കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂരിലെ കരുത്തനായ നേതാവ് ഇ.പി ജയരാജന്‍ അഭിപ്രായ ഭിന്നതകള്‍ മറന്ന് പാര്‍ട്ടി വേദിയില്‍ സജീവമായി തുടങ്ങി. ഡല്‍ഹി കേരളാ ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപി ജയരാജനോട് ആവശ്യപെട്ടത്. സീതാറാം യെച്ചൂരിയുടെ അന്തിമോപചാര ചടങ്ങില്‍ പങ്കെടുക്കാനാണ് ഇ.പി ജയരാജന്‍ ഡല്‍ഹിയിലെത്തിയത്. ഈ സമയമായിരുന്നു മുഖ്യമന്ത്രിയുമായി കേരളാ ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തിയത്. കഴിഞ്ഞ രണ്ടു മാസമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നിന്ന ഇപി ജയരാജന്‍ ഇതോടെയാണ് സജീവമായത്.

സി.പി.എം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഇ.പി ജയരാജന്‍ തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോള്‍.കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടു നിന്ന ഇ.പി പാര്‍ട്ടിയില്‍ ഇതിനു ശേഷം സജീവമായി തുടങ്ങി. ഒക്ടോബര്‍ ഒന്നിന് പയ്യാമ്പലത്ത് നടന്ന സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചരമദിനാചരണഅനുസ്മരണ സമ്മേളനത്തില്‍ സജീവ വായി പങ്കെടുത്ത് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ പാര്‍ട്ടിയിലേക്ക് വീണ്ടും ശക്തമായി തിരിച്ചു വരുന്നുവെന്ന സൂചന നല്‍കി.

ഭാര്യ പി.കെ ഇന്ദിരയോടൊപ്പമാണ് പ്രീയ സഖാവിനെ അനുസ്മരിക്കാന്‍ നേരത്തെ തന്നെ ജയരാജനെത്തിയത്.പാര്‍ട്ടി പി.ബി അംഗം വ്യന്ദാ കാരാട്ട്,, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റി ക്കല്‍ സെക്രട്ടറി പി. ശശി എന്നിവരോടൊപ്പം നിറഞ്ഞ ചിരിയോടെ കുശലാന്വേഷണങ്ങള്‍ നടത്താനും ജയരാജന്‍ സമയം കണ്ടെത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ വികാരനിര്‍ഭരമായ പ്രസംഗമാണ് ഇ പി ജയരാജന്‍ അധ്യക്ഷതവഹിച്ചു കൊണ്ടു നടത്തിയത്.

കോടിയേരിയുമായി കെ.എസ്. വൈ.എഫ് കാലത്തേ തനിക്കുണ്ടായ ബന്ധവും തങ്ങളുടെ കുടുംബ ങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധവും ഇപി തന്റെ 20 മിനുട്ട് നീണ്ടുനില്‍ക്കുന്ന പ്രസംഗത്തില്‍ അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍, എം.വി ജയരാജന്‍ എം.വി നികേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ കഴിഞ്ഞ മാസം പയ്യാമ്പലത്ത് നടന്ന ചടയന്‍ ഗോവിന്ദന്‍ - അഴിക്കോടന്‍ ചരമദിനാചരണത്തില്‍ നിന്നും ഇപി ജയരാജന്‍ വിട്ടു നിന്നത് പാര്‍ട്ടിക്കുള്ളിലും മാധ്യമങ്ങളിലും വിവാദമായിരുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതോടെയാണ് കേന്ദ്ര കമ്മിറ്റിയംഗമായ ഇപി ജയരാജന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തുടങ്ങിയത് എന്നാല്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്‍ എന്നിവര്‍ മരണമടഞ്ഞപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഡല്‍ഹിയിലും തലശേരിയിലും ജയരാജന്‍ എത്തിയിരുന്നു. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരത്തെ ആക്കുളത്തെ മകന്റെ ഫ്‌ളാറ്റില്‍ നിന്നും കൂടിക്കാഴ്ച്ച നടത്തിയതാണ് ഇപി ജയരാജന്റെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെടാനിടയാക്കിയത്.

സംഭവം പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദമായതോടെ ജയരാജനെതിരെ വിമര്‍ശനങ്ങളുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി നടത്തിയ കൂടിക്കാഴ്ച്ച പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ മുഖേനെ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ഇപി ജയരാജന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലും സ്ഥിതി കൂടുതല്‍ വഷളാക്കി ഇതിനു പുറമേ ഇപിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രംഗത്തുവന്നതും തിരിച്ചടിയായി മാറി.