- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ തവണ എംഎല്‍എയായതിന് പിന്നാലെ മന്ത്രിയാകുന്നത് ഭാഗ്യം; താന്‍ എംഎല്‍എയായത് 50-ാം വയസില്‍; പിണറായിക്കിപ്പോഴും തന്നോട് സ്നേഹം; ടേം വ്യവസ്ഥയുടെ ആവശ്യമില്ല: തന്ത്രി കോടതിയില്‍ പോയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും; മികച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍ തന്നെ; പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കും: മാതൃഭൂമി അഭിമുഖത്തില്‍ എല്ലാം തുറന്നു പറഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍
മാതൃഭൂമി അഭിമുഖത്തില്‍ എല്ലാം തുറന്നു പറഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍

തിരുവനന്തപുരം: തനിക്ക് പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞും രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു സംഭവം അല്ലെന്ന് സൂചിപ്പിച്ചും ടേം വ്യവസ്ഥയെ പരിഹസിച്ചും താന്‍ ഇപ്പോഴും ഒരു ഫൈറ്റര്‍ ആണെന്ന് തുറന്നു പറഞ്ഞും വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സൂചന നല്‍കിയും മുന്‍മന്ത്രിയും സിപിഎമ്മിലെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍. മാതൃഭൂമി ഓണ്‍ലൈനില്‍ ബിജു പങ്കജിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ മനസു തുറന്നത്. പിണറായിക്ക് തന്നോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് പറയുന്ന സുധാകരന്‍ സ്വര്‍ണക്കൊള്ള അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ താന്‍ അദ്ദേഹത്തിന് തുണയായെന്നും സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം താന്‍ നേരിട്ട അപമാനത്തിന് കൈയും കണക്കുമില്ല. പാര്‍ട്ടിയില്‍ അത്യാഗ്രഹികളുടെ എണ്ണം കൂടി. ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവാണ് രണ്ടാം പിണറായി സര്‍ക്കാരിന് കാരണം. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കോടതിയില്‍ പോയാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് പറഞ്ഞ അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലുണ്ടായിരുന്ന പി. പ്രശാന്തിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടു വന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ സ്ഥാനം നല്‍കിയതിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
എംഎല്‍എയാകാന്‍ 50 വയസ് വരെ കാത്തിരുന്നു
മുഹമ്മദ് റിയാസ് എംഎല്‍എയായതിന പിന്നാലെ മന്ത്രിയായി. അതൊരു ഭാഗ്യമാണ്. താന്‍ എംഎല്‍എയാകുന്നത് 50 വയസായപ്പോഴാണ്. 1964 ല്‍ പാര്‍ട്ടി അംഗമായ തനിക്ക് 96 ല്‍ ആണ് എംഎല്‍എ ആകാന്‍ സാധിച്ചത്. 2006 ല്‍ ആണ് ആദ്യമായി മന്ത്രിയാകുന്നത്.
മികച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍
പിണറായി പറയുന്നത് തന്റെ 10 വര്‍ഷത്തെ നേട്ടത്തേക്കുറിച്ചാണ്. അതില്‍ ആദ്യത്തെ അഞ്ചു വര്‍ഷം അദ്ദേഹം പറയുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരുണ്ടായത് ഒന്നാം പിണറായി സര്‍ക്കാര്‍ കാരണമാണ്. വിദ്യാഭ്യാസം, പൊതുമരാമത്ത്, സിവില്‍സപ്ലൈസ് വകുപ്പുകളുടെ പ്രവര്‍ത്തനമാണ് ഭരണത്തുടര്‍ച്ചയിലേക്ക് നയിച്ചത്. റോഡും പാലവും പണിയുന്നത് കിഫ്ബി അല്ല. അത് വിദേശരാജ്യങ്ങളില്‍ നിന്ന് ലോണ്‍ കിട്ടാന്‍ വേണ്ടി രൂപീകരിച്ച സംവിധാനമാണ്. മുഖ്യമന്ത്രിയാണ് അധ്യക്ഷന്‍. റോഡുകളും പാലവും പണിഞ്ഞത് റോഡ് ഫണ്ട് ബോര്‍ഡാണ്. കേരളത്തിന്റെ അടിസ്ഥാന വികസന നേട്ടത്തില്‍ ചരിത്രം കുറിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്.
കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് ലോകശ്രദ്ധനേടിയതിന് കാരണം ജില്ലാതലത്തില്‍ മന്ത്രിമാര്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ്. ആരോഗ്യമന്ത്രിക്ക് എല്ലായിടത്തും ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമോ? ആലപ്പുഴ ജില്ലയില്‍ ആരോഗ്യമന്ത്രിക്ക് വരേണ്ടി വന്നില്ല. ഞാനടക്കം കറുത്ത ഡ്രസ് ധരിച്ച് ഇറങ്ങിയാണ് ശുചീകരണം നടത്തിയത്. ബിബിസി വരെ വാര്‍ത്ത വന്നു. ഇപ്പോഴത്തെ ആരോഗ്യമന്ത്രിയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഫലം എന്താണെന്ന് വിലയിരുത്തേണ്ടി വരും. രോഗിയുടെ വയറ്റില്‍ കത്രിക കണ്ടതിന് ശസ്ത്രക്രിയ ചെയ്യാത്ത ഡോക്ടര്‍ എങ്ങനെ പ്രതിയായി എന്ന കാര്യം ശ്രദ്ധിക്കണം.
തന്ത്രി നഷ്ടപരിഹാരം ചോദിച്ചാല്‍ കൊടുക്കേണ്ടി വരും
സ്വര്‍ണക്കൊള്ള കേസില്‍ താന്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് തന്ത്രി നഷ്ടപരിഹാരം ചോദിച്ചാല്‍ കൊടുക്കേണ്ടി വരും. കോടതികള്‍ക്കും തെറ്റുപറ്റാം. എസ്ഐടി അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുവെന്ന് പറയുമ്പോള്‍ തന്നെയാണ് തന്ത്രിക്കെതിരേ തെളിവില്ലെന്ന കാര്യവും പുറത്തു വന്നിരിക്കുന്നത്. മുന്‍പ് താന്‍ തന്ത്രിമാരെ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ട്. തന്ത്രി സമാജം അതിനെതിരേ രംഗത്തു വന്നു. ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ എതിര്‍ത്തപ്പോഴാണ് തന്ത്രിമാരുടെ ആസനത്തില്‍ കുന്തം കുത്തണമെന്ന് പറഞ്ഞത്. പിണറായി വിളിച്ച് തിരുത്താന്‍ ആവശ്യപ്പെട്ടു. ഗുരുവായൂരില്‍ വച്ച് താന്‍ അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ശബരിമലയില്‍ തൊഴുതു നില്‍ക്കില്ല
ദേവസ്വം മന്ത്രിയായപ്പോള്‍തനിക്കെതിരേ ഉയര്‍ന്ന ഏറ്റവും വലിയ ആക്ഷേപം ശബരിമലയില്‍ തൊഴുന്നില്ലെന്നായിരുന്നു. കെ.സി. ജോസഫ് നിയമസഭയില്‍ ഉപക്ഷേപം വരെ അവതരിപ്പിച്ചു. ഞാന്‍ രാജി വയ്ക്കണം എന്നായിരുന്നു ആവശ്യം. ഞാന്‍ ക്രിസ്ത്യന്‍ പള്ളിയില്‍ വണങ്ങാറില്ല, മോസ്‌കില്‍ നിസ്‌കരിക്കാറില്ല പിന്നെ ഞാനെന്തിന് അമ്പലത്തില്‍ മാത്രം തൊഴണം എന്നായിരുന്നു എന്റെ നിലപാട്. കമ്യൂണിസ്റ്റുകാരന് ഒരു മനുഷ്യനോടും കൂറില്ല. പ്രാര്‍ഥന വിശ്വാസികളുടേതാണ്. എനിക്ക് വിശ്വാസികളോട് ആദരവുണ്ട്. അതാണ് സ്റ്റേറ്റ്സ്മാന്‍ഷിപ്പ്. അതില്ലാതെ ചെന്ന് കൈകൂപ്പിയാല്‍ കള്ളനാണെന്ന് നാട്ടുകാര്‍ പറയും. ഇപ്പോത്തെ മന്ത്രി വാസവന്‍ തൊഴുന്നുണ്ടോന്ന് എനിക്കറിയില്ല. നിങ്ങള്‍ പറയുന്നത് വിശ്വസിക്കുന്നു. ഞാന്‍ വിനീതനായി നില്‍ക്കും.
ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറിയത് ജനത്തിന് ഇഷപ്പെട്ടില്ല
മൂന്നു പെണ്ണുങ്ങള്‍ പോലീസ് അകമ്പടിയോടെ ശബരിമല കയറിയത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മറ്റാര്‍ക്കുമില്ലാത്ത വാശി ഈ മൂന്നു പേര്‍ക്കെന്തിനാ? ഇതൊക്കെ യാന്ത്രിക യുക്തിവാദത്തില്‍ നിന്നുണ്ടായതാണ്. യാന്ത്രിക യുക്തിവാദവും ശാസ്ത്രീയ യുക്തിവാദവുമുണ്ട്. യുക്തിവാദം യാന്ത്രികമായാല്‍ അത് യാന്ത്രിക യുക്തിവാദം. മാര്‍ക്സിസം ശാസ്ത്രീയയുക്തിവാദമാണ്. ശബരിമല യുവതി പ്രവേശം ജനങ്ങളുടെ താല്‍പര്യം നോക്കി തീരുമാനിക്കേണ്ടതാണ്.
ആഗോള അയ്യപ്പ സംഗമം ഉത്തരവാദി ബോര്‍ഡ് തന്നെ
ആഗോള അയ്യപ്പസംഗമം വിവാദമായതിന്റെ ഉത്തരവാദികള്‍ ബോര്‍ഡ് തന്നെയാണ്. 2016 ല്‍ ഞങ്ങള്‍ക്കെതിരേ മത്സരിച്ച, ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലുണ്ടായിരുന്ന പ്രശാന്തിനെ ആരൊക്കെയോ സ്വാധീനിച്ച് ഇവിടെ കൊണ്ടു വന്നു. അപ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി. അതു പാളി. കാട്ടുകള്ളന്മാരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം. ശബരിമലയില്‍ നടക്കുന്ന കൊള്ള പ്യൂണ്‍ മുതല്‍ തന്ത്രി വരെ സകലര്‍ക്കും അറിയാം. സംഘടനാ നേതാക്കള്‍ക്കും അറിയാം. ഇവര്‍ പക്ഷേ, ആരോടും അത് പറയില്ല. മന്ത്രിയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല. അവിടെ നടക്കുന്നത് ബോര്‍ഡ് അറിഞ്ഞിരിക്കണം. വിശ്വാസികള്‍ ഭൂരിപക്ഷവും നിഷ്‌കളങ്കരാണ്. അതില്‍ ന്യൂനപക്ഷമാണ് കൊളളയടിക്കുന്നത്. ആഗോള അയ്യപ്പസംഗമം അനിവാര്യമാണെന്ന് സര്‍ക്കാരിന് തോന്നിക്കാണും. എന്നെ ആരും വിളിച്ചില്ല. വിളിച്ചാലും പോകില്ല. സ്വര്‍ണക്കൊള്ളക്കേസില്‍ എ. പത്മകുമാറിനെ പുറത്താക്കാത്തത് അയാള്‍ തെറ്റ് ചെയ്തെന്ന് പാര്‍ട്ടിക്ക് ബോധ്യം വരാത്തതു കൊണ്ടാകും. അയാളുടെ പങ്ക് വ്യക്തമാകാത്തത് കൊണ്ട് പാര്‍ട്ടി നടപടിയെടുക്കുന്നില്ല.
സിപിഎം ലോക്കല്‍ കമ്മറ്റിയംഗം അച്ഛന് വിളിച്ചു
അഞ്ചു വര്‍ഷമായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് എനിക്കെതിരേ സൈബര്‍ ആക്രമണം നടക്കുകയാണ്. ലോക്കല്‍ കമ്മറ്റിയംഗം മിഥുന്‍ എന്റെ അച്ഛന് വിളിച്ചു. സുധാകുരന്‍ എന്നാണ് അയാള്‍ എന്നെ കുറിച്ച് എഴുതിയത്. ഇത് അമ്പലപ്പുഴയല്ലാതെ എങ്ങും നടക്കുന്നില്ല. എംഎല്‍എയാകാന്‍ വേണ്ടി പാര്‍ട്ടിയില്‍ ചേര്‍ന്നയാളല്ല ഞാന്‍. ഞാനൊരു ഫൈറ്റര്‍ ആണെന്നാണ് വി.എസ് വിശേഷിപ്പിച്ചത്. കമ്യൂണിസ്റ്റുകാരന് പ്രായം ഒരു പ്രശ്നമല്ല. ഇത്ര വയസ് കഴിയുമ്പോള്‍ കമ്യൂണിസ്റ്റുകാരന്‍ വീട്ടില്‍ പോയി കിടന്ന് മാനസിക രോഗം ബാധിച്ച് ചത്തോളണമെന്നാണോ? 70 കഴിഞ്ഞാല്‍ കഴുത്തറുത്ത് ഇറച്ചിക്കടയില്‍ വില്‍ക്കണോ? രാഷ്ട്രീയം സിരകളിലൂടെ ഓടുകയാണ്. ഇപ്പോഴും ഫൈറ്റ് ചെയ്യാനുള്ള കഴിവുണ്ട്. എന്നോട് അന്യായം കാണിച്ചുവെന്ന തോന്നല്‍ കേരളം മുഴുവന്‍ ഉണ്ട്. ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായിക്ക് ഒപ്പം നിന്നു
എന്നോട് ഏറ്റവും സ്നേഹത്തോടെ പെരുമാറിയത് വി.എസും പിണറായിയുമാണ്. പിണറായിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഞാന്‍ സഹായത്തിനെത്തി. സ്വര്‍ണക്കടത്ത് വിഷയം വന്നപ്പോള്‍ സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പത്രസമ്മേളനം വിളിച്ച് ഒന്നരമണിക്കൂര്‍ മറുപടി പറഞ്ഞത് ഞാനാണ്. ശിവശങ്കരനെ വഞ്ചകന്‍ എന്ന് ആ പത്രസമ്മേളനത്തില്‍ ഞാന്‍ വിളിച്ചിട്ടുണ്ട്.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയോട് പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ മത്സരത്തിന് തയാറാണെന്ന് പറഞ്ഞിട്ടുണ്ട്. പ്രസ്ഥാനത്തോട് ആലോചിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. ആലപ്പുഴ ജില്ലയിലെ ഏത് മണ്ഡലത്തില്‍ നിന്നാലും ഞാന്‍ വന്‍ഭൂരിപക്ഷത്തിന് ജയിക്കും. അമ്പലപ്പുഴയില്‍ ഞാനാണ് നിന്നിരുന്നതെങ്കില്‍ അരലക്ഷം വോട്ടിന് ജയിക്കുമായിരുന്നു. നിലവിലെ എംഎല്‍എ അദ്ദേഹത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭൂരിപക്ഷമായ 11,000 വോട്ടിനാണ് ജയിച്ചത്.
ടേം വ്യവസ്ഥ ജനങ്ങളും മാധ്യമങ്ങളും വിലയിരുത്തട്ടെ.
ടേം വ്യവസ്ഥ ജനങ്ങളും മാധ്യമങ്ങളുമാണ് വിലയിരുത്തേണ്ടത്. എനിക്ക് പിആര്‍ വര്‍ക്കില്ല. അതിന്റെ പ്രശ്നമാണ്. എനിക്കതിന്റെ ആവശ്യമില്ല. ഞാന്‍ അംഗീകാരം പിടിച്ചു വാങ്ങിയതാണ് അപേക്ഷിച്ച് നേടിയതല്ല.ഒരു വിധക്കാര്‍ക്കെല്ലാം പിആര്‍ വര്‍ക്കുണ്ട്. വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ പോലുമില്ല. എന്റെ കൈ കൊണ്ട് എഴുതിയാല്‍ എനിക്ക് പോലും വായിക്കാന്‍ പറ്റില്ല. ഭാര്യയെ കൊണ്ടാണ് വായിപ്പിക്കുന്നത്.രാഷ്ട്രീയമായി ജീവിക്കുന്ന എനിക്ക് രാഷ്ട്രീയമായി പ്രവര്‍ത്തിക്കാന്‍ കഴിയും. നമ്മുടെ സേവനം വേണ്ടവര്‍ വാങ്ങിക്കട്ടെ. വേറൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. നിങ്ങള്‍ എന്തു കൊണ്ടാണ് ബിജെപിയിലും കോണ്‍ഗ്രസിലും പോകാത്തതെന്ന് പാര്‍ട്ടിയിലുള്ള ആളുകള്‍ തന്നെ ഫേസ്ബുക്ക് വഴി ചോദിക്കുന്നു. കുറേപ്പര്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് വിട്ടു പൊക്കോട്ടെ ഞങ്ങള്‍ക്ക് മാത്രം മതി എന്നാണ് മനോഭാവം. ഈ പ്രസ്ഥാനത്തെക്കുറിച്ച് യാതൊന്നും അറിയാത്തവര്‍ അഞ്ചു വര്‍ഷമായി അപമാനിക്കുകയാണ്. ഈ ജില്ലയില്‍ ഏത് സീറ്റില്‍ നിന്നാലും താന്‍ ജയിക്കും. ഏതു കൊച്ചുകുഞ്ഞിനും എന്നെ അറിയാം. ടേം വ്യവസ്ഥയില്‍ ഉള്ള ഐസക്ക് എങ്ങനെയാണ് പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്? ആരിഫ് എത്രാമത്തെ തവണയാണ് സ്ഥാനാര്‍ഥിയാകുന്നത്. ഇവര്‍ക്കൊന്നും ടേം വേണ്ടേ?
പിണറായിക്ക് തന്നെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സാധ്യത ഇല്ല
പിണറായിക്ക് തന്നെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സാധ്യത ഇല്ല. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചോ എന്നുമറിയില്ല. പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി മോശപ്പെട്ട പ്രവണതകള്‍ ഉണ്ടായിരുന്നു. ഞാന്‍ മന്ത്രിയായിരിക്കേ് അവസാന വര്‍ഷം 2020 ലാണ് തുടങ്ങിയത്. ഒരു ടീം അതിനുണ്ടായിരുന്നു. അതു കൊണ്ട് എന്തു പ്രയോജനം പാര്‍ട്ടിക്കുണ്ടായെന്നും അറിയില്ല. സ്ഥാനമാനത്തില്‍ താല്‍പര്യമുള്ളവരാകാം അത് ചെയ്യുന്നത്. മാറുന്നതിന് എന്താണ് തടസം. മാറിയാല്‍പ്പോരേ? ലോകത്തൊരു കമ്യൂണിസ്റ്റുകാരനും വയസ് പരിധിയില്ല. ഉണ്ടായിരുന്നേല്‍ മാവോ അവിടെ ഇരിക്കുമോ ? ഹോചിമിന്‍ ഇരിക്കുമോ? സ്റ്റാലിന്‍ ഇരിക്കുമോ? കാസ്ട്രോ ഇരിക്കുമാരുന്നോ? പ്രായപരിധിക്ക് വച്ച സിപിഐ കാണിച്ചത് അബദ്ധമാണ്. ഇത്തരമൊരു തീരുമാനം എടുത്തപ്പോള്‍ ശരിയെന്ന് തോന്നുമെങ്കിലും ഭാവിയിലത് പുനഃപരിശോധിച്ചു കൂടെന്നില്ല. പാര്‍ട്ടി ഭരണഘടനയിലുളള തീരുമാനമൊന്നുമല്ല അത്.
മുഖ്യമന്ത്രിക്ക് ബാധകമല്ല. എക്സംപ്ഷന്‍ കൊടുക്കാം. മുഖ്യമന്ത്രി ആകാന്‍ ആളുവേണ്ടെ? അങ്ങനെ കൊടുക്കേണ്ടി വരും. ഈ തെരഞ്ഞെടുപ്പിലും പിണറായി മത്സരിക്കും, മുഖ്യമന്ത്രിയാകും. സംശയമെന്നാ? അത് തീരുമാനിച്ചു കഴിഞ്ഞ കാര്യമല്ലേ? തനിക്ക് ഒരു തീരുമാനമില്ല. പക്ഷേ, ലോകത്തെവിടെയും ഇങ്ങനെ ഒരു തീരുമാനമില്ല. അതുള്ളപ്പോള്‍ തന്നെ എക്സംപ്ഷന്‍ കൊടുക്കേണ്ടി വരുന്നു. ആളില്ലാതെ വരും. സിപിഐക്ക് ഇതാണ് പറ്റിയത്. അവര്‍ക്ക് കുറച്ചേ ആളുകളുള്ളൂ. ഇതൊക്കെ പ്രശ്നമാണ്.
ജയിക്കുന്നവര്‍ മത്സരിക്കണം. പരിചയസമ്പത്തും വേണം.
ജയിക്കുന്നവര്‍ മത്സരിക്കണം. പരിചയസമ്പത്തും വേണം. പാര്‍ട്ടിക്ക് എപ്പോള്‍ വേണമെങ്കിലും ഒരാളെ മാറ്റാം. അതിന് ടേം പറയേണ്ട കാര്യമില്ല. ഒരാളെ മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കേണ്ടി വരും. അതിനാണ് ടേം വച്ചത്. ഇതാകുമ്പോള്‍ ചര്‍ച്ച വേണ്ട. പ്രായം പുറത്തു പറയാന്‍ മടിക്കും. 81 വയസുള്ള ഏരിയാ കമ്മറ്റിയംഗം ആലപ്പുഴയില്‍ മരിച്ചു.
അത്യാഗ്രഹം രാഷ്ട്രീയത്തില്‍ കുമിയുകയാണ്. ആര്‍ക്കും ഏത് പോസ്റ്റും കൊടുക്കാം. അതിനവര്‍ റെഡിയാണ്. ഇന്ന് വരെ കേരളത്തില്‍ മുഖ്യമന്ത്രിയെ ചൊല്ലി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തര്‍ക്കം ഉണ്ടായിട്ടില്ല. അറിയാം, അതിന് യോഗ്യന്‍ ഇദ്ദേഹം തന്നെയാണെന്ന്. ഇഎംഎസ്, നായനാര്‍, വി.എസ്, പിണറായി. നാലു പേരല്ലേ ആയുള്ളൂ. ആര്‍ക്കും തര്‍ക്കമില്ല. അതാണ് നേതൃത്വത്തിന്റെ യോഗ്യത.


