- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ്‌സിആര്‍ഐ ബില്‍ ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കും; ഏകാധിപത്യപരമായ അധികാരം നല്കുന്ന ബില്‍ ദുരുപയോഗിക്കാന്‍ സാധ്യതയെന്നും പുന:പരിശോധിക്കണമെന്നും കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ; ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ലെന്നും കോണ്‍ഗ്രസ്-സിപിഎം നുണപ്രചാരണമെന്നും കിരണ്‍ റിജിജു
എഫ്‌സിആര്‍ഐ ബില്‍ ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കും

തിരുവനന്തപുരം: എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ നിയമം) നിയമ ഭേദഗതി ബില്ലിനെതിരെ ശക്തമായ ആശങ്ക പ്രകടിപ്പിച്ച് സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ. ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലനില്‍പ്പ് ദുഷ്‌കരമാക്കുന്നതാണ് പുതിയ ബില്ലെന്നും, ഇത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബില്‍ ഏകാധിപത്യപരമായ അധികാരം നല്‍കുന്നതാണെന്നും, ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. നിസ്സാരമായ കാരണങ്ങളുടെ പേരില്‍ പോലും സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍, പുതിയ ഭേദഗതി നിലവിലുള്ള പ്രതിസന്ധി വര്‍ദ്ധിപ്പിക്കും. യഥാര്‍ത്ഥ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ബില്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും, നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെ ലക്ഷ്യമിടുന്നുവെന്ന അഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും ബില്‍ അധികാരം നല്‍കുന്നുവെന്നും നിലവിലെ നിയമങ്ങള്‍ തന്നെ കര്‍ശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ പതിനായിരത്തിലധികം എന്‍ജിഒകളുടെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍, അവിടങ്ങളിലെ എംപിമാര്‍ പാര്‍ലമെന്റില്‍ ഇല്ലാത്ത സമയത്ത് ബില്‍ അവതരിപ്പിച്ചത് ശരിയായ നടപടിയല്ലെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യം ഇല്ലാത്തതും ന്യൂനപക്ഷ സംരക്ഷണം ഭരണഘടന ഉറപ്പുനല്‍കുന്ന ഒന്നായിരിക്കെ, ക്രൈസ്തവര്‍ക്കിടയില്‍ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എഫ്‌സിആര്‍എ ബില്‍ കൂടാതെ, ഈസ്റ്റര്‍ ദിനങ്ങളില്‍ പരീക്ഷകള്‍ നടത്തുകയും പെസഹാ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് പരിശീലനം നല്‍കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ക്രൈസ്തവ സമൂഹത്തില്‍ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്ന് കര്‍ദിനാള്‍ പറഞ്ഞു. വിശുദ്ധ വാരത്തിലെ ഈ സുപ്രധാന ദിവസങ്ങള്‍ ക്രൈസ്തവര്‍ക്ക് അതിപ്രധാനമാണ്. ഈ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നതിനായി കെസിബിസി (കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍) ഓണ്‍ലൈനായി യോഗം ചേരുമെന്നും ബില്ലില്‍ പുനഃപരിശോധന വേണമെന്ന ആവശ്യം ശക്തമാക്കുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതും നിയന്ത്രണങ്ങള്‍ വരുന്നതും ആശങ്കാജനകമാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്നും, എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അത് ഭരണാധികാരികളുടെ മികവാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബില്ലിനെക്കുറിച്ച് സഭയുമായി തന്റെ അറിവില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും, ചര്‍ച്ചകളിലൂടെ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ മാധ്യമങ്ങളോട് പറഞ്ഞു. സഭ തെരുവില്‍ ഇറങ്ങി പ്രക്ഷോഭം നടത്തുന്ന രീതിയിലല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
എഫ്‌സിആര്‍ഐ ബില്ലില്‍ ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്‌സിആര്‍എ) ബില്ലില്‍ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക മാത്രമാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്നും, കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്നു നടത്തുന്ന നുണപ്രചാരണമാണ് ക്രൈസ്തവ സമൂഹത്തിനിടയില്‍ അനാവശ്യമായ ആശങ്കകള്‍ ഉണ്ടാക്കുന്നതെന്നും മന്ത്രി ഡല്‍ഹിയില്‍ ആരോപിച്ചു. അതേസമയം, മന്ത്രിയുടെ വാദം സത്യമല്ലെന്നും സഭയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ പ്രതികരിച്ചു.
വിദേശത്തുനിന്നുള്ള ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതില്‍ കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കുകയാണ് ബില്ലിന്റെ മുഖ്യ ലക്ഷ്യമെന്ന് കിരണ്‍ റിജിജു പറഞ്ഞു. ചില രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി ക്രൈസ്തവ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും, ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ സഭയുടെ ആശങ്കകള്‍ക്ക് ചെവികൊടുക്കാന്‍ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവമെന്ന് ഫാ. മാത്യു കോയിക്കല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സര്‍ക്കാരിതര സംഘടനകള്‍ക്ക് (എന്‍ജിഒകള്‍) ലഭിക്കുന്ന വിദേശ ധനസഹായത്തിന്മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനാണ് വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്‍ ലക്ഷ്യമിടുന്നത്. ഈ ബില്‍ 2026 മാര്‍ച്ച് 25-നാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്.


