പാപ്പിനിശേരി: ഇരിണാവ് വീവേഴ്സ് സൊസൈറ്റി സുവര്‍ണജൂബിലി ആഘോഷപരിപാടിയില്‍ നിന്ന് സ്ഥാപക പ്രസിഡന്റും സി.പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെ പങ്കെടുക്കാത്തതില്‍ പാര്‍ട്ടിക്കുളളില്‍ വിവാദം. ആഘോഷി സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരിയാണെങ്കിലും ഉദ്ഘാടന ചടങ്ങിന് തയ്യാറാക്കിയ കാര്യപരിപാടിയില്‍ ഇ.പിയെ ഉള്‍പ്പെടുത്തിയില്ല. ആ ദിവസം ഇ.പിക്ക് ഒഴിവില്ലാത്തതിനാലാണ് പരിപാടിയില്‍ ഇല്ലാത്തതെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം.

എന്നാല്‍ സംഘാടകരില്‍ നിന്നും വേണ്ടത്ര പരിഗണന കിട്ടാത്തതിനാല്‍ ഇ പി ജയരാജന്‍ വിട്ടുനില്‍ക്കുന്നുവെന്നാണ് പാര്‍ട്ടിക്കുളളിലെ ചര്‍ച്ച. നാളെ വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി പി.രാജീവാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയുടെ നോട്ടീസില്‍ ഇ.പി ഒഴികെയുളള നേതാക്കളുടെ നീണ്ട നിരതന്നെയുണ്ട്. സ്ഥാപക പ്രസിഡന്റായ ഇ.പി പതിനഞ്ച്് വര്‍ഷക്കാലം വീവേഴ്സിന്റെ വളര്‍ച്ചയ്ക്കായി മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ്.

അദ്ദേഹം വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ഒട്ടേറെ സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്. ഇ.പിയെ ചടങ്ങില്‍ ആദരിക്കുന്നതിനു പകരം അപമാനിച്ചുവിടുകയാണ് സംഘാടകര്‍ ചെയ്തതെന്നാണ് പാര്‍ട്ടിക്കുളളില്‍ പുകയുന്ന ആരോപണം. പാര്‍ട്ടിക്കുളളില്‍ ഉന്നത നേതാക്കള്‍ തമ്മില്‍ തുടരുന്ന ഗ്രൂപ്പ് പോരിന്റെ ഭാഗമായാണോ ഇ.പിയെ വെട്ടിനിരത്തിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇരിണാവ് കച്ചേരി തറയ്ക്കു സമീപം 1975-ലാണ് ഇരിണാവ് വീവേഴ്സ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയത്.

പി.കുഞ്ഞിക്കണ്ണന്‍ വൈദ്യരുടെ ഉടമസ്ഥതയിലുളള സ്ഥലം സൗജന്യമായി ഏറ്റെടുത്താണ് പുതിയ നെയ്ത്തുശാല തുടങ്ങിയത്. പത്തു തറികളില്‍ തുടങ്ങി ഇന്ന് നൂറ്റിഅന്‍പതു തറികള്‍ക്കു മുകളില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ മികച്ച കൈത്തറി സംഘമാണിത്. നാട്ടുകാര്‍ക്ക് ഭേദപ്പെട്ട തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ അന്നത്തെ സി.പി. എം നേതാവ് എം.വി രാഘവന്റെ മുന്‍കൈയ്യിലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

കൈത്തറി രംഗം നേരിടുന്ന പ്രതിസന്ധികള്‍ മറിച്ചു കടക്കുന്നതിനായി സംഘം വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ കൂടി നടപ്പിലാക്കി വരികയാണ്. ജക്കാഡ്, ഡോബി, ടര്‍ക്കി തുടങ്ങിയ പ്രത്യേക തറികളും പ്രവര്‍ത്തിക്കുന്നുണ്ട്. കൈത്തറി കയറ്റുമതിക്കായി സംസഥാനത്ത് ആദ്യമായി എക്സ്പോര്‍ട്ട്് ലൈസന്‍സ് ലഭിച്ച സഹകരണ സംഘമാണിത്. 1995-ല്‍ ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ സ്വര്‍ണമെഡല്‍ ലഭിച്ച സ്ഥാപനം ജര്‍മനിയിലെ ഹെയിം ടെക്സ്റ്റൈല്‍ എക്സിബിഷനിലും പങ്കെടുത്തിട്ടുണ്ട്.

ഇത്തരം നോട്ടങ്ങള്‍ കൈവരിച്ച സ്ഥാപനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇ.പി ജയരാജനെ വെട്ടിനിരത്തിയത് അദ്ദേഹത്തെ അനുകൂലിക്കുന്നവരില്‍ ഏറെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.ബി സ്ഥാനം പ്രതീക്ഷിച്ചിരുന്ന ഇ.പിയെ തഴയുകയായിരുന്നു. എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതിനു ശേഷം വെറും കേന്ദ്രകമ്മിറ്റിയംഗം മാത്രമാണ് അദ്ദേഹം. ഇതിനിടെയാണ് സ്വന്തം തട്ടകളില്‍ കയറി അദ്ദേഹത്തിനെതിരെ അണിയറയില്‍ കളിക്കുന്നവര്‍ കയറി വെട്ടിനിരത്തിയത്.