തിരുവനന്തപുരം നഗരസഭയിലെ ഇലക്ട്രിക് ബസ് സര്‍വീസിനെ ചൊല്ലി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും മേയര്‍ വി.വി. രാജേഷും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. മഞ്ഞുരുകലിന്റെ സൂചന നല്‍കി ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, നഗരത്തിലെ ഇലക്ട്രിക് ബസ് സര്‍വീസുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരാന്‍ ധാരണയായി.

തര്‍ക്കത്തിന്റെ പശ്ചാത്തലം

ബിജെപി ഭരണത്തിന് കീഴിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന് സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി ലഭിച്ച 113 ഇലക്ട്രിക് ബസുകളുടെ റൂട്ട് മാറ്റിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. നഗരത്തിലെ ഇടറോഡുകളിലൂടെ ഓടിയിരുന്ന ഈ ബസുകള്‍ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി ഇടപെട്ട് കെഎസ്ആര്‍ടിസിയുടെ മറ്റ് ഡിപ്പോകളിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്‍ പണം നല്‍കി വാങ്ങിയ ബസുകള്‍ നഗരത്തിനുള്ളില്‍ തന്നെ ഓടിക്കണമെന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയവ തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ വി.വി. രാജേഷ് രംഗത്തെത്തിയതോടെ പോര് മുറുകി.

പരസ്യമായ വെല്ലുവിളികള്‍

ബസുകള്‍ ആവശ്യമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കാമെന്നും പകരം കെഎസ്ആര്‍ടിസി സ്വന്തം ബസുകള്‍ ഇറക്കുമെന്നും മന്ത്രി വെല്ലുവിളിച്ചിരുന്നു. ബസ് ഓടിച്ചു നടുവൊടിയാന്‍ താനില്ലെന്നും കെഎസ്ആര്‍ടിസി ഏറ്റെടുത്ത് നടത്തുന്നത് കൊണ്ടാണ് ഇത് ഓടിപ്പോകുന്നതെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു. ഇതിന് മറുപടിയായി, ബസുകള്‍ സൂക്ഷിക്കാന്‍ കോര്‍പ്പറേഷന് സ്ഥലമുണ്ടെന്നും എന്നാല്‍ ബസ് ഓടിക്കുക എന്നത് കോര്‍പ്പറേഷന്റെ പണിയല്ലെന്നും കരാര്‍ പാലിക്കുകയാണ് കെഎസ്ആര്‍ടിസി ചെയ്യേണ്ടതെന്നും മേയര്‍ തിരിച്ചടിച്ചു. ലാഭവിഹിതം നല്‍കുന്നതിലെ വീഴ്ചയും മേയര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടിക്കാഴ്ചയും ധാരണയും

വിവാദം പുകയുന്നതിനിടെയാണ് മേയര്‍ വി.വി. രാജേഷ് മന്ത്രിയെ നേരില്‍ കണ്ടത്. എല്ലാ മന്ത്രിമാരെയും കാണുന്നതിന്റെ ഭാഗമായുള്ള സൗഹൃദ സന്ദര്‍ശനം മാത്രമാണിതെന്ന് മേയര്‍ വിശദീകരിച്ചെങ്കിലും ഇലക്ട്രിക് ബസുകളുടെ കാര്യത്തില്‍ നിര്‍ണ്ണായക ധാരണയിലെത്തി. ബസുകളുടെ റൂട്ടുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മേയര്‍ മന്ത്രിയെ അറിയിച്ചു.

തര്‍ക്കങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും, ബസുകള്‍ നഗരത്തിന് പുറത്തേക്ക് മാറ്റുന്നതിനെച്ചൊല്ലിയുള്ള വാക്‌പോര് താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ തുടരും.