- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്നത് ക്രൂര കൊലപാതക, ശരീരത്തില്‍ 23 കുത്തുകള്‍ ഏറ്റു; സന്ദീപിന് വധശിക്ഷ നല്‍കണം; അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍; ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാര്‍, കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സന്ദീപിന്റെ വാദം; വാദം കേട്ട് വിതുമ്പി വന്ദനയുടെ മാതാപിതാക്കള്‍; ഡോ. വന്ദനദാസ് കൊലക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ച
നടന്നത് ക്രൂര കൊലപാതക, ശരീരത്തില്‍ 23 കുത്തുകള്‍ ഏറ്റു; സന്ദീപിന് വധശിക്ഷ നല്‍കണം

കൊല്ലം: ഡോ. വന്ദനദാസ് കൊലക്കേസില്‍ മറ്റന്നാള്‍ വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷ വാദം പൂര്‍ത്തിയായിട്ടുണ്ട്. പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാണെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. വാദത്തിനിടെ വന്ദനയുടെ അച്ഛനും അമ്മയും കോടതിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു.
ശിക്ഷ വിധിക്കുമ്പോള്‍ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്നും വന്ദനയുടെ പ്രായം ഉള്‍പ്പെടെ കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ചികിത്സയ്ക്ക് വന്ന പ്രതിക്ക് വേണ്ട ചികിത്സ നല്‍കുകയാണ് വന്ദന ചെയ്തത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആളാണ് വന്ദന. നടന്നത് ക്രൂര കൊലപാതകമാണ്. ശരീരത്തില്‍ 23 കുത്തുകള്‍ ഏറ്റു. പ്രതി ചെയ്തത് അപൂര്‍വങ്ങളില്‍ അപൂര്‍വം ആയിട്ട് കണക്കിലാക്കണമെന്നും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നേരെ ഉണ്ടായ ക്രൂര കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി. മകളെ കൊലപ്പെടുത്തിയ രീതി പ്രോസിക്യൂഷന്‍ കോടതിയില്‍ വിവരിച്ചതു കേട്ട് കോടതിക്കുള്ളില്‍ ഉണ്ടായിരുന്ന വന്ദനയുടെ മാതാപിതാക്കള്‍ വിതുമ്പി.
2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ വന്ദന ദാസിനെ കൊലപെടുത്തിയ കേസില്‍ പ്രതി കുടവട്ടൂര്‍ സ്വദേശി സന്ദീപ് കുറ്റക്കാരന്‍ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, വധശ്രമം, സ്ത്രീകള്‍ക്ക് എതിരെ ഉള്ള അതിക്രമം ഉള്‍പ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളില്‍ എല്ലാം പ്രതി കുറ്റക്കാരന്‍ എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കരുതികൂട്ടി ചെയ്തത് അല്ലെന്നും പെട്ടെന്ന് ഉണ്ടായ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അതിക്രമം നടത്തിയത് എന്നുമായിരുന്നു പ്രതിഭാഗം വാദം.
സന്ദീപിന് പ്രശ്‌നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിധി കേള്‍ക്കാന്‍ വന്ദനയുടെ അച്ഛനും അമ്മയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയില്‍ എത്തിയിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് പ്രതാപ് ജി.പടിക്കല്‍ ആണ് പ്രോസിക്യൂഷന്‍ വേണ്ടി ഹാജരായത്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ ഹാജരാക്കിയത്.
തൊണ്ണൂറു ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ സാക്ഷിയായ കേസും ഡോ. വന്ദനദാസ് കൊലക്കേസില്‍. വൈദ്യശാസ്ത്ര രംഗത്തെ വിവിധ മേഖലകളിലെ 35 ഡോക്ടര്‍മാരെയാണ് കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. കൃത്യത്തിന്റെ തൊട്ടുമുന്പ് പ്രതി സ്വന്തം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ ഹാജരാക്കി. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് ചുമതല ഏറ്റെടുത്തതോടെ അന്വേഷണം പൂര്‍ത്തിയാക്കി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു.
ചികിത്സയ്ക്കിടെ അക്രമാസക്തനായ സന്ദീപിന്റെ കുത്തേറ്റ് മെയ് 10നു പുലര്‍ച്ചെ 4.30നായിരുന്നു ഹൗസ് സര്‍ജന്‍ വന്ദനദാസ് (24) കൊല്ലപ്പെട്ടത്. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ എഎസ്‌ഐ മണിലാല്‍, പൂയപ്പള്ളി സ്റ്റേഷനിലെ ഹോം ഗാര്‍ഡ് അലക്‌സ്‌കുട്ടി, സന്ദീപിന്റെ അയല്‍വാസിയും സിപിഐ എം ഓടനാവട്ടം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ബിനു എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ എസ് സന്ദീപ് കാഷ്വാലിറ്റി ഡ്രസിങ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. വന്ദനദാസിനെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25ന് മരിച്ചു.
സന്ദീപ് സ്ഥിരം മദ്യപാനി
സ്ഥിരമായി മദ്യപിക്കുമായിരുന്ന സന്ദീപ് ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. സംഭവദിവസം രാത്രി ഇയാള്‍ പ്രദേശവാസികളുമായി വഴക്കുണ്ടാക്കി. തന്നെ ആരോ വധിക്കാന്‍ ശ്രമിക്കുന്നതായി രാത്രി ഒന്നിന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞു.പൂയപ്പള്ളി പൊലീസ് പുറപ്പെട്ടെങ്കിലും സന്ദീപിന്റെ ഫോണ്‍ ഓഫ് ആയതിനാല്‍ കണ്ടെത്താനായില്ല. പുലര്‍ച്ചെ നാലിന് വീണ്ടും സന്ദീപ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഗ്രേഡ് എസ്‌ഐ ബേബി മോഹനും അലക്‌സ്‌കുട്ടിയും സ്ഥലത്തെത്തി. സന്ദീപിനു കാലിനു പരിക്കേറ്റതിനാല്‍ സന്ദീപിന്റെ ബന്ധു രാജേന്ദ്രന്‍പിള്ളയെയും ബിനുവിനെയും കൂട്ടിയാണ് പൊലീസ് ആശുപത്രിയിലെത്തിയത്. കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്മാരായ വന്ദനയും ഷിബിനും ഇയാളെ പരിശോധിച്ചു.
മുറിവ് വൃത്തിയാക്കാനായി ഡ്രസിങ് റൂമിലേക്ക് അയച്ചു. എക്‌സ്‌റേ എടുക്കാനും നിര്‍ദേശിച്ചു. മുറിവ് വൃത്തിയാക്കിയിറങ്ങിയ ഉടന്‍ സന്ദീപ് പ്രകോപിതനായി രാജേന്ദ്രന്‍പിള്ളയെ ചവിട്ടി താഴെയിട്ടശേഷം ഡ്രസിങ് റൂമിലുണ്ടായിരുന്ന കത്രികയെടുത്ത് ബിനുവിനെ കുത്തി. തടയാനെത്തിയ അലക്‌സ്‌കുട്ടിയുടെ തലയ്ക്ക് തുടര്‍ച്ചയായി കുത്തി. ബേബി മോഹനെയും ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ സ്തംഭിച്ചുനിന്ന വന്ദനദാസിനെ സന്ദീപ് ഒബ്‌സര്‍വേഷന്‍ റൂമില്‍വച്ച് പിടലിക്കും തലയ്ക്കും തുടര്‍ച്ചയായി കുത്തി. നിലത്തുവീണപ്പോള്‍ തറയിലിട്ടും കുത്തി. പുറത്തുമാത്രം ആറ് കുത്തേറ്റു. ഷിബിന്‍ ഓടിയെത്തി ഇയാളെ തള്ളി മാറ്റി. കൊട്ടാരക്കര സ്റ്റേഷനില്‍നിന്ന് എത്തിയ പൊലീസുകാരും ആശുപത്രി ജീവനക്കാരും പ്രതിയെ കീഴ്‌പ്പെടുത്തി.


