തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍.എച്ച്.എം.) കേരള ഘടകത്തിന്റെ ഓഫീസിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. ആവശ്യങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്നും ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

സമരം തുടങ്ങി 38-ാം ദിവസം പിന്നിടുമ്പോഴാണ് ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. നിരാഹരമടക്കമുള്ള സമരങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആശാ വര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങിയത്. ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് പുറമേ പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെക്കുന്നത്.

എന്‍എച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. സമര സമിതി പ്രസിഡന്റ് വികെ സദാനന്ദന്‍, വൈസ് പ്രസിഡന്റ് എസ് മിനി, മറ്റു രണ്ട് ആശമാര്‍ തുടങ്ങിയവരായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിനെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തു.

ഒരു മാസത്തിലധികം സമരം നീണ്ടുനിന്നശേഷമാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസില്‍ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. മിനിമം കൂലി, പെന്‍ഷന്‍, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്റീവ്, ഫിക്‌സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാര്‍ സമരം തുടര്‍ന്നിരുന്നു. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആശമാര്‍.

ആശമാരുടെ സമരം ആരംഭിച്ച് 38ാം ദിവസമാണ് സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചത്. നേരത്തെ സര്‍ക്കാര്‍ ആശമാരുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടിട്ടില്ല.കഴിഞ്ഞ ദിവസമാണ് ആശമാര്‍ സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ നിരാഹാര സമരം പ്രഖ്യാപിച്ചത്. ഈ മാസം 20ാം തീയതി മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരസമിതി അറിയിച്ചിരുന്നു. സമരം 36ാം ദിവസത്തിലേക്ക് കടന്ന സമയം പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്നു.