കൊല്ലം: മാതാ അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. 'വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട, സുധാമണി' എന്ന തലക്കെട്ടോടെയാണ് ജെയ്ന്‍ രാജ് തന്റെ ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയത്. ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തതിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ അമൃതാനന്ദമയിയെ ആദരിച്ചത്.


അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചായിരുന്നു ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഈ ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. മാതൃഭാഷയ്ക്ക് ശക്തമായ സന്ദേശമാണ് അമൃതാനന്ദമയി നല്‍കിയതെന്നാണ് ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത്.

ലോകമാകെ സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകാശം പരത്തുന്ന അമ്മ, കേരളത്തിലെ സംസ്‌കാരിക മൂല്യങ്ങളാണ് മാതൃഭാഷയായ മലയാളത്തിലൂടെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്തിയതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നില്‍ തെളിയിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞു. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് അമ്മ നല്‍കിയത് എന്നും മന്ത്രി പറഞ്ഞു. മലയാളഭാഷയുടെ മഹിമ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച അമ്മയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുകയാണ്. ഇത് കേവലം ഒരു ആദരമല്ല ഇതൊരു സാംസ്‌കാരികമായ ഉണര്‍വാണ് എന്നും സംസ്ഥാന മുഖ്യമന്ത്രി തന്റെ ആശംസയും ആദരവും ഇവിടെ അറിയിക്കുന്നു എന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

ലോകത്തിന്റെ പരിഛേദമായി അമൃതപുരി മാറിയെന്ന് ചടങ്ങില്‍ ആശംസ നേര്‍ന്നു കൊണ്ട് സംസാരിച്ച കരുനാഗപള്ളി എം.എല്‍ എ സി.ആര്‍ മഹേഷ് പറഞ്ഞു. മധുരമലയാളത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച അമ്മയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് തൃക്കാക്കര എം.എല്‍.എ. ഉമ തോമസ് വ്യക്തമാക്കി. മലയാള ഭാഷയ്ക്ക് രൂപവും ഭാവവും നല്‍കിയവരെ ആദരിക്കുന്നതായും ഈ പുരസ്‌കാരം മലയാളഭാഷയ്ക്ക് തന്നെ സമര്‍പ്പിക്കുന്നു എന്നും മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണം തന്റെ സന്ദേശത്തില്‍ അമ്മ പറഞ്ഞു.