- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫ് വിലക്ക് മറികടന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ നവ കേരള സദസിൽ; കോൺഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി; ഹസീബ് സഖാഫ് തങ്ങളെ മുസ്ലിംലീഗ് സസ്പെന്റ് ചെയ്യുമോ? നേതാക്കളുടെ പിണറായി പ്രേമം യുഡിഎഫിന് തലവേദനയാകുമ്പോൾ
മലപ്പുറം: സർക്കാറിന്റെ നവകേരള സദസ്സ് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പരിപാടിയാണെന്ന നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടിയുമായി സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് തീരുമാനം കൈക്കൊണ്ടത്. നേതാക്കൾ പരിപാടിയുമായി സഹകരിക്കേണ്ടെന്ന് തീരുമാനം എടുക്കുകയും ചെയ്തെങ്കിലും വിലക്കൊന്നും വകവെക്കാതെയാണ് ചില നേതാക്കൾ പിണറായി വിജയന്റെ നവകേരള പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ നേതാക്കൾക്കെതിരെ നടപടി എടുക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
ഏറ്റവും ഒടുവിലായി യുഡിഎഫ് വിലക്കിനെ മറികടന്ന് കൂടുതൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ നവ കേരള സദസിലേക്ക് എത്തുന്നത്. കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നവകേരള സദസിൽ മുസ്ലിംലീഗ്, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാനെത്തി. നവകേരള സദസിലെ ലീഗ് സാന്നിധ്യം വലിയ ചർച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ തിരൂരിൽ നവകേരള സദസിൽ പങ്കെടുത്തു.
തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തത്. കോൺഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുൻ ബ്ലോക്ക് പ്രസിഡന്റായ സി മൊയ്തീൻ പ്രഭാത യോഗത്തിനാണ് പങ്കെടുത്തത്. പാർട്ടി നടപടിയെ കുറിച്ച് ആലോചിക്കുന്നില്ലെന്നും നാടിന്റെ വികസന പരിപാടിയായതു കൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തത് എന്നുമാണ് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞത്. തങ്ങളെ മുസ്ലിംലീഗ് പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്.
നവ കേരള സദസ് ഇന്ന് മുതൽ മലപ്പുറത്താണ് പര്യടനം. തിരൂരിലാണ് പ്രഭാത യോഗത്തിന് ശേഷം രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി. വൈകിട്ട് മൂന്ന് മണിക്ക് തവനൂരിലും നാലരക്ക് തിരൂർ മണ്ഡലത്തിലും നവ കേരള സദസ് നടക്കും. വൈകിട്ട് ആറ് മണിക്കാണ് താനൂർ മണ്ഡലത്തിലെ പരിപാടി. നവ കേരള സദസിനോട് അനുബന്ധിച്ച് മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം നവ കേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ്-ലീഗ് നേതാക്കൾക്ക് കഴിഞ്ഞ ദിവസം സസ്പെൻഷൻ നടപടി നേരിടേണ്ടി വന്നിരുന്നു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുൻ പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമായ എൻ അബൂബക്കർ, താമരശേരിയിൽ നവ കേരള സദസ്സിൽ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈൻ, മൊയ്തു മുട്ടായി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംസ്ഥാന കമ്മറ്റിയാണ് നടപടി എടുത്തത്.
യുഡിഎഫ് ബഹിഷ്ക്കരണം മറികടന്നാണ് കോൺഗ്രസ്-ലീഗ് പ്രാദേശിക നേതാക്കൾ നവകേരള സദസ് വേദിയിലെത്തിയത്. കുന്ദമംഗലത്തെ നവകേരള സദസ്സ് പ്രഭാത ഭക്ഷണ യോഗത്തിലാണ് നേതാക്കൾ എത്തിയത്. വികസനത്തിനും പുരോഗതിക്കും വേണ്ടി ഒന്നിച്ച് നിൽക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
രാഷ്ട്രീയം നോക്കാതെയാണ് നവകേരള സദസ്സിലേക്കെത്തിയതെന്നാണ് ലീഗ് നേതാവ് മൊയ്തു പറഞ്ഞത്. യുഡിഎഫ് ബഹിഷ്ക്കരണത്തിനും വിമർശനത്തിനും അവരുടെ നേതാക്കളെ തന്നെ നവകേരള സദസിന്റെ ഭാഗമാക്കിയാണ് എൽഡിഎഫ് പ്രതിരോധം.
മറുനാടന് മലയാളി ബ്യൂറോ