ആലപ്പുഴ: ആലപ്പുഴയിലെ സിപിഎം വേദികളില്‍ അവഗണന നേരിടുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ വീണ്ടും കോണ്‍ഗ്രസ് പരിപാടിക്ക് എത്തുമോ? നേരത്തെ തിരുവനന്തപുരത്ത് കെപിസിസിയുടെ ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയതിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ സുധാകരന്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് വേദിയിലേക്കും സുധാകരന് ക്ഷണം എത്തിയത്. സുധാകരന്‍ എത്തുമോ എന്ന ആകാംക്ഷ ഉയരുന്നതിനിടെ, കെപിസിസിയുടെ പരിപാടി മാറ്റി വച്ചു. ജി സുധാകരന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പരിപാടി അടുത്ത ഞായറാഴ്ചയിലേക്ക് മാറ്റിയെന്ന് സംഘാടകര്‍ അറിയിച്ചു.

കെപിസിസിയുടെ പബ്ലിക്കേഷന്‍സ് ആയ പ്രിയദര്‍ശനി സംഘടിപ്പിക്കുന്ന എം കുഞ്ഞാമന്റെ എതിര് എന്ന പുസ്തക ചര്‍ച്ച-സര്‍ഗസംവാദത്തിലാണ് ജി സുധാകരനെ ഉദ്ഘാടകനാക്കിയത്. ഇന്ന് രാവിലെ 11 ന് ആലപ്പുഴയിലാണ് പ്രിയദര്‍ശിനിയുടെ പരിപാടി സംഘടിപ്പിച്ചിരുന്നത്. എഐസിസിയുടെ സംഘടന സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജ്യേഷ്ഠന്റെ ഇളയ മകന്റെ മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് സുധാകരന്‍ അറിയിക്കുകയായിരുന്നു.

2020 ഇല്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. എം. കുഞ്ഞാമന്റെ ആത്മകഥയാണ് എതിര്. പുസ്തകത്തില്‍ സിപിഎം നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ജി സുധാകരനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. പുസ്തക ചര്‍ച്ചയുടെ ഉദ്ഘാടകനായാണ് ജി സുധാകരന്റെ ചിത്രവും പേരും പ്രിയദര്‍ശിനി പുറത്തിറക്കിയ നോട്ടീസില്‍ ഉള്ളത്.

അതിനിടെ സുധാകരനെ അവഗണിക്കില്ലെന്ന സന്ദേശം നല്‍കാനാന്‍ പുതിയ ജനറല്‍ സെക്രട്ടറി എംഎ ബേബി കെ സുധാകരന്റെ വീട്ടിലെത്തിയിരുന്നു. കുറച്ചു കാലമായി കേരളത്തിലെ ഔദ്യോഗിക വിഭാഗം സുധാകരനെ ഉള്‍ക്കൊള്ളില്ലെന്ന നിലപാടിലാണ്. പക്ഷേ ബേബിയുടെ സന്ദര്‍ശനം കാര്യങ്ങള്‍ മാറി മറിച്ചുവെന്നാണ് സൂചന. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ സുധാകരന്‍ പങ്കെടുക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സുധാകരന്റെ ജേഷ്ഠന്റെ മകന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സുധാകരന് ഏറെ അടുപ്പമുള്ള വ്യക്തിയാണ് മരിച്ചത്.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ജില്ലാ കോഓര്‍ഡിനേറ്ററാണ് സുധാകരനെ വീട്ടില്‍ പോയി ചടങ്ങിലേക്ക് ക്ഷണിച്ചത്. കെ.സി. വേണുഗോപാലിനും സുധാകരനും സൗകര്യപ്രദമായ തീയതി നോക്കിയാണ് പരിപാടി നിശ്ചയിച്ചത്. ആലപ്പുഴ ഹിമാലയ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് പുസ്തക ചര്‍ച്ച നിശ്ചയിച്ചത്.. കുഞ്ഞാമന്റെ പുസ്‌കത്തിലെ സിപിഎമ്മിനെതിരായ പ്രധാന വിമര്‍ശനങ്ങളില്‍ 'നമ്പൂതിരിപ്പാട്' എന്നത് എടുത്തുകളയാന്‍ ഇഎംഎസ് ശ്രമിച്ചിട്ടില്ലെന്നതും ഉണ്ട്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് ജാതി എപ്പോഴും മേല്‍ക്കോയ്മയുടെ അടയാളമായിരിക്കും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ ഒരു ദലിതന് അംഗമാകാന്‍ കഴിഞ്ഞിട്ടില്ല. ആ പാര്‍ട്ടിക്ക് ജാതീയ സമീപനമുണ്ടെന്നും കുഞ്ഞാമന്‍ വിലയിരുത്തിയിരുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ മാടമ്പി സ്വഭാവത്തിന് മാറ്റം വന്നത് ജി. സുധാകരനെപ്പോലുള്ളവര്‍ അംഗമായി വരുന്നതോടെയാണെന്നും കുഞ്ഞാമന്‍ പറഞ്ഞിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പും ജി സുധാകരന്‍ ചില പരോക്ഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം എല്ലാറ്റിലും ഒന്നാമതാണെന്ന സ്വയം പുകഴ്ത്തല്‍ നിര്‍ത്തണമെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. സ്വയം പുകഴ്ത്തുമ്പോള്‍ ഇവിടത്തെ സ്ഥിതി പഠിക്കണം. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം പ്രധാനമാണ്. പക്ഷേ, കേരളത്തില്‍ ഇതൊന്നും നല്ല നിലയിലല്ല. ലഹരിയിലും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ കച്ചവട, വ്യവസായ മേഖലയായി സ്വകാര്യ ആശുപത്രികള്‍ വളരുമ്പോള്‍, യഥാര്‍ഥ വ്യവസായ മേഖല ടി.വി.തോമസിനു ശേഷം വളര്‍ന്നിട്ടേയില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച സെമിനാറില്‍ ജി സുധാകരന്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇടത് സൈബര്‍ പോരാളികള്‍ ജി സുധാകരനെതിരെ ദിവസങ്ങളോളം സമൂഹമാധ്യമങ്ങളില്‍ വ്യക്തി അധിക്ഷേപവും ആക്രമണവും നടത്തി. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയും പ്രായപരിധി മാനദണ്ഡത്തിനെതിരെയും ജി സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ വലിയ ചര്‍ച്ചയുമായിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത എം എ ബേബി ജി സുധാകരന്റെ വസതിയില്‍ നേരിട്ട് എത്തി കൂടിക്കാഴ്ച നടത്തിയത് അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. സുധാകരനെ ബേബി സുധാകരന്‍ സാര്‍ എന്നാണ് ഈ സന്ദര്‍ശനത്തില്‍ അഭിസംബോധന ചെയ്തത്.