- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിപണിയിൽ 290 രൂപ വിലയുള്ള മുളക് 75 രൂപയ്ക്ക് കൊടുക്കുക എന്ന് പറഞ്ഞാൽ പ്രയാസം; സപ്ലൈകോയിലെ വില കൂട്ടില്ലെന്ന പ്രകടന പത്രികാ വാഗ്ദാനം 2016 ലേത്; ഇത് 2021 ലെ സർക്കാർ; വിമർശനത്തിന് ഭക്ഷ്യ മന്ത്രി ജി ആർ അനിലിന്റെ ന്യായവാദം ഇങ്ങനെ
തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില കൂട്ടില്ലെന്ന പ്രകടന പത്രിക കാട്ടി വോട്ടു വാങ്ങി അധികാരത്തിലെത്തിയ പിണറായി സർക്കാർ ജനങ്ങളുടെ വയറ്റത്തടിച്ചുവെന്നാണ് വിമർശനം. സപ്ലൈക്കോയിൽ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫിൽ ധാരണയായി. 13 സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കാൻ അനുമതി നൽകിയിട്ടുള്ളത്. വില വർധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമാണ് എൽഡിഎഫിൽ ധാരണയായിട്ടുള്ളത്.
വില കൂട്ടില്ലെന്ന എൽഡിഎഫ് പ്രകടന പത്രികാ വാഗ്ദാനം 2016 ലേതാണെന്നും ഇത് 2021 ലെ സർക്കാരാണെന്നുമാണ് ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ ന്യായവാദം. സബ്സിഡി സാധനങ്ങളടെ വിലക്കുറവായിരുന്നു ഇതുവരെ മുഖ്യമന്ത്രി എല്ലാകാലത്തും എടുത്തു പറഞ്ഞിരുന്നത്. വില കൂട്ടില്ലെന്ന 2016 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ എൽഡിഫ് മുക്കി. വില എത്ര കൂട്ടണമെന്ന് തീരുമാനിക്കാനുള്ള ചുമതല ഭക്ഷ്യമന്ത്രിക്കാണ്. കൂട്ടുമ്പോഴും പൊതുവിപണിയെക്കാൾ 25 രൂപയെങ്കിലും കുറച്ചുള്ള പുതിയ വില കൊണ്ടുവരാനാണ് നീക്കം. ഒരുപക്ഷെ അന്തിമ തീരുമാനം നവകേരളസദസിന് ശേഷമായിരിക്കും.
മന്ത്രി പറഞ്ഞത്:
ജനങ്ങൾക്ക് പ്രയാസമാകാത്ത രീതിയിലായിരിക്കും സപ്ലൈക്കോ വഴി വിതരണംചെയ്യുന്ന 13 ഇന അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കുകയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. എത്ര ശതമാനം വില വർധിപ്പിക്കുമെന്ന കാര്യങ്ങളൊന്നും നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിപണിയിലെ വില പിടിച്ചുനിർത്താൻ കഴിയണമെങ്കിൽ സബ്സിഡിയായി അതിനെക്കാൾ വിലകുറച്ച് കൊടുക്കുന്ന കേന്ദ്രം ശക്തിപ്പെട്ട് നിൽക്കണം. ആ പ്രവർത്തനമാണ് കാലങ്ങളായി സപ്ലൈകോ നിർവഹിക്കുന്നത്. ആ നിലയിൽ സപ്ലൈകോ ഫലപ്രദമായി മുന്നോട്ടുപോകണമെങ്കിൽ കാലോചിതമായ ചില പരിഷ്കരണം ആവശ്യമുണ്ട്. ജനങ്ങളുടെ തലയിൽ ഭാരം അടിച്ചേൽപ്പിക്കാതെ, പ്രയാസമുണ്ടാകാത്ത തരത്തിൽ ജനങ്ങൾക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരു കേന്ദ്രമായി സപ്ലൈക്കോയെ നിലനിർത്തിക്കൊണ്ടുതന്നെ അതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
2016-ലെ വിലയുമായി താരതമ്യപ്പെടുമ്പോൾ അവശ്യസാധനങ്ങൾക്ക് ഇന്ന് വിപണിയിൽ നാലിരട്ടിയോളം വില വർധനവുണ്ട്. അതിനാൽ അന്നത്തെ വിലയ്ക്ക് ഒരു സ്ഥാപനത്തിന് ഇന്ന് നടത്തിപ്പോകാൻ കഴിയില്ല. ജനങ്ങളും ആ രീതിയിൽ ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല. കാരണം, അത്രയധികം വിലയിൽ വ്യത്യാസംവന്നു. സ്വാഭാവികമായും അതിന് ഒരു പരിഷ്കരണം വേണം. സപ്ലൈക്കോയിൽ സബ്സിഡിയായി നൽകുന്ന 2016-ലെ വിലയിൽ ഒരു പരിഷ്കരണം വേണമെന്നുള്ളതല്ലാതെ അതിന്റെ പേരിൽ പൊതു വിപണിയിൽ വില കൂടില്ലെന്നും മന്ത്രി പറഞ്ഞു.
അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്നത് എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നില്ലേ എന്ന ചോദ്യത്തോട്, അത് 2016-ലെ പ്രകടനപത്രികയായിരുന്നുവെന്നും ഇത് 2021-ൽ വന്ന പുതിയ സർക്കാരാണെന്നും മന്ത്രി മറുപടി പറഞ്ഞു. കഴിഞ്ഞ സർക്കാർ അഞ്ചുവർഷവും ആ വാഗ്ദാനം കൃത്യമായി പാലിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. നികുതിയും വെള്ളക്കരവും വൈദ്യുതി നിരക്കും വർധിപ്പിക്കുന്നത് പോലെയല്ല ഈ വിലവർധനവെന്നും മന്ത്രി വ്യക്തമാക്കി.
വിപണിയിൽ 290 രൂപ വിലയുള്ള മുളക് 75 രൂപയ്ക്ക് കൊടുക്കുക എന്ന് പറഞ്ഞാൽ അതിൽ പ്രായോഗികമായ ചില പ്രയാസങ്ങളുണ്ട്. അത് മാറ്റണമെന്നുള്ള ചർച്ച കുറച്ചുനാളുകളായി നടക്കുകയാണ്. അതാണിപ്പോൾ എൽഡിഎഫ് അംഗീകരിച്ചത്. ഇത് എങ്ങനെ നടപ്പാക്കണമെന്ന് വകുപ്പും സർക്കാരും കൂട്ടായി ആലോചിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിലകൂട്ടുന്നത്. വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ചെറുപയർ, വൻ പയർ, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങൾക്കാണ് വില വർധിപ്പിക്കുക.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. അതിന് വിരുദ്ധമാണ് എൽഡിഎഫ് തീരുമാനം. ഏഴു വർഷത്തിനുശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂടുന്നത്. അതേസമയം ഇപ്പോഴും സപ്ലൈകോ ഔട്ട് ലറ്റുകളിൽ അവശ്യസാധനങ്ങളൊന്നും കിട്ടാനില്ലെന്നതു മറ്റൊരു വശം. സപ്ലൈകോയെ ആശ്രയിച്ചെത്തുന്ന പാവങ്ങൾ കണ്ണ് നിറഞ്ഞാണ് തിരിച്ചുപോകുന്നത്.
അരിയടക്കം അവശ്യസാധനങ്ങളൊന്നുമില്ല. കോഴിക്കോട് പാളയത്തെ സപ്ലൈകോ ഔട്ട്ലറ്റിൽ 13 ഇനം സബ്സിഡി സാധനങ്ങളിൽ ആകെയുള്ളത് കടല മാത്രമാണ്. ഈ മാസം ഇതുവരെ സ്റ്റോക്ക് വന്നിട്ടില്ല. സാധനങ്ങൾ വാങ്ങാൻ സപ്ലൈകോയുടെ കൈയിൽ പണമില്ല. ടെൻഡർ വിളിച്ചാലും കോടികൾ കിട്ടാനുള്ളതുകാരണം കരാറുകാർ പങ്കെടുക്കാനും തയാറല്ല. സബ്സിഡിയിനത്തിൽ സാധനങ്ങൾ കൊടുത്ത വകയിൽ കോടികളാണ് സർക്കാർ സപ്ലൈകോയ്ക്ക് കൊടുക്കാനുള്ളത്.
പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ തടുക്കാൻ വേണ്ടിയാണ് പൊതുമേഖലയിൽ സപ്ലൈക്കോ സ്ഥാപിതമായത്. 1974ൽ സ്ഥാപിതമായ ഈ പൊതുമേഖലാ കമ്പനിയുടെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന 1600 ലേറെ ചില്ലറ വില്പനശാലകൾ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായാണ് നാടെങ്ങും പ്രവർത്തിച്ചുവരുന്നത്. എന്നാൽ, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നു പോകുമ്പോൽ സപ്ലൈക്കോയുടെ ഭാവിയും ചർ്ച്ചയാകുകയ്ണ്.
2016 ഏപ്രിൽ മുതൽ അന്ന് നിശ്ചയിച്ച വിലയ്ക്കാണ് 13 അവശ്യസാധനങ്ങൾ വിറ്റുവരുന്നത്. കഴിഞ്ഞ ഏഴു വർഷങ്ങളിലായി വർധിപ്പിക്കാത്ത അവയുടെ ഇപ്പോഴത്തെ വില പൊതുവിപണിയിലെ വിലയിൽനിന്നും ഏതാണ്ട് 50 ശതമാനംകണ്ട് കുറവാണ്. സപ്പ്ലൈകോയ്ക്ക് പ്രതിമാസം 62.70 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സഹിക്കേണ്ടി വരുന്നത്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് ഏറെ സഹായകരമായ ഈ പദ്ധതി തുടർന്ന് പോകണമെങ്കിൽ നഷ്ടം നികത്തിക്കൊണ്ടുള്ള സർക്കാരിന്റെ അടിയന്തര ഇടപെടൽ കൂടിയേതീരൂ. അതിന്റെ പേരിലാണ് വിലവർധനവ്.
മറുനാടന് മലയാളി ബ്യൂറോ