എ. അവര്‍ തന്നെ മല്‍സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വീഴ്ചയ്ക്ക് നേതൃത്വം തിരുത്തല്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് അതൃപ്തിക്കിടയാക്കിയിരുന്നു. പ്രശ്‌ന പരിഹാരമെന്ന നിലയില്‍ ദീപ്തിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി ദീപ്തി രംഗത്തെത്തിയിരിക്കുന്നത്.

ദില്ലിയിലെ സീറ്റ് ചര്‍ച്ചകളില്‍ കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് നേതൃത്വത്തോടുളള ദീപ്തിയുടെ ഓര്‍മപ്പെടുത്തല്‍. മേയര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ട ഘട്ടത്തില്‍ കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടണമെന്ന ആവശ്യമാണ് ദീപ്തി പരോക്ഷമായി ഉന്നയിക്കുന്നത്.

സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിഭാഗവും മല്‍സരിക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും തൃക്കാക്കര സീറ്റില്‍ തന്റെ പേര് പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട് ദീപ്തിക്ക്. കെസി വേണുഗോപാല്‍ ഗ്രൂപ്പുകാരിയായ ദീപ്തിയെ കൊച്ചി മണ്ഡലത്തിലേക്കും പരിഗണിക്കുന്നുണ്ട് കോണ്‍ഗ്രസ്. എന്നാല്‍, മേയര്‍ സ്ഥാനത്തേക്കുളള ദീപ്തിയുടെ വരവ് തടഞ്ഞ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും എതിര്‍പ്പ് തുടരുകയാണ്. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ ദീപ്തിയുടെ നിലപാട് എന്തെന്നതും പ്രധാനമാണ്.