- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടി പറഞ്ഞാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിയും; നിലവില്‍ അതിനുളള സാഹചര്യമില്ല; അടൂരില്‍ കഴിഞ്ഞ തവണ വോട്ടു കുറഞ്ഞത് സാമുദായിക ചേരിതിരിവ് മൂലമെന്നും സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍
പാര്‍ട്ടി പറഞ്ഞാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിയുമെന്ന് ചിറ്റയം ഗോപകുമാര്‍
പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കര്‍ പദവി പാര്‍ട്ടി പറഞ്ഞാല്‍ ഒഴിയുമെന്നും എന്നാല്‍, നിലവില്‍ അതിനുള്ള സാഹചര്യമില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സ്പീക്കര്‍ മാത്രമാണ് ഭരണഘടനാ പദവിയിലുള്ളത്. സ്പീക്കര്‍ ഒഴിയുന്ന സാഹചര്യത്തിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് അധികാരമുണ്ടാകുക. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലിരുന്നു കൊണ്ട് സജീവ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന ഒരു നിര്‍ദേശമോ നിയമപരമായ തടസമോ ഇല്ല. എന്നാല്‍ താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി കൂടി വഹിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം സി.പി.ഐയുടേതായിരിക്കുമെന്നും ചിറ്റയം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ജില്ലയില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം എങ്ങുമില്ല. യോജിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. തദ്ദേശ സ്ഥാപന വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ എല്‍.ഡി.എഫ് സീറ്റ് വിഭജന വേളയില്‍ സിപിഐ ആനുപാതിക വര്‍ധന ആവശ്യപ്പെടും. തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് കൂടുതല്‍ ജനപ്രതിനിധികളെ സൃഷ്ടിക്കുന്നതിനൊപ്പം എല്‍.ഡി.എഫിനും അംഗബലം കൂടണം. ജില്ലാ സമ്മേളനത്തോടുകൂടി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചു. എല്ലാവരും യോജിച്ചാണ് പോകുന്നത്. മെമ്പര്‍ഷിപ്പിലെ കുറവ് പരിശോധിക്കും. ജില്ലയ്ക്കു പുറത്തു നിന്നുള്ളയാളാണ് ജില്ലാ സെക്രട്ടറി എന്ന ആക്ഷേപത്തിന് കഴമ്പില്ല. താന്‍ വര്‍ഷങ്ങളായി പത്തനംതിട്ട ജില്ലക്കാരനാണ്. തന്റെ വോട്ടും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമെല്ലാം അടൂരില്‍ തന്നെയാണ്. എ. പി. ജയന്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും ചിറ്റയം പറഞ്ഞു. ഈ സമയത്ത് തനിക്ക് കൊല്ലം ജില്ലയുടെ സംഘടനാ ചുമതലയായിരുന്നതിനാല്‍ പത്തനംതിട്ടയിലെ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നില്ല.
അടൂര്‍ മണ്ഡലത്തില്‍ തുടര്‍ന്ന് മല്‍സരിക്കുന്നതു സംബന്ധിച്ചു പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ചിറ്റയം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അടൂരില്‍ തനിക്ക് വോട്ടുകുറയാന്‍ കാരണമായത് സാമുദായിക ചേരിതിരിവ് ആണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയുടെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് ശക്തമായ ഇടപെടല്‍ ഉണ്ടാകും. മലയോരമേഖലയില്‍ വന്യജീവി ആക്രമണവും നാട്ടിന്‍പുറങ്ങില്‍ പന്നിശല്യവും വര്‍ധിച്ചു വരികയാണ്. കേന്ദ്ര നിയമങ്ങള്‍ ഇതിനു തടസമായി നില്‍ക്കുകയാണന്നും വേണ്ടിവന്നാല്‍ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കുമെന്നും ചിറ്റയം പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായ സമ്മര്‍ദം ചെലുത്തിയിട്ടും കേന്ദ്ര തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. പന്നിയുടെ ശല്യം കാരണം കാര്‍ഷിക മേഖല പൊറുതിമുട്ടിയിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ക്കു സംരക്ഷണം നല്‍കിയില്ലെങ്കില്‍ ഉത്പാദന മേഖലയില്‍ ഇടിവുണ്ടാകും. പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്.
ജില്ലയില്‍ അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നതാണ് എല്‍ഡിഎഫ് നയം. ഇതിനാവശ്യമായ നടപടികള്‍ക്ക് വേഗം കൈവന്നിട്ടുണ്ട്. പട്ടയം വിതരണവുമായി ബന്ധപ്പെട്ട് നിരന്തരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. കേന്ദ്രാനുമതി അടക്കം ലഭ്യമാകേണ്ട പട്ടയങ്ങളുടെ വിതരണമാണ് വൈകുന്നത്.
മുമ്പെങ്ങും ഇല്ലാത്ത വികസനം എല്‍ഡിഎഫ് ഭരണത്തില്‍ ജില്ലയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കേന്ദ്രത്തില്‍ ആര്‍ട്ട് ഗാലറിയും സാംസ്‌കാരിക സമുച്ചയവും അത്യാവശ്യമാണ്. ഇത് നടപ്പാക്കാന്‍ പരിശ്രമിക്കുമെന്നും ചിറ്റയംഗോപകുമാര്‍ പറഞ്ഞു. അബാന്‍ മേല്‍പാലം നിര്‍മാണം വൈകുന്നതു സംബന്ധിച്ച ആക്ഷേപത്തെക്കുറിച്ച് പഠിച്ചു പ്രതികരിക്കാമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് ബിജു കുര്യന്‍ സ്വാഗതവും സെക്രട്ടറി ജി. വിശാഖന്‍ നന്ദിയും പറഞ്ഞു.