- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ വട്ടം സര്‍ക്കാര്‍ നല്‍കിയ ഒന്നാം പേരുകാരനെ വെട്ടി മൂന്നാം പേരുകാരനെ ആരോഗ്യ സര്‍വകലാശാല വിസിയായി നിയമിച്ചു; മറ്റന്നാള്‍ പിരിയാനിരിക്കെ മോഹന്‍ കുന്നുമ്മലിന്റെ കാലാവധി നീട്ടി നല്‍കി ഗവര്‍ണര്‍; ബിജെപി പിന്തുണയുള്ള കുന്നുമ്മലിന്റെ പുനര്‍നിയമനം സെര്‍ച്ച് കമ്മിറ്റി വെക്കാതെ
മോഹന്‍ കുന്നുമ്മലിന്റെ കാലാവധി നീട്ടി ഗവര്‍ണര്‍
തിരുവനന്തപുരം: ബിജെപി പിന്തുണയുള്ള മോഹന്‍ കുന്നുമ്മലിന് കേരള ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലറായി കാലാവധി നീട്ടി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഞ്ച് വര്‍ഷത്തേക്കുകൂടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കാലാവധി നീട്ടി നല്‍കി ഉത്തരവിറക്കിയത്. ഈ മാസം 26 ന് വിരമിക്കാനിരിക്കെയാണു പുതിയ തീരുമാനം. 70 വയസ് വരെ പദവിയില്‍ തുടരാമെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, കേരള വിസിയുടെ അധിക ചുമതലയിലും മോഹനന്‍ തുടരും.
സെര്‍ച്ച് കമ്മിറ്റി വെക്കാതെയാണ് പുനര്‍ നിയമനം. സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കിയുള്ള വിജ്ഞാപനം പിന്‍വലിച്ചാണ് പുനര്‍ നിയമനം. സര്‍ക്കാരിന്റെ അപേക്ഷയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരണം ഹൈക്കോടതി തടഞ്ഞിരുന്നു. 2019 ഒക്ടോബറിലാണ് ആരോഗ്യ സര്‍വ്വകലാശാല വി സി യായി ഡോ. മോഹനന്‍ കുന്നുമ്മലിനെ ഗവര്‍ണര്‍ നിയമിച്ചത്.
കണ്ണൂര്‍ സ്വദേശിയായ ഡോ. മോഹനന്‍ കുന്നുമ്മല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവിയായിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ദീര്‍ഘകാലം റേഡിയോ ഡയഗ്‌നോസിസില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം 2016ല്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിങ് അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗമാണ്. ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
2019 ല്‍ വി.സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത് മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറയുടെ പേരായിരുന്നു. ഇതിന് പുറമെ ഡോ. വി. രാമന്‍കുട്ടിയുടെയും ഡോ. മോഹന്‍ കുന്നുമ്മലിന്റെയും പേര് സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. പ്രവീണ്‍ലാലിനെ വി.സിയായി നിയമിക്കാനുള്ള സര്‍ക്കാര്‍ താല്‍പര്യം അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ ഗവര്‍ണറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സെര്‍ച്ച് കമ്മിറ്റി നല്‍കിയ പട്ടികയിലെ മൂന്നാം പേരുകാരനായ ഡോ. മോഹന്‍ കുന്നുമ്മലിനെ വി.സിയായി നിയമിച്ചാണ് ഗവര്‍ണര്‍ ഉത്തരവിറക്കി
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുമായുള്ള ശീതസമരം തുടരവേയാണ് മോഹന്‍ കുന്നുമ്മലിന് കാലാവധി നീട്ടി നല്‍കിയത് എന്നതും ശ്രദ്ധേയമമാണ്. കേരള സര്‍വകലാശാല, കേരള ഡിജിറ്റല്‍ സര്‍വകലാശാല, എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല എന്നിവിടങ്ങളിലാണ് ഈയാഴ്ച ഒഴിവുവരുന്നത്.ഡിജിറ്റല്‍ സര്‍വകലാശാലയുടെയും സാങ്കേതിക സര്‍വകലാശാലയുടെയും വി.സി.യായ ഡോ. സജി ഗോപിനാഥ് 24-നും കേരള-ആരോഗ്യ സര്‍വകലാശാലകളുടെ വി.സി.പദവി വഹിക്കുന്ന ഡോ. മോഹന്‍ കുന്നുമ്മല്‍ 26-നുമാണ് സ്ഥാനമൊഴിയുന്നത്.
അതേസമയം, കേരളത്തിലെ പതിനാലാമത്തെ സര്‍വ്വകലാശാലയും അനാഥത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഡിജിറ്റല്‍ സര്‍വ്വകലാശാ വൈസ് ചാന്‍സലര്‍ ഡോ സജി ഗോപിനാഥ് 24 ന് വിരമിക്കുകയാണ്. സാങ്കേതിക സര്‍വ്വകലാശാലയുടെ താല്‍കാലിക വിസി കൂടിയാണ് സജി ഗോപിനാഥ്. ഫലത്തില്‍ രണ്ടു സര്‍വ്വകലാശാലകള്‍ക്ക് നാഥനെ കണ്ടെത്തേണ്ട അവസ്ഥ. മോഹന്‍ കുന്നുമ്മല്‍ കേരള സര്‍വ്വകലാശാലയുടെ താല്‍കാലിക വിസി കൂടിയാണ്. സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമാണുള്ളത്.
സ്ഥിരം വി.സി. നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണറും ഭിന്നതയിലാണ്. നേരത്തേ കുസാറ്റിലും കാലിക്കറ്റ് സര്‍വകലാശാലയിലും സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളി ഗവര്‍ണര്‍ മുതിര്‍ന്ന പ്രൊഫസര്‍മാരെ താത്കാലിക വി.സി.യായി നിയമിക്കുകയായിരുന്നു.
ഏതെങ്കിലും പ്രൊഫസര്‍ക്ക് വി.സിയുടെ ചുമതല നല്‍കുമെങ്കിലും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്‍-ചാര്‍ജ്ജ് വി.സിമാര്‍ തയ്യാറാവാത്തതിനാല്‍ മിക്കയിടത്തും ഭരണസ്തംഭനമാണ്. ഇന്‍-ചാര്‍ജ്ജ് വി.സിമാരെ റബര്‍സ്റ്റാമ്പുകളാക്കി സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയക്കാരാണ് വാഴ്സിറ്റികള്‍ ഭരിക്കുന്നത്. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവുമൊഴിച്ചുള്ള കാര്യങ്ങളെല്ലാം ഇഴയുകയാണ്. വിദ്യാര്‍ത്ഥികളുടെ പരാതിപരിഹാരമടക്കം പ്രതിസന്ധിയിലാണ്. 2022 ഒക്ടോബര്‍ മുതലുള്ള വി.സി ഒഴിവുകളില്‍ ഇതുവരെ നിയമനം നടത്താനായിട്ടില്ലെന്നതാണ് വസ്തുത.
ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ പകരം വിസിയായി ഡോ പി ആര്‍ ഷാലിജ്, കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളേജ് പ്രഫസര്‍ ഡോ വിനോദ് കുമാര്‍ ജേക്കബ് എന്നിവരുടെ പേര് അടക്കം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതില്‍ ഗവര്‍ണ്ണറുടെ തീരുമാനം നിര്‍ണ്ണായകമാകും. സാങ്കേതിക സര്‍വകലാശാലാ മുന്‍ വി.സി. ഡോ. എം.എസ്. രാജശ്രീയുടെ പേരും പട്ടികയിലുണ്ട്. വിരമിക്കുംമുമ്പ് സജി ഗോപിനാഥ് തന്നെ രാജശ്രീയുടേതുള്‍പ്പെടെ മൂന്നുപേരടങ്ങുന്ന പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചേക്കുമെന്നറിയുന്നു. മൂന്നുപേര്‍ വേണ്ട പാനലില്‍ ഒറ്റപ്പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന സാങ്കേതികകാരണത്താല്‍മാത്രമാണ് മുമ്പ് രാജശ്രീക്ക് സുപ്രീംകോടതി അയോഗ്യത കല്പിച്ചതും വി.സി. സ്ഥാനം നഷ്ടപ്പെട്ടതും. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചാണ് ഇതെന്നും സൂചനകളുണ്ട്.
രാജശ്രീ മാര്‍ച്ചില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ തസ്തികയില്‍നിന്ന് വിരമിച്ചു. എന്നാല്‍, വി.സി. നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി രാജശ്രീക്ക് അനുകൂലമാണ്. സര്‍വകലാശാലാ നിയമപ്രകാരം സെര്‍ച്ച് കമ്മിറ്റികളില്‍ സെനറ്റ്/ സിന്‍ഡിക്കേറ്റ് പ്രതിനിധി നിര്‍ബന്ധമാണ്. പ്രതിനിധിയെ നല്‍കാന്‍ സെനറ്റ് തയ്യാറല്ല. വൈസ്ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലറാണ് തീരുമാനമെടുക്കേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്. എന്നാല്‍ എല്ലായിടത്തേക്കും ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച്കമ്മിറ്റിക്ക് ബദലായി സര്‍ക്കാര്‍ സ്വന്തം സെര്‍ച്ച്കമ്മിറ്റിയുണ്ടാക്കുകയും അവ കേസില്‍ കുരുങ്ങുകയുമായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം-162 പ്രകാരം വി.സിനിയമനം സര്‍ക്കാരിന്റെ അധികാരമാണെന്ന് വ്യാഖ്യാനിച്ചാണ് സര്‍ക്കാര്‍ സെര്‍ച്ച്കമ്മിറ്റികളുണ്ടാക്കുന്നത്.
താത്കാലിക വി.സിമാര്‍ പ്രധാനതീരുമാനങ്ങളെടുക്കുന്നില്ല. വികസനപദ്ധതികളും അക്കാഡമിക് പ്രവര്‍ത്തനങ്ങളുമടക്കം സ്തംഭനത്തിലാണ്. അദ്ധ്യാപക നിയമനങ്ങളടക്കം കാര്യമായി നടക്കുന്നില്ല. മിക്കയിടത്തും താത്കാലിക അദ്ധ്യാപകരാണുള്ളത്. മറ്റുവാഴ്സിറ്റികളിലെ പ്രൊഫസര്‍മാരായ ഇന്‍-ചാര്‍ജ്ജുമാരെ കാണാനോ പരാതികള്‍ അറിയിക്കാനോ വിദ്യാര്‍ത്ഥികള്‍ക്കും കഴിയുന്നില്ലെന്നതാണ് വസ്തുത.