ന്യൂഡല്‍ഹി: പി എം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ പാലമായെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയെന്നുമാണ് ബ്രിട്ടാസ് വ്യക്തമാക്കി.

കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതില്‍ സന്തോഷമേയുള്ളു എന്നും ബ്രിട്ടാസ് വിവരിച്ചു. ഞാന്‍ പലതവണ മന്ത്രിയെ കണ്ടിട്ടുണ്ട്, മധ്യസ്ഥം വഹിച്ചു എന്ന് മന്ത്രി പറഞ്ഞത് സത്യമാണ്. പക്ഷേ പി എം ശ്രീ കരാര്‍ ഒപ്പിടുന്നതില്‍ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ യഥേഷ്ടം ഫണ്ട് വാങ്ങിയിട്ട് കേരളത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാടാണ് പദ്ധതി അംഗീകരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങളുടെ നില ദുര്‍ബലമാക്കുന്നത് എന്ന് മന്ത്രി പറഞ്ഞെന്നും ബ്രിട്ടാസ് വിവരിച്ചു. പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കില്ല എന്ന നിലപാട് മാറ്റില്ല എന്ന സൂചനയാണ് കേന്ദ്ര മന്ത്രിയില്‍ നിന്നും ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. പി എം ശ്രീ പദ്ധതിയിലെ ഫണ്ട് കിട്ടാത്തത് കേരളത്തിന് നഷ്ടമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

തെലങ്കാന, രാജസ്ഥാന്‍, ഹിമാചല്‍ സര്‍ക്കാറുകള്‍ യഥേഷ്ടം പണം വാങ്ങിമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍ ഇരട്ടത്തപ്പ് കളിക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ച രാജസ്ഥാന്‍ സര്‍കാര്‍ 2022-23കാലയളവില്‍ ലഭിച്ചത് 2138കോടി രൂപ, 23-24 കാലയളവില്‍ 3202 കോടി രൂപ. തെലങ്കാന സര്‍ക്കാരും, ഹിമാചല്‍ സര്‍ക്കാരും വന്‍ തോതിലാണ് പണം വാങ്ങിയതെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

അതേസമയം കേരളത്തിന് ലഭിക്കാനുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ മന്ത്രിമാരുമായി നിരന്തരം കൂടിക്കാഴ്ച നടത്തുകയും, നിവേദനം നല്‍കുകയും ചെയ്യേണ്ടത് എംപിയെന്ന നിലയില്‍ തന്റെ കടമയെന്നും ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് രാജ്യസഭയില്‍ വെളിപ്പെടുത്തിയത്. സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്നും മന്ത്രി വെളിപ്പെടുത്തി.

കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സര്‍ക്കാരിലെ ആഭ്യന്തര തര്‍ക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞു.