കോട്ടയം: ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ രൂക്ഷ വിമര്‍ശനം. ബിജെപി സ്വീകരിച്ച നിലപാടുകള്‍ സത്യസന്ധമല്ലെന്നാണ് സുകുമാരന്‍ നായര്‍ തുറന്നടിച്ചത്. അന്നത്തെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്റെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

യുവതി പ്രവേശനം തടയാന്‍ നിയമമുണ്ടാക്കുമെന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ അന്ന് പറഞ്ഞിരുന്നുവെന്നും എന്നിട്ട് എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. എന്തെങ്കിലും നടന്നോ എന്നും ആരാഞ്ഞു. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് കള്ളക്കളി കളിച്ചു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനാലാണ് ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ് പങ്കെടുത്തത് -അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ക്ക് ആരോടും എതിര്‍പ്പില്ല. പ്രത്യേകിച്ച് സര്‍ക്കാറിനോട് എതിര്‍പ്പ് പുലര്‍ത്താറില്ല. ആശയങ്ങളോടാണ് എതിര്‍പ്പ്. ശബരിമല യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയുടെ വിഷയത്തില്‍ മറ്റുപാര്‍ട്ടികള്‍ ഒന്നും ചെയ്തില്ല. കേന്ദ്ര ഗവണ്‍മെന്റ് ഒന്നും ചെയ്തില്ല. യുവതി പ്രവേശനം തടയാന്‍ നിയമമുണ്ടാക്കുമെന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ അന്ന് പറഞ്ഞിരുന്നു. എവിടെ പോയി എന്തെങ്കിലും നടന്നോ നേരത്തെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെ (ഇടതു സര്‍ക്കാര്‍) ആ പ്രശ്‌നങ്ങളില്‍ അയവ് വരുത്താന്‍ തീരുമാനിക്കുമ്പോള്‍ ആ വിഷയത്തില്‍ അവരോട് യോജിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അല്ലാതെ അതില്‍ രാഷ്ട്രീയം ഒന്നുമില്ല. സമദൂരത്തില്‍നിന്ന് മാറ്റമൊന്നുമില്ല' -സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

'യുവതീപ്രവേശനം സംബന്ധിച്ച് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുമാറ്റത്തില്‍ സംശയിക്കേണ്ടതില്ല. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നത് കൊണ്ടാണ് ബി.ജെ.പി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുക്കാതിരുന്നത്. കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്യണമെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റ് വേണമല്ലോ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുതരുമ്പോള്‍ അത് വിശ്വസിക്കാമല്ലോ

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് നിലപാട് വിശ്വാസികള്‍ക്ക് അനുകൂലമല്ല. അവരുടെ നിലപാട് തെറ്റാണ്. ഈയിടെയായി ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുവാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. ശബരിമല വിഷയത്തില്‍ വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ നിലപാട് വ്യക്തമാക്കിയതാണല്ലോ. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനാലാണ് ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ രണ്ടുതവണയും ശബരിമല ദര്‍ശനത്തില്‍ പഴയ നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബി.ജെ.പിയുടെ കൈയില്‍ ഗവണ്‍മെന്റുണ്ടായിട്ടും ഒന്നും ചെയ്തിട്ടില്ല. കോണ്‍ഗ്രസ് അതിനകത്ത് വലിയ കള്ളക്കളി കളിച്ചു. ശക്തമായ ഒരുനിലപാട് ഒരിക്കലും പറയുന്നില്ല' -സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

അതേസമയം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമത്തില്‍ വലിയ ആള്‍ക്കൂട്ടം എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കറുപ്പും കാവിയും വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയത്. രാവിലെ നാനാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ 1000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സമ്മേളനം തുടങ്ങിയപ്പോഴേക്കും ഓഡിറ്റോറിയത്തില്‍ കയറാന്‍ കഴിയാത്തവിധം ജനം തിങ്ങിനിറഞ്ഞു.

വൈകിട്ട് നാലിന് കൈപ്പുഴ ശ്രീവത്സം മൈതാനിയിലാണ് പൊതുസമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിയോടുകൂടി സദസില്‍ ആളുകള്‍ നിറഞ്ഞു. സമ്മേളന നഗരിയിലേക്ക് കയറാന്‍ കഴിയാതെ ജനം റോഡിലേക്ക് കടന്നു നിന്നതോടെ എം.സി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് കുളനട ജംഗ്ഷനില്‍ നിന്ന് അമ്പലക്കടവ് വഴിയും പന്തളം ജംഗ്ഷനില്‍ നിന്ന് തുമ്പമണ്‍ വഴിയും പൊലീസ് വാഹനങ്ങള്‍ തിരിച്ചുവിട്ടു.

ഇരു പരിപാടികളും തിരുവാഭരണ വാഹകസംഘത്തിന്റെ ശരണം വിളികളോടെയാണ് ആരംഭിച്ചത്. ശബരിമല തന്ത്രിമാര്‍, ശബരിമല, മാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍, കേരളത്തിനകത്തും പുറത്തും നിന്നുമുള്ള സന്യാസി ശ്രഷ്ഠന്മാര്‍, അയ്യപ്പ ഭക്ത സംഘടനാ പ്രതിനിധികള്‍, സമുദായ സംഘടനാ നേതാക്കള്‍, ശബരിമലയുമായി ബന്ധപ്പെട്ട അമ്പലപ്പുഴ, ആലങ്ങാട്ട് പേട്ട സംഘങ്ങള്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന നേതാക്കളായ അശോകന്‍ കുളനട , പന്തളം പ്രതാപന്‍, സന്ദീപ് വാചസ്പതി, ഐശ്വര്യാ ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.