- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് വോട്ട് കൂട്ടി, ഇനി ലക്ഷ്യം സ്വന്തം തട്ടകം; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ജി. കൃഷ്ണകുമാര്‍; സിറ്റിങ് എംഎല്‍എയുടേത് പിആര്‍ വര്‍ക്ക് മാത്രം; കെ.മുരളീധരന് ഒരിടത്തും സ്ഥായിയായി നില്‍ക്കുന്ന ആളല്ല; പാര്‍ട്ടി എവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാലും അനുസരിക്കുമെന്നും കൃഷ്ണകുമാര്‍
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ജി. കൃഷ്ണകുമാര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍. വട്ടിയൂര്‍ക്കാവാണ് തന്റെ പ്രവര്‍ത്തന മണ്ഡലമെന്നും, പാര്‍ട്ടി അവസരം നല്‍കുകയാണെങ്കില്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി എവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാലും താന്‍ അനുസരിക്കുമെന്നും ജി. കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ തവണ പാര്‍ട്ടി പറഞ്ഞിടത്ത് ഞാന്‍ മത്സരിച്ചു. പാര്‍ട്ടി ഓരോ സീറ്റിലും മത്സരിക്കാന്‍ ഓരോരുത്തരോടും പറയുന്നതില്‍ കാരണമുണ്ടാകും. തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിച്ചതിനുശേഷം തിരുവനന്തപുരത്താണ് ഞാന്‍ പ്രവര്‍ത്തനം സജീവമാക്കിയത്. എന്നാല്‍, കൊല്ലത്ത് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. പാര്‍ട്ടി എന്തുകൊണ്ട് എന്നെ കൊല്ലത്ത് അയച്ചുവെന്ന് പിന്നീട് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. അവിടെ ബിജെപിക്ക് സാധ്യത കുറവാണെന്ന് മനസ്സിലായെങ്കിലും വോട്ട് വിഹിതം ഉയര്‍ത്താന്‍ എനിക്ക് സാധിച്ചു. ആ കണക്ക് വെച്ച് ലോക്സഭ ജയിക്കാന്‍ സാധിച്ചില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചു. അന്ന് നടത്തിയ കൂട്ടായ പ്രവര്‍ത്തനമാണ് ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിപ്പിച്ചത്.
പാര്‍ട്ടി എവിടെ നില്‍ക്കാന്‍ പറഞ്ഞാലും അത് ഞാന്‍ അനുസരിക്കും. 25 കൊല്ലമായി ഞാന്‍ ജീവിക്കുന്ന സ്ഥലമാണ് വട്ടിയൂര്‍ക്കാവ്. എന്റെയും ഭാര്യയുടെ വീടും ഓഫീസും ഒക്കെ ഈ മണ്ഡലത്തിലാണ്. എന്റെ പ്രവര്‍ത്തന മണ്ഡലം വട്ടിയൂര്‍ക്കാവാണ്. ഓരോ സ്ഥലത്തേയും പ്രശ്നം എനിക്കറിയാം. ഓരോ പൊതുപ്രവര്‍ത്തകനും സ്വന്തം പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്നും മത്സരിക്കാനായിരിക്കും താത്പര്യം. വട്ടിയൂര്‍ക്കാവ് പാര്‍ട്ടി വെച്ച് നീട്ടിയാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. ബാക്കിയെല്ലാം പാര്‍ട്ടി തീരുമാനം അനുസരിച്ചിരിക്കും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂട്ടായ പ്രവര്‍ത്തനമുണ്ടായിരുന്നു. തലസ്ഥാനത്ത് ബിജെപി ജയിക്കുമ്പോള്‍ അതിന്റെ അലയൊലികള്‍ കാസര്‍ക്കോട് വരെ നീളും. താമര വിരിയില്ലെന്ന് പറഞ്ഞിടത്ത് അധികാരത്തില്‍ വരുമ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാകും. ബിജെപിയെ ഇഷ്ടമാണെങ്കിലും വോട്ട് പാഴാക്കാന്‍ വയ്യെന്ന ചിന്ത ആളുകള്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ ഇനി അതിന്റെ ആവശ്യമില്ല. ആരുടേയും വോട്ട് പാഴായില്ല. തിരുവനന്തപുരത്ത് ബിജെപി ജയിച്ചു. ഇനി കേരളത്തില്‍ എവിടെയും പാര്‍ട്ടിക്ക് ജയിക്കാനാകും.
വട്ടിയൂര്‍ക്കാവിലെ സിറ്റിങ് എംഎല്‍എ വികെ പ്രശാന്ത് ഏഴരക്കൊല്ലം ഭരിച്ചു. സ്വന്തം സര്‍ക്കാര്‍ ഭരിച്ചപ്പോഴും പറയാന്‍ ഒരു രൂപയുടെ വികസനം പോലുമില്ല. മുഴുവന്‍ പിആര്‍ വര്‍ക്കും തള്ളുമാണ്. രാവിലെ മുതല്‍ വട്ടിയൂര്‍ക്കാവ് ജങ്ഷനില്‍ ബ്ലോക്കാണ്. വികസനത്തിന്റെ പേരില്‍ എല്ലാം ഇടിച്ച് പൊളിച്ചു. വ്യാപാരികളെ പുനരധിവസിപ്പിച്ചില്ല. എല്ലായിടത്തും പൊടിയാണ്. മഴ പെയ്താല്‍ റോഡ് മുഴുവന്‍ കുഴിയാണ്. നല്ലൊരു അവസരം നശിപ്പിച്ച എംഎല്‍എയാണ് പ്രശാന്ത്.
ഇവിടെ കോണ്‍ഗ്രസിന്റെ കെ മുരളീധരന്റെ പേരാണ് കേള്‍ക്കുന്നത്. ജയിച്ചിട്ട് പകുതി വെച്ച് വടകരയ്ക്ക് പോയി. അവിടെ നിന്ന് നേമത്ത് പോയി. ഒരിടത്തും സ്ഥായിയായി നില്‍ക്കുന്ന ആളല്ല. ജനങ്ങള്‍ ഇത് കാണുന്നുണ്ട്. അവര്‍ക്ക് മടുത്തു. ബിജെപി വരണമെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ വാശിയാണ്. ബിജെപി വന്നാലേ രക്ഷപ്പെടൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്', കൃഷ്ണകുമാര്‍ പറഞ്ഞു.




