തിരുവനന്തപുരം: പി.എം ശ്രീയിലെ തര്‍ക്കം ഭരണത്തെ ബാധിക്കില്ലെന്ന് സി.പി.ഐ നേതാവും മന്ത്രിയുമായ ജി.ആര്‍. അനില്‍. വിഷയം അതിലേക്ക് എത്തിയിട്ടില്ല. ഇടത് നയമാണ് സി.പി.ഐയും സി.പി.ഐയും ഉയര്‍ത്തിപിടിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി പാലിക്കുന്നവരാണ് തങ്ങളെന്നും ജി.ആര്‍. അനില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ പങ്കെടുക്കുമോ എന്നതാണ് അറിയേണ്ടത്. മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്നാല്‍, അത് കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് വഴിവെക്കും.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയില്‍ ഒപ്പിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലും പ്രശ്‌ന പരിഹാരത്തിന് വഴി തുറന്നില്ല. കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ക്ക് മന്ത്രിസഭ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി.

നവംബര്‍ നാലിന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ വിഷയത്തില്‍ തുടര്‍നിലപാട് തീരുമാനിക്കും. മന്ത്രിസഭയെയും ഇടതുമുന്നണിയെയും വഞ്ചിക്കുന്നതാണ് പി.എം ശ്രീയുമായുള്ള സഹകരണമെന്നും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച പാടില്ലെന്നുമാണ് തിങ്കളാഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന സി.പി.ഐ എക്‌സിക്യൂട്ടീവ് യോഗത്തിലുയര്‍ന്ന പൊതുവികാരം.

നേരത്തെ പലതിലും തര്‍ക്കമുന്നയിച്ചിരുന്നെങ്കിലും വിട്ടുവീഴ്ചചെയ്തത് അവ ഭരണപരമായ കാര്യങ്ങളായതിനാലാണ്. എന്നാല്‍ പി.എം ശ്രീ ആശയപരവും രാഷ്ട്രീയവുമായതിനാല്‍ ഒത്തുതീര്‍പ്പ് പാടില്ല. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളില്‍ തന്നെ ദേശീയ വിദ്യാഭ്യാസ നയം എതിര്‍ക്കേണ്ടത് തുറന്നു പറയുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ പദ്ധതിയുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി.

അതേസമയം, കൂടിക്കാഴ്ചയില്‍ സി.പി.ഐയുടെ ആശങ്ക കേട്ട മുഖ്യമന്ത്രി പദ്ധതി നടത്തിപ്പില്‍ മെല്ലെപോക്ക് സ്വീകരിക്കാമെന്നും വ്യവസ്ഥകള്‍ പഠിക്കാന്‍ സി.പി.ഐ മന്ത്രിമാരടക്കം ഉള്‍പ്പെടുന്ന ഉപസമിതി എല്‍.ഡി.എഫ് യോഗത്തിലുണ്ടാക്കാമെന്നുമുള്ള സി.പി.എം സെക്രട്ടേറിയറ്റിന്റെ ഫോര്‍മുലയാണ് മുന്നോട്ടുവെച്ചത്. ദേശീയ നേതൃത്വം തന്നെ പൂര്‍ണ പിന്തുണ അറിയിച്ചതിനാല്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുക എന്നതില്‍ കുറഞ്ഞതൊന്നും സി.പി.ഐ അംഗീകരിക്കില്ലെന്ന് ബിനോയ് വ്യക്തമാക്കി.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്കുള്ള 1500 കോടിയോളം രൂപ തടഞ്ഞുവെച്ചതാണ് പദ്ധതിയില്‍ ഒപ്പുവെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പണത്തിന്റെയല്ല നിലപാടിന്റെ പ്രശ്‌നമാണിതെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷി തന്നെ മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യം തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ സര്‍ക്കാറിന് കടുത്ത പ്രതിസന്ധിയാണ്.