ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയതില്‍ പ്രതികരിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്‍. രാഹുല്‍ സഭയിലെത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവാണെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായിട്ടുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. പൂര്‍വ്വകാല ചരിത്രം ഇങ്ങനെയായിരുന്നു എന്നത് ന്യായീകരണം ആകാന്‍ പാടില്ലെന്നും ചരമോചാരം എന്ന ആദരവിനെ പരിഹസിക്കുന്നതു കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ സഭയിലെത്തിയത് സഭയില്‍ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്. കോണ്‍ഗ്രസിലെ പ്രമുഖമായ ഒരു വിഭാഗത്തിന് ഈ നടപടിയില്‍ അങ്ങേയറ്റം പ്രതിഷേധമുണ്ട്. പ്രതിപക്ഷ നേതാവ് പണി നോക്കട്ടെയെന്ന നിലപാടാണ് രാഹുലിന്റെതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

സഭ സമ്മേളനം തുടങ്ങിയ ഒന്‍പത് മണിവരെ രാഹുല്‍ സഭയിലെത്തുന്നതിനെ കുറിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ക്ക് പോലും വ്യക്തമായ അറിവില്ലായിരുന്നു. സഭ തുടങ്ങി 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തില്‍ വന്നിറങ്ങുന്നത്.

ലൈംഗികാരോപണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത രാഹുലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് സ്പീക്കര്‍ നേരത്തെ പറഞ്ഞിരുന്നു. സഭയിലെത്തിയ രാഹുല്‍ പ്രതിപക്ഷ നിരയിലെ അവസാന നിരയിലാണ് ഇരിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ എതിര്‍പ്പ് നിലനില്‍ക്കെ തന്നെയാണ് രാഹുല്‍ സഭയിലെത്തിയത്.

നിയമസഭ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി.തങ്കച്ചന്‍, പീരുമേട് നിയമസഭാംഗമായ വാഴൂര്‍ സോമന്‍ എന്നിവര്‍ക്കു സഭ ചരമോപചാരം അര്‍പിച്ചു. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക.