കൊച്ചി: യുഡിഎഫ് തീരുമാനം എടുക്കും മുന്‍പേ കൊച്ചിയില്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുത്ത് ദീപ്തി മേരി വര്‍ഗീസ്. നോമിനേഷന്‍ ഫോം ഫില്‍ ചെയ്തും പോസ്റ്റര്‍ പ്രിന്റ് ചെയ്തും ദീപ്തി പ്രചാരണത്തിന് തയ്യാറെടുക്കുകയാണ്. ഇനി കൊച്ചിയിയില്‍ സര്‍വം ദിപ്തം 'എന്ന പേരിലാണ് ദീപ്തി മേരി വര്‍ഗ്ഗീസ് പോസ്റ്റര്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് കാണിക്കുന്ന പോസ്റ്ററിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രിന്റ് പാര്‍ക്ക് എന്ന പ്രസിലാണ് പോസ്റ്റര്‍ അടിച്ചിരിക്കുന്നത്.

അതേസമയം മുഹമ്മദ് ഷിയാസിന്റെ പേരിനാണ് കൊച്ചിയില്‍ മുന്‍തൂക്കം. കെ സി വേണുഗോപാലില്‍ പ്രതീക്ഷ വെച്ചാണ് ദീപ്തി മേരി വര്‍ഗീസ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. എന്നാല്‍, ഷിയാസ് സ്ഥാനാര്‍ഥിയായേക്കും എന്നാണ് സൂചനകള്‍. സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങളില്‍ കറങ്ങി ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചി മണ്ഡലത്തില്‍ മത്സരിക്കുന്നതിന് എതിനെ നേരത്തെ ലത്തീന്‍ സഭ രംഗത്തുവന്നിരുന്നു.

കൊച്ചി 'ലത്തീന്‍ മണ്ഡല'മായാണ് കോണ്‍ഗ്രസില്‍ കണക്കാക്കിയിട്ടുള്ളത്. അവിടേക്കാണ് ഷിയാസ് എത്തുന്നത്. കൊച്ചി സീറ്റില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ വിഭാഗത്തില്‍നിന്നുള്ള ടോണി ചമ്മണിയാണ് മത്സരിച്ചിരുന്നത്. അവിടേക്ക് ഐ ഗ്രൂപ്പിലെ വി.ഡി. സതീശന്‍ വിഭാഗത്തില്‍നിന്ന് മുഹമ്മദ് ഷിയാസ് വരുമ്പോള്‍ എ വിഭാഗം മറ്റൊരു സീറ്റ് ആവശ്യപ്പെട്ടേക്കും. വൈപ്പിനില്‍ സതീശന്റെ അനുയായി ഷാരോണ്‍ പനയ്ക്കലിന്റെയും മുന്‍ മേയര്‍ ടോണി ചമ്മണിയുടെയുമെല്ലാം പേരുകളാണ് പ്രധാനമായും ഉയര്‍ന്നിട്ടുള്ളത്.

വൈപ്പിനും സതീശന്‍ വിഭാഗത്തിന് നല്‍കുകയാണെങ്കില്‍ എ വിഭാഗത്തിന് രണ്ട് സീറ്റുകള്‍ നഷ്ടമാവും. അതുകൊണ്ടുതന്നെ തൃപ്പൂണിത്തുറ സീറ്റ് വിട്ടുകൊടുക്കാതിരിക്കാന്‍ എ വിഭാഗം പ്രത്യേകം ശ്രദ്ധിക്കും. ഡെപ്യൂട്ടി മേയര്‍ ദീപക് ജോയിയെയാണ് എ വിഭാഗം അവിടേക്ക് പരിഗണിക്കുന്നത്.

ലത്തീന്‍ സമുദായത്തിനായി എറണാകുളം സീറ്റും മാറ്റിവെയ്ക്കും. അവിടെ ടി.ജെ. വിനോദ് എം.എല്‍.എ. തന്നെയാവും മത്സരിക്കുക. തൃക്കാക്കരിയല്‍ ഉമ തോമസിനെയാണ് പ്രഖ്യാപിച്ചത്. നേരത്തെ കൊച്ചി നിയമസഭാ സീറ്റില്‍ സഭയുടെ താല്‍പര്യം പരിഗണിച്ചുള്ള സ്ഥാനാര്‍ഥി വേണമെന്ന് രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ട് ലത്തീന്‍സഭ. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്നുമാണ് നിലപാട്.

ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന് കൊച്ചിയില്‍ മല്‍സരിക്കേണ്ടിവന്നാല്‍ മാര്‍ഗതടസം നീക്കാന്‍ സഭാ നേതൃത്വവുമായി കോണ്‍ഗ്രസ് സംസാരിക്കും. കൊച്ചി പിടിക്കാന്‍ ലത്തീന്‍ സഭയുടെ പിന്തുണകൂടിയേത്തീരൂ എന്നതാണ് മണ്ഡലത്തിന്റെ സാമുദായിക ചിത്രം.