- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റു കണ്ടാല്‍ തെറ്റു തന്നെയാണ്; കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പി ഇടുന്ന ഡ്രൈവര്‍ക്ക് എതിരെയും പരിശോധിക്കാതെ വിട്ടയാള്‍ക്കെതിരേയും നടപടിയുണ്ടാകും; അതിന് ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്; കുറച്ച് അലവലാതികള്‍ ഇറങ്ങിയിട്ടുണ്ട്; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിന് മന്ത്രി ഗണേഷ് കുമാറിന്റെ മറുപടി
സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിന് മന്ത്രി ഗണേഷ് കുമാറിന്റെ മറുപടി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളിലെ ഡാഷിന് മുന്നില്‍ കുപ്പിയിടുന്ന ഡ്രൈവര്‍ക്ക് എതിരെയും അത് ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥന് എതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇത്തരം വിഷയങ്ങളില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഇതിനോടകം ടണ്‍ കണക്കിന് മാലിന്യമാണ് നീക്കം ചെയ്തതെന്നും ഇനിയും കാര്യമായ പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ടെന്നും മന്ത്രി പറഞ്ഞു. ബസുകള്‍ക്കുള്ളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടികൂടുകയും നടപടി സ്വീകരിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ എഴുതി സമയം കളയേണ്ടതില്ലെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
''എല്ലാ സൂപ്പര്‍ഫാസ്റ്റ് ബസ്സുകളിലും മാലിന്യം ഇടാനുള്ള ബോക്‌സ് വച്ചിട്ടുണ്ട്. പുതിയ ബസ്സുകളിലെല്ലാം ഇതുണ്ട്. വണ്ടിയുടെ ഡാഷിനു മുന്നില്‍ കുപ്പിയിടുന്ന ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും. ഡ്രൈവര്‍ക്ക് എതിരെ മാത്രമല്ല, ആ വണ്ടി പരിശോധിക്കാതെ വിട്ടവന് എതിരെയും നടപടിയെടുക്കും. തെറ്റു കണ്ടാല്‍ തെറ്റു തന്നെയാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം കൊടുത്തപ്പോള്‍ ഇവന്മാരെ ആരെയും കണ്ടില്ലല്ലോ'.
എല്ലാ സൂപ്പര്‍ഫാസ്റ്റ് ബസുകളിലും മാലിന്യം ഇടാനുള്ള ബോക്‌സുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പുതിയ ബസുകളിലും ഇത് നിര്‍ബന്ധമാണെന്നും മന്ത്രി സൂചിപ്പിച്ചു. 2000-3000 ടിന്നുകള്‍ ഇതിനായി വാങ്ങുകയും ബസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും, വാഹനത്തിന്റെ ഡാഷിന്റെ മുന്നില്‍ മാലിന്യം കാണുകയാണെങ്കില്‍ ഡ്രൈവര്‍ക്കെതിരെയും വണ്ടി പരിശോധിക്കാതെ വിട്ട ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും.അത് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ നെഞ്ചത്ത് കയറുകയാണെന്ന് പറയരുതെന്നും മന്ത്രി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ കെ.എസ്.ആര്‍.ടി.സിക്കുള്ള അംഗീകാരത്തെയും മന്ത്രി പരാമര്‍ശിച്ചു. കെ.എസ്.ആര്‍.ടി.സി ടൂറിസത്തെക്കുറിച്ചുള്ള റീലുകള്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണുന്നുണ്ടെന്നും ഇതിന്റെ ജനപ്രീതി മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കെഎസ്ആര്‍ടിസിയുടെ പടം ഇട്ടാല്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കാണും. അപ്പോള്‍ കെഎസ്ആര്‍ടിസിയെ തെറി വിളിച്ചാല്‍ എന്റെ പേരും പ്രശസ്തമാകും എന്നാണ് ചിലരുടെ ധാരണ. അങ്ങനെ കുറച്ച് അലവലാതികള്‍ ഇറങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഉത്തരവ് പാലിക്കാത്തതാണ് ചോദിച്ചത്. അത് ഇനിയും ചോദിക്കും. ഏതവന്‍ പറഞ്ഞാലും ചോദിക്കും. ഇതും എടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടോ'' ഗണേഷ് കുമാര്‍ പറഞ്ഞു.