കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എം എല്‍ എ. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് കുഴല്‍നാടന്‍ വ്യക്തമാക്കി.

ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരില്‍ കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവര്‍ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂര്‍ണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാന്‍ ആവില്ലെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലന്‍സ് കോടതി പരാമര്‍ശം അനാവശ്യമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മുഖ്യമന്ത്രി, മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണ വിജയന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി